'അതിന് സിബി പരിഹാരം കാണും', മോഹന്‍ലാല്‍ പറഞ്ഞു; 'ദേവദൂതന്‍' ഉണ്ടായ കഥ

By Nirmal SudhakaranFirst Published Jul 25, 2024, 8:06 PM IST
Highlights

ഒന്നര കോടിയെന്ന, അക്കാലത്തെ ഉയർന്ന ബജറ്റിൽ ഒരുങ്ങിയ ചിത്രമാണ് ദേവദൂതൻ. അതുവരെയുള്ള കരിയറിൽ സിബി മലയിൽ ഏറ്റവുമധികം ദിവസം ചിത്രീകരിച്ച സിനിമയും ഇതുതന്നെ

"നല്ല കഥയാണല്ലോ, ഞാൻ ചെയ്യാം"- സിയാദ് കോക്കറിനോട് മോഹൻലാൽ ഇത് പറഞ്ഞതിൽ നിന്ന് പിന്നോട്ടും മുന്നോട്ടുമായി 42 വർഷം സഞ്ചരിച്ച സിനിമയാണ് ദേവദൂതൻ. കിരീടവും ഭരതവും ഹിസ് ഹൈനസ് അബ്ദുള്ളയും തുടങ്ങി മലയാളികൾ നെഞ്ചോട് ചേർത്ത നിരവധി ചിത്രങ്ങൾ ഒരുക്കിയ സിബി മലയിൽ പക്ഷേ ഏറ്റവും അധ്വാനിച്ചത് ഈ സിനിമയ്ക്കുവേണ്ടിയാണ്. എന്നാൽ സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്തും ആദ്യ ദിനം തന്നെ ചിത്രം വീണു. വമ്പൻ പരാജയം. പിൽക്കാലത്ത് ടെലിവിഷനിലൂടെയും ഓൺലൈനിലൂടെയും ചിത്രം കണ്ട മറ്റൊരു തലമുറ ഈ ചിത്രം കണ്ട് വിസ്മയിച്ചു. റിലീസ് സമയത്ത് എന്തുകൊണ്ട് ഇത് അമ്പേ തിരസ്കരിക്കപ്പെട്ടുവെന്ന് സിനിമാഗ്രൂപ്പുകളിൽ ചർച്ച ഉയർന്നു. ഒരിക്കൽക്കൂടി ബിഗ് സ്ക്രീനിൽ കാണാനുള്ള ആഗ്രഹം അവരിൽ പലരും പങ്കുവച്ചു. ആ തലമുറയുടെ പ്രതിനിധികൾ തന്നെയാണ് ഇപ്പോഴത്തെ റീ റിലീസിന് പിന്നിലും. നിർമ്മാതാവ് സിയാദ് കോക്കറിൻറെ മകളും സുഹൃത്തുക്കളും ചേർന്ന് തുടങ്ങിവച്ച പ്രോജക്റ്റിലേക്ക് സിബി മലയിൽ അടക്കമുള്ളവർ എത്തുകയായിരുന്നു. ആദ്യ ചിന്ത മുതൽ റീ റിലീസ് വരെയായി 42 വർഷത്തെ ചരിത്രമുള്ള ദേവദൂതൻറെ നിർമ്മാണം അത് പറയുന്ന വിഷയം പോലെതന്നെ വേറിട്ടുനിൽക്കുന്നു.

ജോസ് പറഞ്ഞ കഥ

Latest Videos

എൺപതുകളുടെ ആരംഭം. പ്രിയദർശൻ, ഫാസിൽ തുടങ്ങിയവരെപ്പോലെ നവോദയ സ്റ്റുഡിയോയിൽ നിന്ന് സിനിമയുടെ സാങ്കേതികത അഭ്യസിച്ച ആളാണ് സിബി മലയിലും. നവോദയുടെ പ്രോഡക്റ്റുകളായ ഫാസിലും ജിജോ പുന്നൂസുമൊക്കെ തങ്ങളുടെ ആദ്യ ചിത്രങ്ങളുമായി എത്തി പ്രേക്ഷകരുടെ കൈയടി നേടിക്കഴിഞ്ഞു. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പടയോട്ടവുമായിരുന്നു ആ ചിത്രങ്ങൾ. ഈ രണ്ട് ചിത്രങ്ങളുടെയും അസോസിയേറ്റ് ആയിരുന്ന സിബിയുടേതായിരുന്നു അടുത്ത ഊഴം. അതിനുവേണ്ടി പല കഥകളും ആലോചിക്കവെ ദേവദൂതനിലേക്കുള്ള ആദ്യ സ്പാർക്കിന് വഴിവച്ചത് ജിജോയുടെ അനുജൻ ജോസ് പറഞ്ഞ ഒരു ഐഡിയ ആയിരുന്നു. ഒരു അസ്ഥികൂടവും ഒരു കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് ജോസ് പറഞ്ഞത്. ജോസ് റീഡേഴ്സ് ഡൈജസ്റ്റിലോ മറ്റോ വായിച്ച സംഗതി ആയിരുന്നു അത്. ഇത് ചെയ്താലോ എന്ന് ജിജോ ചോദിച്ചതോടെ ആരെഴുതും എന്നതായി അടുത്ത അന്വേഷണം. പത്മരാജനെയായിരുന്നു സിബിയും സംഘവും ആദ്യം ആലോചിച്ചത്. എന്നാൽ പത്മരാജൻ മറ്റ് തിരക്കുകളിലായിരുന്നു. എഴുത്തുകാർക്കുവേണ്ടി നവോദയ തന്നെ നടത്തിയ ഒരു ടാലൻറ് ഹണ്ടിലൂടെ ശ്രദ്ധ നേടിയ രഘുനാഥ് പലേരിയിലേക്ക് അന്വേഷണം നീണ്ടു. ആശയം കേട്ട രഘുനാഥ് പലേരി കൈകൊടുക്കുന്നു. 1982- 83 കാലത്ത് ആലപ്പുഴയിലെ ഹോട്ടലിൽ ഒരു വർഷത്തോളം ഇരുന്ന് രഘുനാഥും സിബിയും ചേർന്ന് തിരക്കഥ പൂർത്തിയാക്കുന്നു.

 

'പപ്പ'യുടെ റെഡ് സിഗ്നൽ

നവോദയ സ്റ്റുഡിയോസ് അന്ന് കത്തിനിൽക്കുന്ന കാലമാണ്. ഒന്നിന് പിന്നാലെ ഒന്നെന്ന നിലയിൽ ശ്രദ്ധേയ ചിത്രങ്ങൾ. പൂർത്തിയായ തിരക്കഥ പപ്പയെക്കൂടി (നവോദയ അപ്പച്ചനെ അങ്ങനെയാണ് സിബിയും പ്രിയനുമൊക്കെ വിളിച്ചിരുന്നത്) കാട്ടി സമ്മതം വാങ്ങിയാൽ പ്രോജക്റ്റ് ഓൺ ആണ്. അപ്പച്ചനെ കാണാനായി ജിജോയ്ക്കൊപ്പം മദ്രാസിലെത്തിയ സിബി മൂന്ന് ദിവസത്തോളം നവോദയയുടെ തന്നെ ഗസ്റ്റ് ഹൗസിൽ താമസിച്ചു. എന്നാൽ അപ്പച്ചനെ കാണാൻ കഴിയുന്നില്ല. മറ്റൊരിക്കൽ കാണാമെന്ന് ജിജോ പറഞ്ഞതോടെ സിബി മലയിൽ തിരിച്ച് നാട്ടിലേക്ക് എത്തുന്നു. പതിയെ സിബി മലയിൽ തിരിച്ചറിയുന്നു, തൻറെ സ്വപ്നം നടക്കാൻ പോകുന്നില്ല. തൻറെയും രഘുവിൻറെയും ഒരു കൊല്ലത്തെ അധ്വാനം പാഴാവുകയാണ്. നവോദയയുടെ അടുത്ത സംവിധായകനെന്ന് നാടും വീടുമൊക്കെ സിബിയെ പ്രതീക്ഷയോടെ കണ്ടിരുന്ന കാലമാണ്. ഇനി എങ്ങനെ അവരെയൊക്കെ അഭിമുഖീകരിക്കും? ഇനി സിനിമയിലേക്കില്ലെന്ന് തീരുമാനിച്ച് വിഷാദത്തിലേക്ക് നടക്കുകയായിരുന്നു സിബി.

'വെറൈറ്റി സബ്ജക്റ്റ്'

വർഷം 1999. ഡിഫറൻറ് ആയ ഒരു സിനിമ ചെയ്താലോ എന്ന് നിർമ്മാതാവ് സിയാദ് കോക്കർ സിബി മലയിലിനോട് ചോദിക്കുന്നു. മുത്താരംകുന്ന് പിഒ മുതൽ ഉസ്താദ് വരെ മലയാളികൾ ഏറ്റെടുത്ത 32 സിനിമകൾ സിബി മലയിൽ അക്കാലം കൊണ്ട് സംവിധാനം ചെയ്തിരുന്നു. ആദ്യ സിനിമയായി ചെയ്യാനിരുന്ന ഒരു സിനിമയുടണ്ടെന്ന് സിബി പറയുന്നു. സിയാദിന് അത് ഇഷ്ടമാവുന്നു. എന്നാൽ നിർമ്മാതാവും സംവിധായകനുമായുള്ള ഡിസ്കഷനിൽ കഥയുടെ ആത്മാംശം നിലനിർത്തിക്കൊണ്ടുതന്നെ അതിൻറെ പശ്ചാത്തലം മാറ്റാൻ തീരുമാനിക്കുന്നു. 17 വർഷം മുൻപ് എഴുതിയ തിരക്കഥയിൽ ഒരു ഏഴ് വയസുകാരൻ കുട്ടിയായിരുന്നു കേന്ദ്ര കഥാപാത്രമെങ്കിൽ പുതിയ ചർച്ചയിൽ ഒരു കോളെജ് വിദ്യാർഥിയെ ആ സ്ഥാനത്ത് കൊണ്ടുവരാൻ തീരുമാനിക്കുന്നു. ഒരു ക്യാമ്പസ് ലവ് സ്റ്റോറിയുടെ പശ്ചാത്തലത്തിൽ കഥ അവതരിപ്പിക്കാനും. കേന്ദ്ര കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്നായി അടുത്ത അന്വേഷണം. അത് മാധവനിൽ എത്തിനിൽക്കുന്നു. എന്നാൽ സിബിയും സംഘവും എത്തുന്നതിന് മുൻപേ അലൈ പായുതേയ്ക്കുവേണ്ടി മണി രത്നം മാധവനെ സമീപിക്കുന്നു.

 

മോഹൻലാൽ ഇൻ

ആ സമയത്താണ് സിയാദ് കോക്കറിൽ നിന്ന് മോഹൻലാൽ ഈ കഥ യാദൃശ്ചികമായി കേൾക്കുന്നത്. ഇത് നല്ല കഥയാണല്ലോ എന്നും താൻ ചെയ്യാമെന്നും മോഹൻലാലിൻറെ വാക്ക്. ഒരു കോളെജ് വിദ്യാർഥിയായി മോഹൻലാൽ വന്നാൽ ശരിയാവുമോയെന്ന സംശയം സിയാദ് അപ്പോൾത്തന്നെ അവതരിപ്പിക്കുന്നു. സിബി അതിന് പരിഹാരം കാണുമെന്നായിരുന്നു മോഹൻലാലിൻറെ ചിന്ത. എന്നാൽ മോഹൻലാലിൻറെ വാക്ക് സിബിയിൽ ആവേശമൊന്നും ഉണ്ടാക്കിയില്ല. എന്നാൽ സിയാദ് കോക്കറുമായി പിന്നീട് നടന്ന ചർച്ചകളിൽ മോഹൻലാലിനുവേണ്ടി തിരക്കഥയിൽ അഴിച്ചുപണികൾ നടത്താൻ സിബി മലയിൽ തീരുമാനിക്കുന്നു. തിരക്കഥയിൽ അപ്പോൾ ഉണ്ടായിരുന്ന ക്യാമ്പസ് പശ്ചാത്തലം മാറ്റാതെ കേന്ദ്ര കഥാപാത്രത്തെ അതേ കോളെജിലെ പൂർവ്വ വിദ്യാർഥിയാക്കുന്നു. അങ്ങനെ മോഹൻലാൽ വിശാൽ കൃഷ്ണമൂർത്തിയാവുന്നു.

മീശ പിരിക്കുന്ന നായകൻ

മോഹൻലാൽ എത്തിയാൽ ഈ സിനിമ വർക്ക് ആവുമോ എന്ന സിബി മലയിലിൻറെ സംശയത്തിൽ കാര്യമുണ്ടായിരുന്നു. മോഹൻലാലിൻറെ അതിമാനുഷ നായകന്മാർ തിയറ്ററുകളിൽ തരംഗം തീർക്കുന്ന കാലമായിരുന്നു. ദേവദൂതൻ എത്തിയ 2000 ൽ മോഹൻലാലിൻറെ ആദ്യ റിലീസ് ആയി എത്തിയ ചിത്രം ഷാജി കൈലാസ്- രഞ്ജിത്ത് ടീമിന്റെ നരസിംഹം ആയിരുന്നു. നായക സങ്കൽപങ്ങളുടെ പൂർണ്ണതയെന്ന ടാഗ് ലൈനിൽ എത്തിയ ചിത്രം മോഹൻലാലിൻറെ മാസ് നായക പരിവേഷത്തെ അതിൻറെ മാക്സിമത്തിൽ വിൽക്കാൻ ഉദ്ദേശിച്ചുള്ള ചിത്രമായിരുന്നു. സിബി മലയിലിൻറെ തന്നെ അതിന് തൊട്ടുമുൻപെത്തിയ മോഹൻലാൽ ചിത്രം ഉസ്താദ് ആയിരുന്നു. സാഹചര്യം അതായിരിക്കെ മൃദുഭാവങ്ങളുള്ള ഒരു സംഗീതജ്ഞനായി ലാൽ എത്തിയാൽ കാണികൾ സ്വീകരിക്കുമോ എന്നായിരുന്നു സിബിയുടെ സംശയം. മോഹൻലാൽ ആരാധകരെക്കൂടി മനസിൽ കണ്ട് ചില്ലറ കോമഡി, ഫൈറ്റ് രംഗങ്ങളൊക്കെ മനസ്സില്ലാതെയെങ്കിലും സിബി മലയിൽ ഉൾപ്പെടുത്തി.

 

വിദ്യാസാഗർ മാജിക്

ദേവദൂതനെക്കുറിച്ച് ഓർക്കുമ്പോൾ പലരുടെയും മനസിലേക്ക് ആദ്യമെത്തുന്നത് അതിൻറെ സംഗീതമായിരിക്കും. കേന്ദ്ര കഥാപാത്രം സംഗീതജ്ഞനാവുന്ന ചിത്രത്തിലെ സംഗീതത്തിന് ഏറെ പ്രാധാന്യം വേണമെന്നുണ്ടായിരുന്നു സിബിക്ക്. അതിന് മുൻപ് പല ചിത്രങ്ങളിലും വർക്ക് ചെയ്തിട്ടുള്ള, മികച്ച റാപ്പോയുള്ള വിദ്യാസാഗർ അല്ലാതെ മറ്റൊരാളെ അതിനായി ആലോചിച്ചതേയില്ല അദ്ദേഹം. നൊട്ടേഷൻ എഴുതാനായി വിദ്യാസാഗർ ഒരു മാസമെടുത്ത ഗാനവും അര മണിക്കൂർ കൊണ്ട് ചിട്ടപ്പെടുത്തിയ ഗാനവും ചിത്രത്തിലുണ്ട്. ത്യാഗരാജ സ്വാമികളുടെ എന്തരോ മഹാനുഭാവുലുവിൻറെ പുനരവതരണത്തിനാണ് ഒരു മാസം മുറിയടച്ചിരുന്ന് വിദ്യാജി പണിയെടുത്തത്. അതേസമയം കരളേ എൻ കൈ പിടിച്ചാലെന്ന ഗാനം അര മണിക്കൂറിലും ചിട്ടപ്പെടുത്തി.

വിദ്യാജിയെക്കൂടാതെ പ്രഗത്ഭരുടെ ഒരു നിരയും ചിത്രത്തിൽ ഉണ്ടായിരുന്നു. ആദ്യ സിനിമയായി സ്വപ്നം കണ്ട ചിത്രം ദേവദൂതനായി പുറത്തുവരുമ്പോൾ കാണികൾക്ക് മികച്ച ഓഡിയോ വിഷ്വൽ എക്സ്പീരിയൻസ് നൽകണമെന്ന് സിബി മലയിലിന് നിർബന്ധമായിരുന്നു. സന്തോഷ് തുണ്ടിയിലിൻറെ ഛായാഗ്രഹണം ഫിലിമിൽ എഴുതിയ കവിതയായിരുന്നു. ടെക്നോളജിയുടെ അപര്യാപ്തത ഉണ്ടായിരുന്ന കാലത്ത് എഫക്റ്റ്സ് എല്ലാം നേരിട്ട് സൃഷ്ടിക്കുകയായിരുന്നു പ്രൊഡക്ഷൻ ടീം. എങ്ങനെ സൃഷ്ടിച്ചുവെന്ന് ഇന്നും അത്ഭുതം തോന്നുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്. മുത്തുരാജ് ആയിരുന്നു ചിത്രത്തിൻറെ കലാസംവിധായകൻ. എ ആർ റഹ്‍മാൻറെ ഫേവറൈറ്റ് റെക്കോർഡിസ്റ്റ് എച്ച് ശ്രീധർ ആണ് ചിത്രത്തിൻറെ ഫൈനൽ മിക്സിംഗ് നിർവ്വഹിച്ചത്. ഇതിൻറെയെല്ലാം ഗുണമാണ് പിന്നീടുവന്ന തലമുറയുടെയും ശ്രദ്ധ നേടുന്ന ചിത്രമായി ദേവദൂതനെ മാറ്റിയത്.

 

റിലീസ് ഡേ

അങ്ങനെ ചിത്രത്തിൻറെ റിലീസ് ദിനം വരുന്നു. അതിന് മുൻപ് ചെന്നൈയിൽ നടത്തിയ പ്രിവ്യൂ ഷോയിൽ രഞ്ജിത്തും ഭദ്രനും അടക്കമുള്ളവർ ചിത്രം കണ്ടിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്തതരം സിനിമയെന്ന് ഏറെ ആവേശത്തോടെയാണ് രഞ്ജിത്ത് പ്രതികരിച്ചത്. സുഹൃത്തുക്കൾ തന്ന നല്ല വാക്കുകളുടെ കോൺഫിഡൻസിൽ ആയിരുന്നു സിബി. 2000 ലെ ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മറ്റേതോ സിനിമയുടെ ലൊക്കേഷനിൽ നിന്ന് അന്ന് മോഹൻലാലിൻറെ കോൾ സിബിയെ തേടിയെത്തി. എങ്ങനെയുണ്ട്?- ഇൻറർവെൽ വരെയുള്ള റിപ്പോർട്ട് കിട്ടിയെന്നും കുഴപ്പമില്ലെന്നുമായിരുന്നു സിബിയുടെ മറുപടി. എന്നാൽ അന്ന് വൈകുന്നേരത്തോടെ ചിത്രം ജനം പാടെ നിരാകരിക്കുകയാണന്ന് അദ്ദേഹത്തിന് മനസിലാക്കി. എത്രയോ കാലത്തെ അധ്വാനം, മനസിൽ ഏറ്റവും പ്രിയത്തോടെ പതിറ്റാണ്ടുകൾ കൊണ്ടുനടന്ന ചിത്രം. അത് ദാക്ഷിണ്യമില്ലാതെ പ്രേക്ഷകർ കൈയൊഴിഞ്ഞത് സിബി മലയിലിനെ ഒരിക്കൽക്കൂടി വിഷാദത്തിലേക്ക് നടത്തിച്ചു.

ഒന്നര കോടിയെന്ന, അക്കാലത്തെ ഉയർന്ന ബജറ്റിൽ ഒരുങ്ങിയ ചിത്രമാണ് ദേവദൂതൻ. അതുവരെയുള്ള കരിയറിൽ സിബി മലയിൽ ഏറ്റവുമധികം ദിവസം ചിത്രീകരിച്ച സിനിമയും അതുതന്നെ. 64 ദിവസമെടുത്താണ് ദേവദൂതൻ ചിത്രീകരിച്ചത്.

മറ്റൊരു വെള്ളിയാഴ്ച

പരാജയപ്പെട്ടപ്പോഴും സിബി മലയിൽ എന്ന സംവിധായകന് വിശ്വാസമുണ്ടായിരുന്ന സിനിമയാണ് ദേവദൂതൻ. എന്നെങ്കിലും മറ്റൊരു ഭാഷയിൽ ആദ്യം ചെയ്യാനിരുന്ന തിരക്കഥ സംവിധാനം ചെയ്യണമെന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിനിടെയാണ് റീ റിലീസ് ആശയം വരുന്നത്. അങ്ങനെ സംഭവിക്കുന്നെങ്കിൽ റീ എഡിറ്റ് ചെയ്യപ്പെട്ട മറ്റൊരു പതിപ്പ് പ്രേക്ഷകരിലേക്ക് എത്തണമെന്നും അദ്ദേഹം ആഗ്രഹിച്ചു. സിനിമയുടെ ഓഡിയോ ട്രാക്കുകളെല്ലാം വിദ്യാസാഗർ സൂക്ഷിച്ചിരുന്നു. ഡോൾബി അറ്റ്മോസിലേക്ക് സന്നിവേശിപ്പിച്ച് ഇത്തരത്തിലൊരു റീ റിലീസ് സാധ്യമായതും അതുകൊണ്ടാണ്. ഒരു സൂപ്പർസ്റ്റാർ സിനിമയായി ചെയ്തപ്പോൾ തനിക്ക് എന്തൊക്കെ വേണ്ടെന്ന് തോന്നിയോ അതെല്ലാം ഒഴിവാക്കിയ പതിപ്പാണ് ഇപ്പോൾ എത്തുന്നതെന്ന് സിബി മലയിലിൻറെ വാക്ക്. 

ALSO READ : 16-ാമത് ഐഡിഎസ്എഫ്എഫ്കെയ്ക്ക് വെള്ളിയാഴ്ച തുടക്കം; 54 രാജ്യങ്ങളില്‍ നിന്ന് 335 സിനിമകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!