'വീട്ടിലിരിക്കുന്ന പ്രേക്ഷകരെ മുതലെടുത്തതല്ല'; സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സ് സംവിധായകന്‍ എഴുതുന്നു

By Web Team  |  First Published Apr 8, 2020, 6:27 PM IST

'ലോക്ക് ഡൗണിന്‍റെ സമയത്ത് എല്ലാവരും വീട്ടിലിരിക്കുന്നത് മുതലെടുത്ത് സിനിമ ഇപ്പോള്‍ റിലീസ് ചെയ്‍തതൊന്നുമല്ല. യുട്യൂബ് റിലീസിന്‍റെ കാര്യം കുറച്ചു കാലമായി ഞങ്ങള്‍ ആലോചിക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൊക്കെ റിലീസിന് ശ്രമിച്ചിരുന്നു..' സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സ് സംവിധായകന്‍ ഗൗതം സൂര്യ, ലോക്ക് ഡൗണ്‍ ദിനങ്ങളെക്കുറിച്ച്


ലോക്ക് ഡൗണ്‍ വ്യക്തിപരമായി അത്ര ബാധിച്ചിട്ടില്ല. അടുത്ത സിനിമയ്ക്കുവേണ്ടിയുള്ള ആലോചനകളും എഴുത്തുമൊക്കെയായി വീട്ടിലായിരുന്നു ഞാന്‍. ഇപ്പോഴും അത് തുടരുന്നു. ദിനചര്യകളൊക്കെ പഴയതുപോലെ തന്നെ. ലോക്ക് ഡൗണ്‍ കാലത്ത് സംഭവിച്ച ഒരു പ്രധാന കാര്യം ഞങ്ങളുടെ സിനിമ സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സ് യുട്യൂബില്‍ റിലീസ് ചെയ്‍തു എന്നതാണ്. ആകെ അന്‍പതോളം സബ്സ്ക്രൈബേഴ്‍സ് മാത്രമുണ്ടായിരുന്ന ഞങ്ങളുടെ യുട്യൂബ് ചാനല്‍ വഴിയാണ് റിലീസ് ചെയ്‍തത്. അതിനാല്‍ വലിയ പ്രതികരണമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അങ്ങനെയല്ല സംഭവിച്ചത്. 2018 ഐഎഫ്എഫ്കെയില്‍ പ്രീമിയര്‍ ചെയ്‍ത ചിത്രത്തിന് തീയേറ്റര്‍ റിലീസ് ഉണ്ടായിരുന്നില്ല. യുട്യൂബിലൂടെ ചിത്രം ആദ്യമായി കാണുന്ന ഒരു നല്ല വിഭാഗം പ്രേക്ഷകരുണ്ട്. കുറേ മെസേജുകളൊക്കെ വരുന്നുണ്ട്. യുട്യൂബില്‍ വരുന്ന കമന്‍റുകള്‍ക്ക് മറുപടി നല്‍കലാണ് ഇപ്പോഴത്തെ ഒരു പ്രധാന പണി.

ലോക്ക് ഡൗണിന്‍റെ സമയത്ത് എല്ലാവരും വീട്ടിലിരിക്കുന്നത് മുതലെടുത്ത് സിനിമ ഇപ്പോള്‍ റിലീസ് ചെയ്‍തതൊന്നുമല്ല. യുട്യൂബ് റിലീസിന്‍റെ കാര്യം കുറച്ചു കാലമായി ഞങ്ങള്‍ ആലോചിക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൊക്കെ റിലീസിന് ശ്രമിച്ചിരുന്നു. അത്തരം പല ചര്‍ച്ചകളും ഒരു ഡീലിന് അടുത്തെത്തിയിരുന്നു. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും നടന്നില്ല. ഒന്നാമത് ഇന്‍ഡിപെന്‍ഡന്‍റ് സിനിമയാണ്, വലിയ താരങ്ങളില്ല, തീയേറ്റര്‍ റിലീസ് ഉണ്ടായില്ല,  മലയാളമാണ് ഭാഷ. പല പ്രധാന പ്ലാറ്റ്ഫോമുകളും ഇക്കാരണങ്ങള്‍ കൊണ് നഷ്ടപ്പെട്ടു. നെറ്റ്ഫ്ളിക്സ് ഒക്കെ തഴഞ്ഞത് സിനിമ മലയാളം ആയതുകൊണ്ടാണ്. ചെറിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ഒരുപാടുണ്ട്. അതില്‍ രണ്ടുമൂന്ന് കൂട്ടര്‍ സമീപിച്ചിരുന്നു. പക്ഷേ അവര്‍ക്ക് കൊടുത്താല്‍ സാമ്പത്തികമായ മെച്ചം ഉണ്ടാവുമെങ്കിലും സബ്സ്ക്രൈബേഴ്‍സ് കുറവായതിനാല്‍ സിനിമ കുറച്ചു പേരിലേ എത്തൂ. സാമ്പത്തിക മെച്ചം വേണോ അതോ കൂടുതല്‍ ആളുകള്‍ കാണണോ എന്ന കാര്യത്തില്‍ അവസാനം ഒരു തീരുമാനം എടുക്കുകയായിരുന്നു. ഓരോ പ്ലാറ്റ്ഫോമുകളുമായുള്ള ചര്‍ച്ചകള്‍ നടക്കാതെ പോകുമ്പോഴും യുട്യൂബിന്‍റെ കാര്യം ഞങ്ങള്‍ ആലോചിക്കുമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ലോക്ക് ഡൌണ്‍ വന്നത്. അത് വന്നതോടെ ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്ന ചില കമ്പനികളുടെയൊക്കെ ഓഫീസുകള്‍ അടച്ചു. ഇനി എപ്പോള്‍ തുറക്കുമെന്നും അറിയില്ല. കുറേക്കാലമായി ആലോചിച്ച കാര്യം അവസാനം ഒരു രണ്ടാഴ്ചകൊണ്ട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയായിരുന്നു.

Latest Videos

undefined

 

കൊറോണ വൈറസും അതേത്തുടര്‍ന്നുള്ള ലോക്ക് ഡൗണുമൊക്കെ എല്ലാവരെയും പോലെ എനിക്കും ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്. കുടുംബത്തിന്‍റെ ചുമതലകളൊന്നും ഇല്ലാത്തതുകൊണ്ട് ലോക്ക് ഡൗണ്‍ വ്യക്തിപരമായി എന്നില്‍ സൃഷ്‍ടിച്ച സമ്മര്‍ദ്ദം കുറവാണ്. പക്ഷേ ഈ മേഖലയിലുള്ള പലരുടെയും അവസ്ഥ അതായിരിക്കില്ല എന്നറിയാം. കൊവിഡ് ശരിക്കും നമ്മുടെയൊക്കെ ജീവിതത്തില്‍ ഏല്‍പ്പിക്കാന്‍ പോകുന്ന ആഘാതം എത്രയായിരിക്കുമെന്ന്, സാമ്പത്തികമായൊക്കെ എത്രത്തോളം ബാധിക്കുമെന്ന് നമുക്കിപ്പോള്‍ അറിയില്ലല്ലോ. ഇനിയെന്ത് എന്നത് ഒരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നുണ്ട്. ഒരുപാട് മനുഷ്യരുടെ ജീവിതം ഒരുപാട് മാറാന്‍ സാധ്യതയുണ്ട്. മൊത്തം ലോകത്തിന്‍റെ ഘടന തന്നെ ചിലപ്പോള്‍ വ്യത്യാസപ്പെട്ടേക്കാം. 

സിനിമാ മേഖലയില്‍ കൊവിഡ് എങ്ങനെയാണ് ഇടപെടാന്‍ പോവുക എന്നതും കാത്തിരുന്ന് കാണേണ്ട കാര്യമാണ്. അതേക്കുറിച്ച് ഞാന്‍ ആലോചിക്കാറുണ്ട്. എത്തരം സിനിമകള്‍ക്കാവും നിര്‍മ്മാതാക്കള്‍ ഇനി പണം മുടക്കുക, ചെറിയ ബജറ്റിലുള്ള സിനിമകള്‍ക്കാണോ ഇനി സാധ്യത അതോ മുടക്കുമുതല്‍ തിരിച്ചുപിടിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ ബജറ്റ് ഒരു പ്രശ്നമായിരിക്കില്ലേ, പരീക്ഷണ സിനിമകള്‍ക്കുള്ള ഇടം നഷ്ടപ്പെടുമോ, അതോ നേരെ തിരിച്ചാണോ സംഭവിക്കുക, ഒരു കോടിക്ക് താഴെ ബജറ്റുള്ള സിനിമകള്‍ കൂടുതലായി ഇറങ്ങുമോ ഇങ്ങനെയൊക്കെ ആലോചിക്കാറുണ്ട്. സിനിമാ മേഖലയെ സംബന്ധിച്ച് മുന്നിലുള്ള കാര്യങ്ങള്‍ അനിശ്ചിതമായാണ് തോന്നുന്നത്. സിനിമാ വ്യവസായം, തീയേറ്റര്‍ റിലീസ് അടക്കം പഴയ സ്ഥിതിയിലേക്ക് വരാന്‍ എന്തായാലും സമയമെടുക്കുമല്ലോ. 

പുതിയ സിനിമ മുഖ്യധാരയില്‍ നിന്ന് ചെയ്യണമെന്നാണ് ആഗ്രഹം. അതൊരു മാസ് എന്‍റര്‍ടെയ്‍നര്‍ സിനിമ ആവണമെന്നൊന്നുമില്ല. പക്ഷേ തീയേറ്റര്‍ റിലീസ് കിട്ടണം, സിനിമ അതര്‍ഹിക്കുന്ന പ്രേക്ഷകരിലേക്ക് തടസമില്ലാതെ എത്തണം എന്നൊക്കെ ആഗ്രഹമുണ്ട്. അതിനായുള്ള ശ്രമങ്ങളിലാണ്. ഒരു ഇന്‍ഡിപെന്‍ഡന്‍റ് സിനിമ ചെയ്യുന്നതുപോലെയല്ലല്ലോ മുഖ്യധാരയില്‍ സിനിമ ചെയ്യുന്നത്. ഒരു നിര്‍മ്മാതാവിനെ കണ്‍വിന്‍സ് ചെയ്യണം, അഭിനേതാക്കളെ കണ്‍വിന്‍സ് ചെയ്യിക്കണം.. അതിന് പിന്നാലെയാണ്. 

 

സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സ്

ഗൗതം സൂര്യ, സുദീപ് ഇളമണ്‍ എന്നീ നവാഗതര്‍ ചേര്‍ന്ന് സംവിധാനം ചെയ്‍ത മലയാളം ഇന്‍ഡിപെന്‍ഡന്‍ഡ് ചലച്ചിത്രം. വിവാഹിതരാവാകെ ഒരുമിച്ച് ജീവിക്കുന്ന ജെസി (സുദേവ് നായര്‍), മാനസ (ദേവകി രാജേന്ദ്രന്‍) എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍‌. ചില ദിവസങ്ങള്‍ തുടര്‍ച്ചയായി ഉറങ്ങാതെയിരുന്ന് നോക്കാമെന്ന മാനസയുടെ പ്ലാന്‍ നടപ്പാക്കുകയാണ് ഇരുവരും ചേര്‍ന്ന്. തുടര്‍ന്നുണ്ടാവുന്ന അപ്രതീക്ഷിതത്വങ്ങളിലാണ് ചിത്രത്തിന്‍റെ രസച്ചരട്. ഗൗതത്തിന്‍റേതായിരുന്നു ചിത്രത്തിന്‍റെ രചന. സുദീപ് ഛായാഗ്രഹണവും. 2018 ഐഎഫ്എഫ്കെയിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. സുദീപ് ഇളമണ്‍ ഇപ്പോള്‍ മലയാളത്തിലെ തിരക്കുള്ള യുവ ഛായാഗ്രാഹകനാണ്. പതിനെട്ടാം പടി, ഫൈനല്‍സ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം സുദീപ് ആയിരുന്നു.

click me!