കോടി ക്ലബ്ബുകളിലേക്ക് മലയാള സിനിമയുടെ കൈപിടിച്ച മോഹന്‍ലാല്‍

By Web Team  |  First Published May 21, 2020, 12:43 PM IST

ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള മാറ്റത്തിനൊപ്പം എത്തിയ പ്രതിഭാധനരായ യുവാക്കളുടെ സംഘം മലയാള സിനിമയില്‍ മാറ്റത്തിന് തുടക്കമിട്ട കാലമായിരുന്നു 2010കളുടെ തുടക്കം. അതിനൊപ്പം പ്രേക്ഷകരുടെ അഭിരുചികളിലും വ്യത്യാസങ്ങളുണ്ടായ കാലം. തീയേറ്ററുകള്‍ സാങ്കേതികമായി മെച്ചപ്പെടുത്താന്‍ ഉടമകള്‍ കാര്യമായി പണം ഇറക്കിത്തുടങ്ങിയ കാലം. കാര്യങ്ങളൊക്കെ ശുഭസൂചകങ്ങളായിരുന്നുവെങ്കിലും ബമ്പര്‍ ഹിറ്റ് എന്ന് വിളിക്കാവുന്ന ഒരു സിനിമ മലയാളത്തില്‍ സംഭവിച്ചിട്ട് ഏറെക്കാലമായിരുന്നു..


മോഹന്‍ലാല്‍ എന്ന താരത്തിന്‍റെ ജനപ്രീതിയെക്കുറിച്ച് ഇൻഡസ്ട്രിയില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു ഉദാഹരണമുണ്ട്. ഒരു മോഹന്‍ലാല്‍ ചിത്രം ഹിറ്റ് ആയാല്‍ തീയേറ്ററിന് പുറത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന ആള്‍ക്കുപോലും അതിന്‍റെ ലാഭവിഹിതം ലഭിക്കും എന്നതാണ് അത്. ഒറ്റക്കേള്‍വിയില്‍ ഏതോ മോഹന്‍ലാല്‍ ആരാധകന്‍ സൃഷ്ടിച്ച അതിശയോക്തിയെന്ന് തോന്നാമെങ്കിലും മോഹന്‍ലാല്‍ എന്ന താരത്തിനുള്ള ജനപ്രീതി മറ്റ് ഒരു മലയാള നടനും അവകാശപ്പെടാനില്ലെന്നതാണ് വസ്തുതയെന്ന് കണക്കുകള്‍ പറയും. തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച എണ്ണം നോക്കി വിജയത്തിന്‍റെ തോത് വിലയിരുത്തിയ കാലത്തുനിന്നും മലയാളസിനിമ കോടി ക്ലബ്ബുകളിലേക്ക് പ്രവേശിച്ചപ്പോഴും മാറ്റത്തിന്‍റെ വിളക്കേന്തിയത് മോഹന്‍ലാല്‍ ആയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മലയാളത്തില്‍ സംഭവിച്ച മൂന്ന് പ്രധാന ഇന്‍ഡസ്ട്രി ഹിറ്റുകളിലും നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു.

Latest Videos

undefined

 

ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള മാറ്റത്തിനൊപ്പം എത്തിയ പ്രതിഭാധനരായ യുവാക്കളുടെ സംഘം മലയാള സിനിമയില്‍ മാറ്റത്തിന് തുടക്കമിട്ട കാലമായിരുന്നു 2010കളുടെ തുടക്കം. അതിനൊപ്പം പ്രേക്ഷകരുടെ അഭിരുചികളിലും വ്യത്യാസങ്ങളുണ്ടായ കാലം. തീയേറ്ററുകള്‍ സാങ്കേതികമായി മെച്ചപ്പെടുത്താന്‍ ഉടമകള്‍ കാര്യമായി പണം ഇറക്കിത്തുടങ്ങിയ കാലം. കാര്യങ്ങളൊക്കെ ശുഭസൂചകങ്ങളായിരുന്നുവെങ്കിലും ബമ്പര്‍ ഹിറ്റ് എന്ന് വിളിക്കാവുന്ന ഒരു സിനിമ മലയാളത്തില്‍ സംഭവിച്ചിട്ട് ഏറെക്കാലമായിരുന്നു. വ്യവസായത്തെ അടിമുടി ഉണര്‍ത്താന്‍ കെല്‍പ്പുള്ള  അത്തരമൊരു വിജയത്തിനായി മലയാളസിനിമാലോകം ഏറെ ആഗ്രഹിച്ച കാലത്താണ് ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ദൃശ്യം എത്തുന്നത്. 2013ലെ ക്രിസ്‍മസ് റിലീസായി എത്തിയ സിനിമ ഒരു വ്യവസായം എന്ന നിലയില്‍ മലയാളസിനിമയ്ക്ക് ഒരു വലിയ ഇടവേളയ്ക്കു ശേഷം ആത്മവിശ്വാസം പകര്‍ന്ന ചിത്രമായി മാറി. സസ്പെന്‍സ് ഒളിപ്പിച്ചുവെച്ച് വലിയ പരസ്യപ്രചരണമൊന്നുമില്ലാതെ എത്തിയ ചിത്രം പതിയെ തീയേറ്ററുകള്‍ പിടിച്ചു. സാങ്കേതികമായി നവീകരിക്കപ്പെട്ട കേരളത്തിലെ തീയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെ വീണ്ടുമെത്തിച്ച ചിത്രമായിരുന്നു ദൃശ്യം.

മൂന്ന് വര്‍ഷത്തിനിപ്പുറം മറ്റൊരു മോഹന്‍ലാല്‍ ചിത്രം അടുത്തൊരു നാഴികക്കല്ല് സ്വന്തമാക്കി. ബോളിവുഡിലും തെലുങ്കിലും തമിഴിലുമൊക്കെ മാത്രം കേട്ടിരുന്ന 150 കോടി ക്ലബ്ബ് എന്ന ബോക്സ് ഓഫീസ് വിജയത്തിലേക്ക് ആദ്യമായെത്തിയ മലയാളസിനിമ. വൈശാഖിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പുലിമുരുകന്‍ ആയിരുന്നു ചിത്രം. ദീര്‍ഘകാലത്തെ പ്രൊഡക്ഷന് ശേഷമെത്തിയ ചിത്രം സംവിധായകനോ നിര്‍മ്മാതാവോ പ്രതീക്ഷിച്ചതിന്‍റെ അപ്പുറത്തേക്ക് നീങ്ങി. 50 കോടി, 100 കോടി എന്നൊക്കെയുള്ള സംഖ്യകള്‍ പോസ്റ്ററുകളിലേക്ക് ആത്മവിശ്വാസത്തോടെ ആദ്യമായി ചേര്‍ത്ത ചിത്രവും പുലിമുരുകനാണ്. അതില്‍ സംശയം പ്രകടിപ്പിച്ച പ്രേക്ഷകര്‍ ഇല്ലായിരുന്നുതന്നെ. കാരണം അത്രയും വിസിബിള്‍ ആയിരുന്നു ചിത്രം നേടിയ ജനപ്രീതി. നഗര, ഗ്രാമ വ്യത്യാസമില്ലാതെ റിലീസ് ചെയ്ത് ഒന്നര മാസത്തിന് ശേഷവും തീയേറ്ററുകള്‍ക്കു മുന്നില്‍ പ്രേക്ഷകരുടെ നീണ്ട ക്യൂ കാണാമായിരുന്നു. പില്‍ക്കാല മലയാള സിനിമയുടെ കാന്‍വാസ് വികസിപ്പിച്ചതില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ചിത്രമായി പുലിമുരുകന്‍ മാറി.

 

മലയാള സിനിമയുടെ വിപണി വികസിപ്പിച്ചതില്‍ പുലിമുരുകന്‍റെ തുടര്‍ച്ചയാണ് മൂന്ന് വര്‍ഷത്തിന് ശേഷമെത്തിയ ലൂസിഫര്‍. മലയാള സിനിമയ്ക്ക് എത്ര വളരാം എന്നത് ഉദാഹരണസഹിതം വിശദീകരിച്ച ചിത്രം. ഓവര്‍സീസ് റൈറ്റ്സ് എന്നത് ഗള്‍ഫ് വിതരണാവകാശം മാത്രമായിരുന്ന കാലത്തുനിന്ന് മാറിയിരുന്നെങ്കിലും മലയാളി സാന്നിധ്യമുള്ള പല വിദേശ രാജ്യങ്ങളിലും മലയാള സിനിമാ റിലീസുകള്‍ അന്യമായിരുന്നു. പക്ഷേ അത്തരം പല മാര്‍ക്കറ്റുകളിലേക്കും ലൂസിഫര്‍ കടന്നുകയറി. ഡിജിറ്റല്‍ റൈറ്റ്സിലും ചിത്രം നേട്ടമുണ്ടാക്കി. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നിലയ്ക്ക് റിലീസിന് മുന്‍പേ ഉണ്ടായിരുന്ന യുഎസ്‍പിയെ കാലം ആവശ്യപ്പെടുന്ന തരത്തില്‍ മാര്‍ക്കറ്റ് ചെയ്തതിന്‍റെ വിജയമായിരുന്നു ലൂസിഫര്‍ നേടിയത്. ഫലം മലയാള സിനിമ ആദ്യമായി 200 കോടി ക്ലബ്ബില്‍!

 

വാണിജ്യപരമായി മലയാളസിനിമയുടെ ചക്രവാളങ്ങള്‍ ഇനിയും വികസിപ്പിക്കാന്‍ സാധ്യതയുള്ള ചിത്രങ്ങള്‍ മോഹന്‍ലാലിന്‍റേതായി ഇനിയും പുറത്തുവരാനുണ്ട്. 100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ മാര്‍ച്ച് 26ന് തീയേറ്ററുകളിലെത്തേണ്ട ചിത്രമായിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നിലവില്‍ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ രണ്ടാംഭാഗമായ എമ്പുരാനും മോഹന്‍ലാല്‍ സംവിധാനം ചെയ്യാനിരിക്കുന്ന ബറോസുമൊക്കെ വരാനിരിക്കുന്ന നാഴികക്കല്ലുകളാകുമെന്ന് പ്രതീക്ഷിക്കാം. 

click me!