ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്
രഞ്ജിത്തിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു 2001ല്‍ പ്രദര്‍ശനത്തിനെത്തിയ 'രാവണപ്രഭു'. സംവിധായകനായി ആദ്യചിത്രമെന്ന ആലോചന വന്നപ്പോള്‍ ഏഴ് വര്‍ഷം മുന്‍പ് തന്‍റെ രചനയില്‍ ഐ വി ശശി സംവിധാനം ചെയ്‍ത്, കള്‍ട്ട് പദവി തന്നെ നേടിയ 'ദേവാസുര'ത്തെ പൊടിതട്ടിയെടുക്കുകയായിരുന്നു രഞ്ജിത്ത്. 'ദേവാസുര'ത്തിലെ നായകനായ 'മംഗലശ്ശേരി നീലകണ്ഠനൊ'പ്പം മകന്‍ 'കാര്‍ത്തികേയനെ'ക്കൂടി അവതരിപ്പിച്ച ചിത്രത്തില്‍ നായകന്‍ കാര്‍ത്തികേയനായിരുന്നു. ഇരു കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് മോഹന്‍ലാലും.
undefined
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. തൊട്ടുമുന്‍പത്തെ വര്‍ഷം (2000) പ്രദര്‍ശനത്തിനെത്തിയ ഷാജി കൈലാസ് ചിത്രം 'നരസിംഹ'മാണ് ഈ ബാനറിന്‍റെ നിര്‍മ്മാണത്തിലെത്തിയ ആദ്യചിത്രം. രഞ്ജിത്തിന്‍റെയും ആശിര്‍വാദ് സിനിമാസിന്‍റെയും പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള വിജയമായിമാറി 'രാവണപ്രഭു'. അക്കാലത്തെ ബി ക്ലാസ് സെന്‍ററുകളിലും റിലീസ് ചെയ്യപ്പെട്ട ചിത്രം തിയറ്ററുകളില്‍ ആഘോഷമായിമാറി. ആദ്യദിനങ്ങളില്‍ തന്നെ വന്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ടിക്കറ്റ് കൗണ്ടറുകളുടെ മുന്നില്‍ സിനിമാപ്രേമികളുടെ നീണ്ട നിര രൂപപ്പെട്ടു. റിപ്പീറ്റ് വാച്ച് ഏറെയുണ്ടായ ചിത്രവുമായിരുന്നു രാവണപ്രഭു.
ഇപ്പോഴിതാ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്ന് റിലീസിന്‍റെ 20-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. 2001 ഓഗസ്റ്റ് 31നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ആശിര്‍വാദ് സിനിമാസും ഒപ്പം നിരവധി യുട്യൂബ് ചാനലുകളും റിലീസ് വാര്‍ഷികം പ്രമാണിച്ച് സ്പെഷല്‍ മാഷപ്പ് വീഡിയോകള്‍ പുറത്തിറക്കിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona