നിലവിൽ എൽഎൽബി കഴിഞ്ഞ് നിൽക്കുകയാണ് ശ്രീരാഗ്.
പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ നിരവധി ഗായകരെ സമ്മാനിച്ച വേദിയാണ് ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍. പുത്തന്‍ പാട്ടുകാരെ മലയാള സിനിമയ്ക്ക് അടക്കം സമ്മാനിച്ച വേദിയില്‍ നിന്നും ഒന്‍പതാം സീസണിലെ ഗായകരും പടിയിറങ്ങി കഴിഞ്ഞു. ഇത്തവണ ആറ് മത്സരാര്‍ത്ഥികളാണ് ഗ്രാന്‍റ് ഫിനാലെയില്‍ മാറ്റുരയ്ക്കാന്‍ എത്തിയത്. ഇതിലൊരാള്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്തൊരു മത്സരാര്‍ത്ഥിയാണ്. സീസണ്‍ തുടങ്ങി, ആദ്യ എപ്പിസോഡ് മുതല്‍ ഗാനാസ്വാദകരുടെ മനസില്‍ കയറിക്കൂടിയ, ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ ശ്രീരാഗ് ഭരതന്‍ ആയിരുന്നു ആ ഭാഗ്യശാലി. മികച്ച പ്രകടനം കാഴ്ചവച്ച് ശ്രീരാഗ് ഫിനാലെ വേദിയില്‍ നിറഞ്ഞ് നിന്നപ്പോള്‍ മലയാളികളുടെ മനവും നിറഞ്ഞു. ഫിനാലെ ആരവങ്ങളെല്ലാം ഒഴിഞ്ഞതിന് പിന്നാലെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9ന്‍റെ യാത്രയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുകയാണ് ഗുരുവായൂര്‍ സ്വദേശിയായ ശ്രീരാഗ് ഭരതന്‍.
ജനപ്രിയനായി ഗ്രാന്റ് ഫിനാലെ വേദിയിൽ
undefined
പ്രേക്ഷകർ തെരഞ്ഞെടുത്ത മത്സരാർത്ഥിയായി ഫൈനലിൽ എത്താൻ സാധിച്ചതിൽ ഞാൻ ഏറെ സന്തോഷവാനാണ്. കാരണം ഇത്രയധികം ആളുകളെന്നെ സ്നേഹിക്കുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഫൈനലിൽ എനിക്ക് എന്റെ ബെസ്റ്റ് കൊടുക്കാനും പറ്റിയില്ല. എന്ന് കരുതി 'അയ്യോ നന്നായി പാടാൻ പറ്റിയില്ലല്ലോ' എന്നൊരു കുറ്റബോധമൊന്നും എനിക്കില്ല. നന്നായി പാടാമായിരുന്നു എന്നെ ഉള്ളൂ. പിന്നെ അർഹതപ്പെട്ടയാൾ തന്നെയാണ് ഇപ്പോൾ വിജയിയായിരിക്കുന്നത്. അതിൽ ഒരുപാട് സന്തോഷം. പോപ്പുലാരിറ്റിയും ഇഷ്ടവും വേറെ. അന്നവിടെ പാടുന്നതും വേറെ. ഓരോരുത്തരുടെയും ഡെഡിക്കേഷനും കഠിനാധ്വാനവും കൊണ്ട് നിൽക്കുന്ന അഞ്ച് മിനിറ്റാണല്ലോ അത്.
വെറുതെ പങ്കെടുക്കാമെന്ന് കരുതി ഒഡിഷനെത്തി..
ചെറുപ്പം മുതൽ അത്യാവശ്യം പാടുന്നൊരാൾ ആയിരുന്നു ഞാൻ. കർണാടിക് സംഗീതം പഠിക്കാനും പോകും. സ്കൂളിലൊക്കെ പഠിക്കുമ്പോൾ കലോത്സവത്തിനൊക്കെ പോകുമായിരുന്നു. ഒരു സുഹൃത്ത് വഴിയാണ് സ്റ്റാർ സിംഗർ ഒഡിഷനെ പറ്റി അറിയുന്നത്. അതുവരെ വേറെ ഷോയിലൊന്നും ഞാൻ പങ്കെടുത്തിരുന്നില്ല. താല്പര്യമില്ലായിരുന്നു എന്നതാണ്. പാട്ട് ഒരിക്കലും മത്സരത്തിന് പറ്റിയൊരു ഐറ്റം അല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതെന്റെ മാത്രം ചിന്തയാണ്, വിശ്വാസമാണ്. ഇപ്പോഴും അതങ്ങനെ തന്നെ. അങ്ങനെ വെറുതെ പങ്കെടുക്കാം എന്ന് കരുതിയാണ് ഒഡിഷന് പോയത്. പ്രതീക്ഷിക്കാതെ സെലക്ടും ആയി. ഒന്നും പ്രതീക്ഷിച്ച് അല്ലായിരുന്നു മുന്നോട്ട് പോയത്. പക്ഷേ ഫൈനൽ വരെ എത്തി. അതിലേറെ സന്തോഷം.
സ്റ്റാർ സിംഗറിലെ ചിത്ര ചേച്ചി
ചിത്ര ചേച്ചി നമ്മുടെ പേര് വിളിച്ചതൊക്കെ ഷോയിലെ മെമ്മറബിൾ ആയിട്ടുള്ള മൊമന്റുകളാണ്. ടിവിയിലൊക്കെ കാണുന്ന ചിത്ര ചേച്ചി എന്താണ് എന്നത് ഓരോരുത്തർക്കും ഓരോ എക്സ്പറ്റേഷൻസ് ആണല്ലോ. നേരിട്ട് അറിയാതെ തന്നെ. അതുതന്നെയാണ് അവർ. എല്ലാ മത്സരാർത്ഥികളെയും ഒരുപോലെയാണ് ചിത്ര ചേച്ചി കണ്ടിരുന്നത്. എല്ലാവരോടും അടുത്ത് പെരുമാറും.
ഗ്രൂമിംഗ് സമയത്തൊന്നും ഉണ്ടാകാറില്ല. ഷൂട്ടിന്റെ അന്ന് മാത്രമെ കാണൂ. തിരുവനന്തപുരത്ത് വന്ന സമയത്ത് ഞങ്ങളെ വീട്ടിലേക്ക് വിളിച്ച്, ഭക്ഷണമൊക്കെ തന്നിരുന്നു. അങ്ങനെ ഉള്ള ചെറിയ ചെറിയ മൊമന്റുകളുമുണ്ട്. ഞങ്ങളെ ഇഷ്ടമാണെന്ന് അറിയിക്കാറുണ്ട്. അത് നമുക്ക് ഫീൽ ചെയ്യാറുമുണ്ട്. പഴം തമിഴ് പാട്ടിഴയും എന്ന പാട്ട് പാടിയപ്പോള്‍, ദാസേട്ടന്‍(യേശുദാസ്) പാടിയ ശേഷം ഇത്രയും സോള്‍ ഫുള്ളായി ആ പാട്ട് കേട്ടത് അപ്പോഴാണെന്ന് ചിത്ര ചേച്ചി പറഞ്ഞിരുന്നു. ആ മൊമന്‍റില്‍ ചേച്ചിയ്ക്ക് തോന്നിയതാണ് അത്. അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
ഇഷ്ടമുള്ള രീതിയിൽ പാട്ടുമായി മുന്നോട്ട്..
അച്ഛനും അമ്മയും ചേട്ടനും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അടങ്ങുന്നതാണ് എന്റെ കുടുംബം. സ്കൂൾ കാലഘട്ടം എല്ലാം ഗുരുവായൂരിൽ തന്നെ ആയിരുന്നു. നിലവിൽ എൽഎൽബി കഴിഞ്ഞ് നിൽക്കുകയാണ്. ഷോയിൽ പങ്കെടുത്തത് കാരണം ഏതാനും എക്സാമുകൾ വിട്ടുപോയിട്ടുണ്ട്. അതിനി എഴുതി എടുക്കണം. പിന്നെ എനിക്ക് ഇഷ്ടമുള്ള രീതിയിൽ പാട്ടുമായി മുന്നോട്ട് പോകണമെന്നാണ് മനസിൽ. ചിലപ്പോൾ സ്വന്തമായി ഒരു പട്ടെഴുതി എന്ന് വരാം. അതിന് സാധിച്ചില്ലെന്നും വരാം. എല്ലാം വഴിയെ അറിയാനാകും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം