കാർ നിർത്തി പുറത്തിറങ്ങിയ മമ്മൂട്ടി അദ്ദേഹത്തിനടുത്തേക്ക് നീങ്ങുന്നതിനിടെ പാലത്തിന് സമീപം കിടക്കുന്ന ഒരാളെ ഇടയ്ക്ക് ഇടയ്ക്ക് വൃദ്ധൻ നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
മലയാളത്തിന്റെ അതുല്യനടനാണ് മമ്മൂട്ടി. അൻപത് വർഷത്തിലേറെയായി മലയാളികളെ ഒന്നാകെ ചിരിപ്പിക്കയും കരയിക്കുകയും അമ്പരപ്പിക്കയും ചെയ്യുന്ന മമ്മൂട്ടിയുടെ പല അനുഭവ കഥകളും മുൻപ് പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥയായിരുന്നു തന്നെ സഹായിച്ച മമ്മൂട്ടിക്ക് ഒരു വൃദ്ധൻ മുഷിഞ്ഞ രണ്ട് രൂപ നോട്ട് കൊടുത്തത്. ഈ അനുഭവകഥ അടുത്തിടെ ചില തമിഴ് മാധ്യമങ്ങളിൽ വന്നതോടെ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.
വർഷങ്ങൾക്ക് മുൻപ് മൾബറി പബ്ലിക്കേഷൻസിന്റെ ‘ഓർമ’ എന്ന പുസ്തകത്തിലാണ് ഈ അനുഭവ കഥ പ്രസിദ്ധീകരിച്ച് വന്നത്. "ഒരിക്കൽ ഞാൻ കോഴിക്കോട് നിന്നും മഞ്ചേരിയിലേക്ക് കാറ് ഓടിച്ച് വരികയാണ്. സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. റോഡ് മുഴുവൻ ക്ലിയർ ആയത് കൊണ്ട് നല്ല സ്പീഡിൽ ആയിരുന്നു ഞാൻ വണ്ടി ഓടിച്ചിരുന്നത്. പുതിയ കാർ ഓടിക്കുന്നതിന്റെ ത്രില്ലും ഒപ്പമുണ്ടായിരുന്നു. കാറൊരു ചെറിയ ജംഗ്ഷനിൽ എത്തിയപ്പോൾ ഒരു വൃദ്ധൻ പാലത്തിന്റെ സൈഡിൽ നിന്നും റോഡിലേക്ക് ഇറങ്ങി കൈകാണിച്ചു. അങ്ങനെയൊരാളെ ആ സമയത്ത് പ്രതീക്ഷിക്കുന്നതെയില്ല. പെട്ടെന്ന് ബ്രേക്ക് പിടിച്ച് വണ്ടി നിർത്തി", എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.
undefined
ഭാഗ്യം കൊണ്ട് വൃദ്ധന് പരിക്കൊന്നും പറ്റിയില്ല. കാർ നിർത്തി പുറത്തിറങ്ങിയ മമ്മൂട്ടി അദ്ദേഹത്തിനടുത്തേക്ക് നീങ്ങുന്നതിനിടെ പാലത്തിന് സമീപം കിടക്കുന്ന ഒരാളെ ഇടയ്ക്ക് ഇടയ്ക്ക് വൃദ്ധൻ നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഒരു യുവതിയായിരുന്നു അത്. "അവൾ ഗർഭിണിയാണ്, അവൾക്ക് പ്രസവവേദനയാണ്. ആശുപത്രിയിൽ കൊണ്ടുപോകാൻ എന്നെ സഹായിക്കാമോ, സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കും”, എന്ന് വൃദ്ധൻ മമ്മൂട്ടിയോട് പറഞ്ഞു. ഉടൻ തന്നെ നടൻ യുവതിയെ കാറിൽ കയറ്റുകയും ആശുപത്രിയിലേക്ക് തിരിക്കുകയും ചെയ്തു.
“ആ യുവതിയുടെ കരച്ചിൽ എനിക്ക് സഹിക്കാനാവുമായിരുന്നില്ല. വൃദ്ധന് 70 വയസ്സിന് മുകളിൽ പ്രായം കാണും. യുവതിയ്ക്ക് 20 വയസ്സ് മാത്രമേ കാണൂ. സംസാരിക്കുന്നതിനിടയിൽ യുവതി വൃദ്ധന്റെ ചെറുമകളാണെന്ന് മനസിലായി. കുറച്ച് കഴിഞ്ഞ് മഞ്ചേരി സർക്കാർ ആശുപത്രിയിൽ ഞങ്ങളെത്തി. വണ്ടിയുടെ ശബ്ദം കേട്ട് ആശുപത്രി ജീവനക്കാൻ ഓടിയെത്തി, യുവതിയെ ആശുപത്രിയ്ക്കുള്ളിൽ കൊണ്ടു പോകുകയും ചെയ്തു. ആ അരണ്ട വെളിച്ചത്തിൽ ആരും എന്നെ ശ്രദ്ധിച്ചില്ല. ഞാൻ പോകാനൊരുങ്ങുമ്പോൾ വുദ്ധൻ അടുത്ത് വന്ന് പറഞ്ഞു, 'വളരെ നന്ദി. ദൈവാനുഗ്രഹത്താൽ എല്ലാം നല്ലപോലെ ഭവിച്ചു. നിങ്ങളുടെ പേരെന്താണ്?’ ‘മമ്മൂട്ടി’, ഞാൻ മറുപടി കൊടുത്തു. പക്ഷേ അപ്പോഴും അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ല”, എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.
ശേഷം വൃദ്ധൻ തന്റെ മുണ്ടിന്റെ കെട്ടിൽ നിന്നും ഒരു കടലാസ് പൊതിയെടുത്ത് മമ്മൂട്ടിയുടെ കയ്യിൽ കൊടുത്തു. “ഇത് എൻ്റെ സന്തോഷമായി കാണൂ,” എന്നും പറഞ്ഞ് തിടുക്കപ്പെട്ട് ആശുപത്രിക്കുള്ളിലേക്ക് പോയി. മുഷിഞ്ഞ രണ്ട് രൂപ നോട്ടായിരുന്നു അത്. അയാൾ എന്തിനാണ് ആ കാശ് എനിക്ക് തന്നതെന്ന് ഇപ്പോഴും അറിയില്ല. രണ്ടു പേർക്കുള്ള ബസ് ചാർജിന് തുല്യമായ തുകയായിരിക്കാം അത്. ആ നേരം ഞാൻ എന്ന ഭാവവും നടൻ എന്ന ലേബലും എല്ലാം അദ്ദേഹത്തിന്റെ മുന്നിൽ വീണ് ഉടഞ്ഞുവെന്ന് മമ്മൂട്ടി പറഞ്ഞുവെന്ന് തമിഴ് മാധ്യമങ്ങൾ പറയുന്നു. പ്രതിഫലത്തിൻ്റെ യഥാർത്ഥ മൂല്യം കറൻസിയിൽ അല്ല, അത് നൽകുന്നവരുടെ സത്യസന്ധമായ ഹൃദയങ്ങളിലാണെന്ന പാഠം തന്നെ പഠിപ്പിച്ച ആ വൃദ്ധനും രണ്ട് രൂപാ നോട്ടും ഇന്നും താൻ ഓർക്കുന്നുവെന്ന് മമ്മൂട്ടി അനുഭവ കുറിപ്പിൽ പറഞ്ഞിരുന്നു.