'ഒരു ഹരിപ്പാടുകാരന്റെ കഥ', നിഖിൽ മാധവ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറാൻ രമേശ് ചെന്നിത്തല

By Nithya Robinson  |  First Published Jul 9, 2021, 12:36 PM IST

കൊവിഡ് കുറഞ്ഞ് ചിത്രീകരണത്തിന് അനുമതി ലഭിക്കുന്ന സാഹചര്യത്തില്‍ സിനിമ പൂര്‍ത്തിയാക്കും.


ഭിനയത്തിലും ഒരുകൈ നോക്കാൻ ഒരുങ്ങുകയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ഹരിപ്പാട് ഗ്രാമപഞ്ചായത്ത്' എന്ന ചിത്രത്തിലൂടെയാണ് രമേശ് ചെന്നിത്തലയുടെ അരങ്ങേറ്റം. നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എഎം ആരിഫ് എംപിയും പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റെജു കോശിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സിനിമയെ കുറിച്ചും ചിത്രീകരണത്തെ പറ്റിയും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് നിഖില്‍ സംസാരിക്കുന്നു.

 'ഹരിപ്പാട് ഗ്രാമപഞ്ചായത്തി'ന്റെ കഥ

Latest Videos

undefined

അക്കര ബാബു എന്ന് പറയുന്ന ഒരാൾ ഹരിപ്പാടുണ്ട്. ഇപ്പോൾ ജീവിച്ചിരിക്കുന്ന വ്യക്തിയാണ്. മുറുക്കാനൊക്കെ മുറുക്കി നാട്ടിൻ പുറത്ത് താമസിക്കുന്ന അക്കര ബാബു. അയാൾക്ക് നോട്ടിനേക്കാൾ താല്‍പര്യം ചില്ലറകളോടാണ്. ആരോ കൊടുത്ത ഒരു കാക്കി വേഷത്തിലാണ് അദ്ദേഹം എപ്പോഴും നടക്കുക. ഇദ്ദേഹത്തിന്റെ ജീവിതവും അതോടൊപ്പം തന്നെ ആ നാട്ടിൽ നടക്കുന്ന രാഷ്‍ട്രീയത്തലുണ്ടാകുന്ന കാര്യങ്ങളും തമാശ രൂപത്തിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഹരിപ്പാട് തന്നെയാണ് പ്രധാന ലൊക്കേഷൻ. അവിടെ നടക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകൾ, അക്കര ബാബുവിലൂടെ ചില കാര്യങ്ങൾ റിവീൽ ചെയ്യുന്നു.

ഒരു വർഷം മുന്നെ ഞങ്ങൾ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതാണ്. ചിത്രീകരണം ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോഴാണ് കൊവിഡ് വരുന്നത്. അതോടെ ഷൂട്ടിംഗ് നിർത്തിവച്ചു. ഇളവുകൾ വന്ന ശേഷം ഷൂട്ടിംഗ് തുടങ്ങിയെങ്കിലും കൊവിഡ് വീണ്ടും വന്നു. അഞ്ച് പാട്ടുകളാണ് സിനിമയിലുള്ളത്. അതിൽ ഒന്ന് റെക്കോർഡിംഗ് പൂർത്തിയായി. ഒരു ലിറിക്കൽ വീഡിയോ ചെയ്യാമെന്ന് കരുതിയാണ് ബാക്കിയുള്ള എലമെന്റെല്ലാം ചേർത്ത് പാട്ട് പുറത്തിറക്കിയത്. എംജി ശ്രീകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കൊവിഡ് കുറഞ്ഞ് ചിത്രീകരണത്തിന് അനുമതി ലഭിക്കുന്ന സാഹചര്യത്തില്‍ സിനിമ പൂര്‍ത്തിയാക്കും.

രമേശ് ചെന്നിത്തലയും എ എം ആരിഫും

സജി എന്ന ഞങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറുണ്ട്. സജിക്ക് അറിയാവുന്നവരുമായി ബന്ധപ്പെട്ടാണ് ഞാൻ രമേശ് ചെന്നിത്തലയിലേക്ക് എത്തിയത്. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി ഞങ്ങൾ സംസാരിക്കുകയും അവർ ഓക്കെ പറയുകയുമായിരുന്നു. രാഷ്‍ട്രീയക്കാരനായാണ് രമേശ് ചെന്നിത്തല ചിത്രത്തിൽ എത്തുന്നത്. അദ്ദേഹത്തിന് മൂന്ന് സീനുകളാണ് ചിത്രത്തിൽ ഉള്ളത്. വളരെ പ്രധാനപ്പെട്ട ഭാഗമാണ്. കുറച്ച് മുന്നെ ഷൂട്ടിംഗിന് വരാമെന്ന് അദ്ദേഹം പറഞ്ഞിരുന്നതാണ്. എന്നാൽ, കൊവിഡ് വന്നത് കാരണം അതിന് സാധിച്ചില്ല.

എഎം ആരീഫിന് കുറച്ചധികം റോളുകളുണ്ട് ചിത്രത്തിൽ. ലീഡ് ചെയ്യുന്ന കഥാപാത്രം തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നാട്ടുംപുറത്തെ രാഷ്‍ട്രീയ നേതാവാണ്. മിനിമം ഒരു പതിനഞ്ച് സീനൊക്കെ ഉണ്ടാകും.  ഒരു പാർട്ടിയെയും നെഗറ്റീവായി ചിത്രീകരിക്കാതെ തന്നെയാണ് ഞങ്ങൾ സിനിമ ചെയ്യുന്നത്. തമാശ രൂപത്തിലാണ് അവതരണം.

മറ്റ് അഭിനേതാക്കൾ

കോബ്രാ രാജേഷ് എന്ന ആർട്ടിസ്റ്റാണ് അക്കര ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അസ്‌കര്‍  സൗദാൻ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി , നീന കുറുപ്പ് ,ഭീമന്‍ രഘു , ബേസില്‍ മാത്യു പാലയ്ക്ക്ക്കപ്പള്ളി ,ബിജുകുട്ടന്‍, സുനില്‍ സുഗദ ,കോട്ടയം പ്രദീപ്, കോബ്രാ രാജേഷ് , ശിവജി ഗുരുവായൂര്‍ , അരിസ്റ്റോ സുരേഷ് ,ഷിയാസ് കരീം എന്നിവരാണ് മറ്റ് താരങ്ങൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!