എയർ ഇന്ത്യയോടൊപ്പം സ്വകാര്യ വിമാന കമ്പനികളും സർവീസ് നടത്തുമെന്നും കൂടുതൽ വിമാനങ്ങളുണ്ടാവുമെന്നും സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്
റിയാദ്: കൊവിഡ് പ്രതിസന്ധിയിൽ വിദേശത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള വന്ദേഭാരത് മിഷൻറെ പുതിയ ഘട്ടത്തിൽ എയർ ഇന്ത്യയോടൊപ്പം സ്വകാര്യ വിമാന കമ്പനികളും സർവീസ് നടത്തുമെന്നും കൂടുതൽ വിമാനങ്ങളുണ്ടാവുമെന്നും സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. ശനിയാഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള 30 ഇന്ത്യൻ സാമൂഹികപ്രവർത്തകരുമായി ഓൺലൈനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്.
കൊവിഡുകാലത്ത് പ്രവാസികൾ നേരിടുന്ന നിരവധി വിഷയങ്ങൾ സാമൂഹികപ്രവർത്തകർ അംബാസഡറുടെ മുന്നിൽ അവതരിപ്പിക്കുകയും അദേഹം അതിനെല്ലാം മറുപടി നൽകുകയും ചെയ്തു. പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ മടക്കയാത്ര എന്ന വിഷയത്തിലൂന്നിയായിരുന്നു കൂടിക്കാഴ്ച. എയർ ഇന്ത്യയോടൊപ്പം ഏതാണ്ടെല്ലാ സ്വകാര്യ വിമാന കമ്പനികളും പുതിയ ഘട്ടത്തിൽ സർവിസ് നടത്തും. അതിനോടൊപ്പം ചാർട്ടർ വിമാന സർവീസുകൾക്കും അനുമതി നൽകിയിട്ടുണ്ട്. റിയാദ്, ദമ്മാം, ജിദ്ദ എന്നീ കേന്ദ്രങ്ങളിൽ നിന്ന് മാത്രമല്ല അബഹ പോലുള്ള രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നും ചാർട്ടർ വിമാന സർവീസുണ്ടാകും.
undefined
ചാർട്ടർ വിമാന സർവീസ് നടത്താൻ താൽപര്യമുള്ളവരെ സഹായിക്കാൻ എംബസി മുൻകൈയ്യെടുക്കും. ചാർട്ടർ വിമാന സർവീസുകളും അതൊരുക്കുന്നതിനുള്ള വ്യവസ്ഥകളും സംബന്ധിച്ച് എംബസി വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്യും. ഇതുവരെ 20 ചാർട്ടർ വിമാനങ്ങൾക്ക് വേണ്ടി അപേക്ഷകൾ ലഭിച്ചതായി അംബാസഡർ അറിയിച്ചു. 18 എണ്ണം രാജ്യത്തെ വിവിധ കമ്പനികൾ ഒരുക്കുന്നതാണ്. രണ്ടെണ്ണം സംഘടനകൾ സംഘടിപ്പിക്കുന്നതും. സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് നടത്താനുള്ള ശ്രമത്തിനോടൊപ്പം ഇന്ത്യയിലെ ചെറുതും വലുതുമായ ഏതാണ്ടെല്ലാ വിമാനത്താവളങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികളുമുണ്ടാകും.