കാസറ്റ് രൂപത്തിൽ മാത്രം ലഭ്യമായിരുന്ന ഈ ഡോക്യൂമെന്ററി അടുത്തിടെയാണ് ഡിജിറ്റലായി മാറ്റപ്പെട്ടത്
മലയാള സിനിമയുടെ നിത്യ ഹരിത നായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രേം നസീറിനെക്കുറിച്ചുള്ള ഒരു അപൂർവ ഡോക്യൂമെന്ററി കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പുറത്തുവന്നിരിക്കുകയാണ്. കാസറ്റ് രൂപത്തിൽ മാത്രം അപൂർവം പേരുടെ പക്കൽ ഉണ്ടായിരുന്ന പ്രസ്തുത ഡോക്യൂമെന്ററിയുടെ പ്രതി VHS പതിപ്പിൽ നിന്ന് ഡിജിറ്റൽ ആയി മാറ്റിയ ശേഷം സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുള്ളത് അതിന്റെ നിർമാതാക്കളായ ഓർബിറ്റ് വീഡിയോ വിഷൻ തന്നെയാണ്.
"മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ ശ്രീ.പത്മഭൂഷൺ "പ്രേം നസീർ" സാർ വിടവാങ്ങിയിട്ട് 16 January 2021-നു 32 വർഷം ഇദ്ദേഹത്തിനോടുള്ള ആദരസൂചകമായി 30 വർഷം മുൻപ് ചിത്രീകരിച്ച ഒരു ഡോക്യൂമെന്ററി യൂട്യൂബിൽ ആദ്യമായി #Orbit_Videovision അപ്‌ലോഡ് ചെയ്യുന്നു" എന്ന കാപ്ഷ്യനോടെയാണ് വീഡിയോ പങ്കുവെക്കപ്പെട്ടിട്ടുള്ളത്. ഈ ഹ്രസ്വചിത്രത്തിൽ മമ്മൂട്ടി, ശ്രീകുമാരൻ തമ്പി, യേശുദാസ്, കവിയൂർ പൊന്നമ്മ, ശാരദ, ജോസ് പ്രകാശ്, ബോബൻ കുഞ്ചാക്കോ, എം ഓ ജോസഫ്, ടികെ ബാലചന്ദ്രൻ, ശാരംഗപാണി, എന്നിവർ അനശ്വര നടൻ പ്രേം നസീറിനെക്കുറിച്ചുള്ള തങ്ങളുടെഓർമ്മകൾ പങ്കുവെക്കുന്നു. അധികം ആരും കണ്ടിട്ടില്ലാത്ത പ്രേം നസീറിന്റെ മകളെയും ഈ വിഡിയോയിൽ നമുക്കു കാണാം.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ദൂരദർശനുവേണ്ടി താൻ ചെയ്ത ഡോക്യൂമെന്ററി ആയിരുന്നു 'നിത്യ വസന്തം, നിത്യ വിസ്മയം' എന്ന് ദൂരദർശൻ തിരുവനന്തപുരം കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ബൈജു ചന്ദ്രൻ പറഞ്ഞു. ഈ ഡോക്യൂമെന്ററിക്ക് ശബ്ദം പകർന്നത്, അന്ന് ആകാശവാണിയിൽ അനൗൺസർ ആയിരുന്ന ഷീല രാജ് ആയിരുന്നു എന്നും അദ്ദേഹം ഓർത്തെടുത്തു.