ഡിസംബറിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. കൊവിഡ് സാഹചര്യം ഇല്ലായിരുന്നുവെങ്കില്‍ ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നലെ തിരശ്ശീല ഉണരുമായിരുന്നു. പകരം അതേദിവസം നമ്മെ തേടിയെത്തിയത് ഐഎഫ്എഫ്കെയുടെ പ്രിയ സംവിധായകനായിരുന്ന കിം കി ഡുക്കിന്‍റെ മരണവാര്‍ത്തയും.
ഡിസംബറിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാവുമ്പോഴേക്ക് കേരളമൊട്ടുക്കുള്ള സിനിമാപ്രേമികളെ തേടിയെത്തുന്ന ഒരു ഉള്‍വിളിയുണ്ട്. എന്തു തിരക്കും മാറ്റിവച്ച് തിരുവനന്തപുരത്തെത്താനുള്ള ഒരു ഉള്‍വിളി. അങ്ങനെയെത്തുന്നവര്‍ അടുത്ത ഒരാഴ്ച സംസാരിക്കുന്നത് സിനിമ എന്ന പൊതുഭാഷയായിരുന്നു. ഫെസ്റ്റിവലില്‍ ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത സുഹൃത്തുക്കള്‍ അതികാല്‍പനികതയെന്ന് വിലയിരുത്തുമ്പോഴും ഐഎഫ്എഫ്കെയോടുള്ള തങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും ഡെലിഗേറ്റുകള്‍ പാഴാക്കാറില്ല. എന്നാല്‍ മറ്റെല്ലാ ആഘോഷങ്ങളെയും പോലെ ഇത്തവണത്തെ ഐഎഫ്എഫ്കെയെയും കൊവിഡ് 'ബാധിച്ചിരിക്കുകയാണ്'. ഗംഭീരമാവേണ്ടിയിരുന്ന ഇത്തവണത്തെ രജതജൂബിലി എഡിഷന്‍ (25-ാം വര്‍ഷം) ഫെബ്രുവരി 12 മുതല്‍ 19 വരെയാകും നടക്കുകയെന്ന് അക്കാദമി നേരത്തെ അറിയിച്ചിരുന്നു. അതേസമയം അത് എത്രത്തോളം സാധ്യമാവുമെന്ന് പറയാറുമായിട്ടില്ല. ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ ആണെങ്കില്‍ സിനിമകള്‍ കിട്ടാനുള്ള സാധ്യത വിരളമാണ് എന്നതാണ് തങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു.
"ഫെബ്രുവരിയിലാണ് ഇപ്പോള്‍ തീയ്യതി തീരുമാനിച്ചിരിക്കുന്നത്. പക്ഷേ എങ്ങനെ നടത്താന്‍ പറ്റും എന്നതിനെക്കുറിച്ച് ധാരണയില്ല. കാരണം ഇപ്പോഴും തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതുകൊണ്ട് തീയേറ്ററില്‍ നടത്താന്‍ പറ്റുമോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അതേസമയം ഓണ്‍ലൈനില്‍ രീതി നോക്കാനായിരുന്നു സര്‍ക്കാരിന്‍റെ ഒരു നിര്‍ദേശം. പക്ഷേ ഓണ്‍ലൈന്‍ ആയാല്‍ സിനിമകള്‍ കിട്ടാനുള്ള സാധ്യതകള്‍ കുറവായതുകൊണ്ട് ഞങ്ങള്‍ മിനിസ്റ്ററുമായി ചര്‍ച്ച നടത്തി ഫെബ്രുവരിയിലേക്ക് മാറ്റിയതാണ്. ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ ആണെങ്കില്‍ സിനിമകള്‍ കിട്ടാനുള്ള സാധ്യത കുറവാണെന്നതാണ് ഞങ്ങളുടെ മുന്നിലുള്ള വെല്ലുവിളി". നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെ വിദേശ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കു മാത്രമല്ല, ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കും ഓണ്‍ലൈന്‍ ഫെസ്റ്റിവലിനോട് പ്രതിപത്തിയില്ലെന്ന് പറയുന്നു കമല്‍. "ഫെസ്റ്റിവല്‍ ഓണ്‍ലൈന്‍ ആകുന്നപക്ഷം പൈറസിയുടെ കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പ് നല്‍കാന്‍ നമുക്ക് ബുദ്ധിമുട്ടുണ്ട് എന്നതാണ് കാരണം. ഓണ്‍ലൈന്‍ പ്രദര്‍ശനത്തില്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ നമ്മുടെ ഫെസ്റ്റിവലിന്‍റെ വിശ്വാസ്യതയെയും അത് ബാധിക്കും. അതുകൊണ്ട് ഞങ്ങളുടെ സങ്കല്‍പത്തില്‍ ഒരു ഓണ്‍ലൈന്‍ ഫെസ്റ്റിവലിന് വിദൂര സാധ്യതയേ ഉള്ളൂ. തീയേറ്ററില്‍ത്തന്നെ നടത്താന്‍ പറ്റുമെന്ന് ഞങ്ങള്‍ ഇപ്പോഴും പ്രതീക്ഷിക്കുകയാണ്", കമല്‍ പറയുന്നു.
undefined
ഡിസംബര്‍ രണ്ടാംവാരം തിരുവനന്തപുരത്ത് എത്താനായി തിരക്കുകള്‍ മാറ്റിവെക്കുന്നവര്‍ക്കിടയില്‍ പല സിനിമാപ്രവര്‍ത്തകരുമുണ്ട്. ഫെസ്റ്റിവല്‍ എന്ന കാരണത്താല്‍ ആ സമയത്തേക്ക് വിളിക്കുന്ന ചില സിനിമകളിലേക്ക് വിളിച്ചാല്‍ ഏറ്റെടുക്കാറില്ലെന്ന് ആഷിക് അബുവിന്‍റെയും സന്തോഷ് വിശ്വനാഥിന്‍റെയും അസോസിയേറ്റ് ആയ മിറാഷ് ഖാന്‍ പറയുന്നു. "12 വര്‍ഷമായി ഫെസ്റ്റിവലിന് സ്ഥിരമായി വരുന്നുണ്ട്. ഒരു വര്‍ഷത്തില്‍ നമ്മള്‍ ഒരുപാട് സിനിമകളൊക്കെ കാണുന്നുണ്ടെങ്കിലും ഒരു കൂട്ടായ്‍മ എന്ന നിലയില്‍ ഫെസ്റ്റിവലില്‍ നിന്നു കിട്ടുന്ന ഒരു വൈബ് വലുതാണ്. ഐഎഫ്എഫ്കെയ്ക്ക് മാത്രം കാണാറുള്ള ഒരുപാട് സുഹൃത്തുക്കളുണ്ട് എനിക്ക്. അവരെയൊക്കെ കാണുക, ടാഗോറില്‍ പോവുക, ചായ കുടിക്കുക, സിനിമയെക്കുറിച്ചും അല്ലാതെയും സംസാരിക്കുക അതൊക്കെയാണ് രസങ്ങള്‍. അത്തരത്തില്‍ മുന്‍പ് ഫെസ്റ്റിവലിന് വന്നുകൊണ്ടിരുന്നു ഒരുപാട് പേര്‍ ഇന്ന് ഇന്‍ഡിപ്പെന്‍ഡര്‍ഡ് ഫിലിം മേക്കേഴ്സ് ആയിട്ടുണ്ട്. അവരുടെ സിനിമകള്‍ ഫെസ്റ്റിവലിലേക്ക് എത്തുന്ന ഒരു അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഫെസ്റ്റിവലിന് വണ്‍ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഷൂട്ടില്‍ നിന്ന് എപ്പോഴൊക്കെ ഇടവേള കിട്ടിയാലും ഓടി ടാഗോറില്‍ പോകുമായിരുന്നു. ആ അന്തരീക്ഷം വേറെ എവിടെയും കിട്ടാത്ത ഒന്നാണ്. ഫെബ്രുവരിയിലാണ് ഐഎഫ്എഫ്കെ നടക്കുകയെങ്കില്‍ ഷൂട്ടിംഗ് ഉള്ളതിനാല്‍ ഇത്തവണ എനിക്കത് മിസ് ആവും. ഞാന്‍ ഇന്നുംകൂടി സുഹൃത്തുക്കളോട് അക്കാര്യം പറഞ്ഞതേയുള്ളൂ. പെരുന്നാള്‍ വന്നാലും ക്രിസ്‍മസ് വന്നാലും ഓണം വന്നാലും സിനിമാപ്രേമികളുടെ ഫെസ്റ്റിവല്‍ ഐഎഫ്എഫ്കെ ആണ്. പ്രളയത്തിന്‍റെ സമയത്തുപോലും ഫെസ്റ്റിവല്‍ നമ്മള്‍ ഒഴിവാക്കിയിട്ടില്ല. നടത്താന്‍ പറ്റുമോ എന്നൊരാശങ്ക വന്നിരുന്നെങ്കിലും അതിജീവനം പ്രമേയമാക്കിയുള്ള സിനിമകള്‍ കൂടി ചേര്‍ത്ത് ഫെസ്റ്റിവല്‍ നടത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഒരു വലിയ മിസ്സിംഗ് തന്നെയാണിത്", മിറാഷ് പറയുന്നു.
25-ാം വര്‍ഷത്തെ ഫെസ്റ്റിവലിന് നേരിടേണ്ടിവരുന്ന ഈ അനിശ്ചിതത്വം കേരളത്തെ സംബന്ധിച്ച് വലിയ നഷ്ടമാണെന്ന് പറയുന്നു കമല്‍. "ഫെസ്റ്റിവല്‍ ഇല്ലാത്ത ഡിസംബര്‍ എന്നത് തിരുവനന്തപുരത്തെ സംബന്ധിച്ച്, കേരളത്തെ സംബന്ധിച്ച് ഒരു വലിയ നഷ്ടമാണ്. വ്യക്തിപരമായി എനിക്കും ഒരു വലിയ നഷ്ടമാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയ്ക്ക് അതിനേക്കാള്‍ വലിയ നഷ്ടമാണ്. കാരണം ഇത്തവണത്തെ ഫെസ്റ്റിവലിന്‍റെ പ്രാധാന്യം ഇത് 25-ാമത്തെ വര്‍ഷം ആയിരുന്നു എന്നതാണ്. ആ രീതിയില്‍ ചരിത്രപ്രാധാന്യം ഉണ്ടാകുമായിരുന്ന ഒരു ഫെസ്റ്റിവല്‍ ആണ് തല്‍ക്കാലത്തേക്ക് മാറ്റിവെക്കേണ്ടിവന്നിരിക്കുന്നത്. സാധാരണ ജൂണ്‍ മുതല്‍ തന്നെ ഫെസ്റ്റിവലിന്‍റെ ഒരുക്കങ്ങള്‍ ആരംഭിക്കാറുണ്ട്. മികച്ച വിദേശ സിനിമകളുടെ സെലക്ഷനാണ്, ബീന പോളിന്‍റെ നേതൃത്വത്തില്‍ ആദ്യം ആരംഭിക്കാറ്. അത് ഈ വര്‍ഷവും നമ്മള്‍ തുടങ്ങാന്‍ ശ്രമിച്ചു. കാന്‍ മുതലായ പല പ്രധാന ഫെസ്റ്റിവലുകളും ഇക്കുറി ഇല്ലായിരുന്നെങ്കിലും പ്രധാന സിനിമകള്‍ കണ്ടെത്തി അതിന്‍റെ ഏജന്‍റുമാരെ സമീപിച്ചിരുന്നു. മത്സരവിഭാഗത്തിലേക്കുള്ള വിദേശസിനിമകളുടെ സ്ക്രീനിംഗ് കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈന്‍ ആയി നടന്നുകൊണ്ടിരിക്കുകയാണ്. മലയാളസിനിമകളുടെ സ്ക്രീനിംഗ് നേരിട്ടും ആരംഭിച്ചിരുന്നു. ഇലക്ഷന്‍ കഴിഞ്ഞ് മൂന്നാല് ദിവസത്തിനകം മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവരും. സാധാരണ വര്‍ഷങ്ങളില്‍ നവംബര്‍ പകുതിയോടെ സിനിമകളുടെ മുഴുവന്‍ ലിസ്റ്റിംഗ് പൂര്‍ത്തിയാവുമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എന്ന വലിയ ദു:ഖമുണ്ട്", കമല്‍ പറയുന്നു.
എന്നാല്‍ മാറ്റിവച്ചിരിക്കുന്ന ഫെസ്റ്റിവല്‍ ഫെബ്രുവരിയിലും നടക്കുമോ എന്ന സംശയവും ചില സ്ഥിരം ഡെലിഗേറ്റുകള്‍ പ്രകടിപ്പിക്കുന്നുണ്ട്. "തീയേറ്ററുകാര്‍ വിഷുവിന് തുറക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്ന് തോന്നുന്നു. അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് ഫെസ്റ്റിവലിനു മാത്രമായി അതിനുമുന്‍പ് തീയേറ്റര്‍ തുറക്കാന്‍ പറ്റുമോ എന്ന് സംശയമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ ഇവിടെ വരുന്നുണ്ട്. സിനിമകളുടെ കാഴ്ചശീലത്തില്‍ ഐഎഫ്എഫ്കെ വരുത്തിയ മാറ്റം ഭയങ്കരമാണ്. ഐഎഫ്എഫ്കെയില്‍ വച്ച് പരിചയപ്പെട്ട ഒരുപാടുപേര്‍ പിന്നീട് സിനിമയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമ കാണുക എന്നതിനേക്കാള്‍ അവരെ കാണുക എന്നതുകൂടിയാണ് ഫെസ്റ്റിവലിന്‍റെ സന്തോഷം", സംവിധായകന്‍ ജിയോ ബേബിയുടെ അസോസിയേറ്റ് ആയ മാര്‍ട്ടിന്‍ എന്‍ ജോസഫ് പറയുന്നു. ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്നതിനൊപ്പം ഐഎഫ്എഫ്കെ ഡെലിഗേറ്റുകള്‍ക്കായി ആരംഭിച്ച മൈ മൂവി റിവ്യൂ എന്ന ആപ്ലിക്കേഷന്‍റെ അണിയറക്കാരന്‍ കൂടിയാണ് മാര്‍ട്ടിന്‍.
ടെക്നോളജി ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന, സിനിമാ സ്ക്രീന്‍ എന്നത് മൊബൈലിന്‍റെ ചതുരത്തിലേക്കും എത്തിയ ഒടിടി കാലത്ത് ഒരു ഫിലിം ഫെസ്റ്റിവലിന് എന്താണ് പ്രസക്തിയെന്ന് പലരും ചോദ്യമുയരാറുണ്ട്. എന്നാല്‍ ആ ചോദ്യത്തിന് തനിക്കൊരു മറുപടിയുണ്ടെന്ന് പറയുന്നു മിറാഷ് ഖാന്‍. "ടെക്നോളജി ഇത്രയും വളര്‍ന്നിട്ടും ഐഎഫ്എഫ്കെയില്‍ വരുന്ന ചില സിനിമകള്‍ വേറെ എവിടെയും കിട്ടാത്ത അവസ്ഥയുണ്ട്. ടൊറന്‍റോ ടെലഗ്രാമോ നെറ്റ്ഫ്ളിക്സോ എന്തുതന്നെ വന്നെന്ന് പറഞ്ഞാലും ചില സിനിമകള്‍ ഐഎഫ്എഫ്കെ ആണ് നമ്മളെ കാണിച്ചുതരിക. പിന്നെ റെട്രോസ്പെക്ടീവുകള്‍ വഴി മുന്‍പ് തീയേറ്ററില്‍ കാണാനാവാതെപോയ പഴയ മികച്ച സിനിമകള്‍ ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരം ലഭിക്കുന്നതാണ്. അതും ഫെസ്റ്റിവലില്‍ മാത്രം കിട്ടുന്ന അവസരമാണ്. ലാപ് ടോപ്പിലോ മൊബൈലിലോ കാണുന്നതുപോലെയല്ലല്ലോ അത്", മിറാഷ് പറയുന്നു.
അക്കാദമി ചെയര്‍മാനായി എത്തുന്നതിനു മുന്‍പും ഫെസ്റ്റിവലുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ച് കമല്‍ പറയുന്നു- "എന്നെ സംബന്ധിച്ച് 25 വര്‍ഷത്തെ ഫെസ്റ്റിവല്‍ ഓര്‍മ്മകളുണ്ട്. ഇടയ്ക്ക് ഷൂട്ടിംഗ് ഉള്ളപ്പോള്‍ ഒന്നോ രണ്ടോ ഫെസ്റ്റിവല്‍ മാത്രമാണ് മിസ് ആയിട്ടുള്ളത്. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരുന്നതിനു മുന്‍പുതന്നെ ഫെസ്റ്റിവല്‍ സംബന്ധിച്ച വിവിധ ചുമതലകളില്‍ ഉണ്ടായിരുന്നു. എന്നാലും ഫെസ്റ്റിവല്‍ തുടങ്ങി ആദ്യ ദിവസങ്ങള്‍ക്കുശേഷം സിനിമ കാണാനായി സമയം കണ്ടെത്താറുണ്ടായിരുന്നു. എന്നാല്‍ ചെയര്‍മാന്‍ ആയതിനുശേഷം സിനിമകള്‍ കാണാന്‍ അങ്ങനെ സമയം കിട്ടാറില്ല. എങ്കിലും കാണാറുണ്ട്. അതേസമയം ചെയര്‍മാന്‍ ആയതിനുശേഷം സെലക്ഷന്‍റെ സമയത്തും മറ്റും സിനിമകള്‍ നേരത്തെ കാണാനുള്ള അവസരം കിട്ടാറുണ്ട്", കമല്‍ പറഞ്ഞവസാനിപ്പിക്കുന്നു. സ്ഥിരം കാലമായ ഡിസംബറില്‍ നിന്നു മാറിയെങ്കിലും ഫെബ്രുവരിയിലെങ്കിലും ചലച്ചിത്രമേള നടന്നുകാണാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.