സോഷ്യൽ മീഡിയയിൽ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന ബീനയും മനോജും അടുത്തിടെ പങ്കുവച്ച ഒരു മേക്കോവർ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ് ബീന ആന്റണിയും മനോജും. വർഷങ്ങളായി സീരിയൽ-സിനിമാ രംഗത്ത് സജീവമായി നിൽക്കുന്ന ഇരുവർക്കും വലിയ ആരാധകരാണ് ഇന്നുള്ളത്. സോഷ്യൽ മീഡിയയിൽ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന ബീനയും മനോജും അടുത്തിടെ പങ്കുവച്ച ഒരു മേക്കോവർ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
പ്രായമുള്ള ക്രിസ്ത്യൻ ദമ്പതിളുടെ വേഷത്തിലാണ് പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ഇങ്ങനെയും ഒരു കാലം ഉണ്ടല്ലോ അല്ലേ..'- എന്നാണ് ബീന ആന്റണി ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലെ മൌനരാഗത്തിലടക്കം നിരവധി പരമ്പരകളിൽ ബീന വേഷമിടുന്നുണ്ട്. നിരവധി സീരിയലുകളിൽ മനോജും വേഷമിട്ട് വരികയാണ്.
അടുത്തിടെയാണ് ബീന ആന്റണി കൊവിഡ് ബാധയിൽ നിന്ന് മുക്തയായി തിരിച്ചെത്തിയത്. കൊവിഡ് ബാധ ഗുരുതരമായതിന് പിന്നാലെ വീഡിയോയുമായി മനോജ് എത്തിയിരുന്നു. ബുദ്ധിമുട്ടുകളിൽ സഹായവുമായി എത്തിയത് അമ്മ സംഘടനയാണെന്നും താരങ്ങൾ വ്യക്തമാക്കിയിരുന്നു.
കൊവിഡ് മുക്തരായ ശേഷം വിശ്രമത്തിലായിരുന്ന ബീന വീണ്ടും അഭിനയരംഗത്ത് സജീവമാവുകയാണ്. 2003ലാണ് ബീനയും മനോജും വിവാഹിതരാകുന്നത്. ഇവർക്ക് ആരോമൽ എന്നൊരു മകനുമുണ്ട്. കുടുംബസമേതം ബിഗ് ബോസ് ആരാധകരായ താരങ്ങൾ, തന്റെ ഇഷ്ടതാരങ്ങൾക്ക് പിന്തുണയറിയിച്ചു ഷോ റിവ്യു ചെയ്തും എത്താറുണ്ടായിരുന്നു.