യുകെയിലെ പ്രശസ്തമായ സ്ട്രെയ്റ്റ് 8 ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മലയാളത്തില്‍ നിന്നുള്ള ഈ ചിത്രം
ഡിജിറ്റല്‍ സാങ്കേതികത തുറന്നുകൊടുത്ത സാധ്യതകളുടെ വലിയ ലോകത്താണ് ഇന്ന് സിനിമയെന്ന കല. അതേസമയം ഫിലിം റോളുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ഉത്തമബോധ്യമുള്ള ഒരു വിഭാഗം ഛായാഗ്രാഹകര്‍ അവയെ ഇന്നും പരിരക്ഷിക്കുകയും അവയില്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഡിജിറ്റലിന്‍റെ ഇക്കാലത്തും ഫിലിം റോളില്‍ ചിത്രീകരിച്ച സിനിമകള്‍ക്കായുള്ള ചലച്ചിത്രോത്സവങ്ങള്‍ പോലും ലോകത്ത് പലയിടത്തുമുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് യുകെയിലെ സ്ട്രെയ്റ്റ് 8 ഫിലിം ഫെസ്റ്റിവല്‍. 35 എംഎം, 16 എംഎം ഫോര്‍മാറ്റുകള്‍ക്കു പിന്നാലെ 1960 കളില്‍ എത്തി എണ്‍പതുകള്‍ വരെ ജനപ്രിയമായി തുടര്‍ന്ന സൂപ്പര്‍ 8 എംഎം ഫിലിം ഫോര്‍മാറ്റില്‍ ചിത്രീകരിക്കുന്ന ഹ്രസ്വ ചിത്രങ്ങള്‍ക്കായി നടത്തുന്ന ഫിലിം ഫെസ്റ്റിവല്‍ ആണിത്. ലോകപ്രശസ്തമായ ഈ ഫെസ്റ്റിവലില്‍ ലഭിച്ച 150 ല്‍ ഏറെ എന്‍ട്രികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടോപ്പ് 25 ലിസ്റ്റിലേക്ക് ഒരു മലയാള ചിത്രവും ഇത്തവണ ഇടംപിടിച്ചിരിക്കുകയാണ്. അനൂപ് ഉമ്മന്‍ രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ച 56 എപിഒ ആണ് ആ ചിത്രം. ചിത്രത്തെക്കുറിച്ചും അതിനു പിന്നില്‍ ഉണ്ടായിരുന്ന വെല്ലുവിളികളെക്കുറിച്ചും അനൂപ് ഉമ്മന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
സൂപ്പര്‍ 8 എംഎമ്മില്‍ എങ്ങനെയെങ്കിലും ചിത്രീകരിക്കുന്ന സിനിമകളല്ല ഈ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടുക. മറിച്ച് അതിനു ചില നിബന്ധനകളുണ്ട്. എഡിറ്റിംഗോ ഫിലിം പ്രോസസിംഗോ അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ഒന്നുമില്ലാതെ ഒരു സിംഗിള്‍ ഷോട്ടില്‍ ഒരുക്കിയ ചിത്രമാണ് ഫെസ്റ്റിവലിലേക്ക് അയക്കേണ്ടത്. ഒരു സൌണ്ട് ട്രാക്ക് പോലും പ്രത്യേകമായാണ് അയക്കേണ്ടത്. സംവിധായകന്‍ ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ പ്രോസസിംഗ് ഫെസ്റ്റിവല്‍ സംഘാടകര്‍ തന്നെയാണ് നടത്തുന്നത്. ലണ്ടനിലെ പ്രശസ്തമായ സിനിലാബില്‍ ആണ് ഫെസ്റ്റിവല്‍ എന്‍ട്രികളുടെ പ്രോസസിംഗ്. ഫെസ്റ്റിവലിലെ പ്രീമിയര്‍ സമയത്തു മാത്രമേ സംവിധായകര്‍ പോലും ചെയ്‍ത സിനിമ അന്തിമ രൂപത്തില്‍ ആദ്യമായി കാണുകയുള്ളൂ. "സാധാരണ മേക്കിംഗ് രീതി ആണെങ്കില്‍ ഇതില്‍ വലിയ വെല്ലുവിളി ഒന്നുമില്ല. ഇഷ്ടംപോലെ കാന്‍ ഫിലിം ഉപയോഗിക്കാം. പക്ഷേ റീടേക്ക് ഇല്ലാതെ ഒരു പടം എടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. സ്ട്രെയ്റ്റ് 8 ഫിലിം ഫെസ്റ്റിവല്‍ 1999 ല്‍ ആരംഭിക്കുമ്പോള്‍ മുതല്‍ അതിലേക്ക് ഒരു സിനിമ അയക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ആസിഫ് കപാഡിയ അടക്കമുള്ളവരാണ് ഇത്തവണ അവിടുത്തെ ജൂറി. ലോകത്തെ 25 മികച്ച ചിത്രങ്ങളില്‍ ഒന്നായി മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം തെരഞ്ഞെടുക്കപ്പെട്ടുവെന്നത് വലിയ സന്തോഷം തരുന്ന ഒന്നാണ്", അനൂപ് പറയുന്നു.
undefined
സൂപ്പര്‍ 8 ഫിലിം ഫോര്‍മാറ്റുമായുള്ള തന്‍റെ പരിചയത്തെക്കുറിച്ച് അനൂപ് ഇങ്ങനെ പറയുന്നു- "20 വര്‍ഷമായി ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. പ്രധാനമായും പരസ്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ട്രെയ്റ്റ് 8 ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞ 20 വര്‍ഷമായി ഫോളോ ചെയ്യുന്നുണ്ട്. സൂപ്പര്‍ 6 എന്ന ഫോര്‍മാറ്റ് ഇവിടെ നിലനില്‍ത്തിയിരിക്കുന്നത് ഞാന്‍ മാത്രമാണ്. 1997 മുതല്‍ ഞാന്‍ സൂപ്പര്‍ 8 ല്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. പേഴ്സണല്‍ മൂവീസ്, ഷോര്‍ട്ട് ഫിലിംസ് ഒക്കെ അതില്‍ ചെയ്യാറുണ്ട്. അക്കാലം മുതല്‍ ക്യാമറകളും സൂക്ഷിക്കുന്നുണ്ട്. ആ മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഈ ഫിലിം റോളിന് വലിയ പൈസയില്ല. പക്ഷേ അത് വാങ്ങണമെങ്കില്‍ മുംബൈയില്‍ പോകണം. ഷൂട്ടിംഗ് തയ്യാറെടുപ്പിന്‍റെ ഭാഗമായും ഡിജിറ്റല്‍ ക്യാമറകളോ മറ്റു ഡിവൈസുകളോ ഉപയോഗിച്ചിട്ടില്ല. റിഹേഴ്സല്‍ മാത്രം നടത്തിയിരുന്നു. സമയത്തിന്‍റെ കണക്കുകൂട്ടല്‍ പ്രധാനമായിരുന്നു. പ്രോസസിംഗിനു ശേഷമുള്ള ചിത്രം മുന്‍കൂട്ടി കണ്ട് വേണമായിരുന്നു സൌണ്ട് ട്രാക്ക് ഒരുക്കാന്‍."
"അറുപതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെ ജനപ്രിയമായിരുന്ന ഫിലിം ഫോര്‍മാറ്റ് ആയിരുന്നു സൂപ്പര്‍ 8. എണ്‍പതുകളില്‍ വിഎച്ച്എസ് വന്നതോടെയാണ് ഇതിന്‍റെ ഉപയോഗം പൊടുന്നനെ കുറയുന്നത്. തൊണ്ണൂറുകളുടെ പകുതിയോടെ സൂപ്പര്‍ 8ന്റെ ഗുണം സിനിമാലോകം വീണ്ടും തിരിച്ചറിയുകയായിരുന്നു. നിര്‍ത്തിപ്പോയ ചില കമ്പനികള്‍ വീണ്ടും ക്യാമറകള്‍ ഇറക്കി. സ്പില്‍ബര്‍ഗും ടരന്‍റിനോയുമൊക്കെ പ്രശസ്ത ചിത്രങ്ങള്‍ ഈ ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. യൂറോപ്പിലൊക്കെ ഫിലിം സ്കൂളുകളില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധമായും ഈ ടെക്നോളജി പഠിപ്പിക്കാറുണ്ട്", അനൂപ് ഉമ്മന്‍ പറയുന്നു.
ആഷിക് അബുവും മൈഥിലിയുമാണ് 56 എപിഒ (ആര്‍മി പോസ്റ്റ് ഓഫീസ്) യില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യുദ്ധമുഖത്തുള്ള തന്‍റെ കാമുകന്‍റെ ഒരു കത്ത് പ്രതീക്ഷിച്ചിരിക്കുന്ന ഒരു പെണ്ണിന്‍റെ കഥയാണ് സിനിമ. പൂക്കള്‍ വില്‍ക്കുന്ന ആളാണ് ഈ കഥാപാത്രം. യുദ്ധങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഇടയിലുള്ള ചിത്രമാണ് ഇതെന്ന് അനൂപ് പറയുന്നു. ബിജിബാല്‍ അടക്കമുള്ള പ്രശസ്തര്‍ ഈ ചിത്രവുമായി സഹകരിച്ചിട്ടുണ്ട്.
"22-ാം തീയതി ലണ്ടനിലെ ബിഎഫ്ഐ ഐമാക്സ് തിയറ്ററിലാണ് ചിത്രത്തിന്‍റെ പ്രീമിയര്‍. കാണാനുള്ള ടിക്കറ്റും ക്ഷണവുമുണ്ട്. വിമാനയാത്രയ്ക്കുള്ള പണമില്ലാത്തതിനാല്‍ പോകുന്നില്ല. പോയാല്‍ കൊള്ളാമെന്നുണ്ട്. നവംബറില്‍ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യും. അതുകഴിഞ്ഞ് ഒറിജിനല്‍ കോപ്പി നമുക്ക് അയച്ചുതരും. ഒന്നേമുക്കാല്‍ മണിക്കൂറിന് മുകളില്‍ വരുന്ന ഒരു ആന്തോളജി പോലെയാണ് തെരഞ്ഞെടുക്കപ്പെട്ട 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. സ്ട്രെയ്റ്റ് 8 ഫെസ്റ്റിവലില്‍ കൂടാതെ കാന്‍സിലും ചിത്രം പ്രദര്‍ശിപ്പിക്കും", അനൂപ് ഉമ്മന്‍ പറഞ്ഞവസാനിപ്പിക്കുന്നു.