ശൈത്യകാലത്തിന്റെ അവസാനം മുതലാണ് സാംലൂക്ക് പൂക്കൾ പൂവിടുന്നത്
ജിദ്ദ: സൗദിയിൽ കാഴ്ചയുടെ വസന്തമൊരുക്കി സാംലൂക്ക് പൂക്കൾ. രാജ്യത്തിന്റെ വടക്കൻ അതിർത്തികളിലാണ് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ മഞ്ഞപ്പൂക്കൾ പൂത്തുലഞ്ഞ് നിൽക്കുന്നത്. പ്രാദേശികമായി നുവൈർ അല്ലെങ്കിൽ യെല്ലോ അറേബ്യൻ എന്നറിയപ്പെടുന്ന സാംലൂക്ക് അതിവേഗം വളരുന്ന സസ്യമാണ്. ഇത് മഴ പെയ്തൊഴിയുമ്പോഴാണ് സാധാരണയായി വളർന്നുവരുന്നത്. 20 സെന്റീമീറ്റർ ഉയരത്തിൽ വരെ ഇത് വളരാറുണ്ട്. നീളമുള്ള റിബൺ പോലുള്ള ഇലകളും മഞ്ഞ നിറത്തിലുള്ള പൂക്കളുമാണ് ഇതിന്റെ പ്രത്യേകത. ഈ പൂക്കൾ കാഴ്ചയിൽ മാത്രമല്ല സുന്ദരം, വശ്യമായ സുഗന്ധവും പരത്തുന്നുണ്ട്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും സുപ്രധാനമായ പങ്കു വഹിക്കുന്ന തരത്തിലുള്ള സസ്യമാണിത്.
ശൈത്യകാലത്തിന്റെ അവസാനം മുതലാണ് സാംലൂക്ക് പൂക്കൾ പൂവിടുന്നത്. ഇത് പ്രദേശത്തെ സ്വാഭാവിക സസ്യജാലങ്ങൾക്കും ആവരണം നൽകുന്നുണ്ട്. കൂടാതെ മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കുകയും മണ്ണൊലിപ്പ് തടയാൻ സഹായിക്കുകയും ചെയ്യുന്നു. കന്നുകാലികൾക്ക് ഭക്ഷണ സ്രോതസ്സ് കൂടിയാണ് ഈ സസ്യങ്ങൾ. എന്നിരുന്നാലും കന്നുകാലികളുടെ അമിതമായ മേച്ചിലുകൾ, നഗര വികസനം പോലുള്ള പാരിസ്ഥിതിക വെല്ലുവിളികൾ സാംലൂക്ക് പൂക്കളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്. ഭാവി തലമുറകൾക്കും സുവർണ മരുഭൂമി പുഷ്പം ആസ്വദിക്കാൻ കഴിയുന്നതിനുള്ള അവസരമൊരുക്കുന്നതിന് കാട്ടുചെടികളെ സംരക്ഷിക്കേണ്ടതിന്റെയും പ്രദേശത്തെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി അധികാരികൾ പ്രവർത്തിക്കുന്നുണ്ട്.
read more: കടുപ്പിച്ച് യുഎഇ, പുതിയ ഗതാഗത നിയമം മാർച്ച് 29ന് പ്രാബല്യത്തിൽ