യുഎഇയില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി; അബുദാബിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് തുടരും

By Web Team  |  First Published Jun 25, 2020, 9:56 AM IST

രാജ്യത്തെ  പൊതു സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും അണുവിമുക്തമാക്കുന്ന നടപടികള്‍ പൂര്‍ത്തിയായതായും എല്ലാ പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ തുടര്‍ന്നും അണുവിമുക്തമാക്കുമെന്നും നാഷണല്‍ ക്രൈസിസി ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റി (എന്‍.സി.ഇ.എം.എ) വക്താവ് ഡോ. സൈഫ് അല്‍ ദാഹെരി പറഞ്ഞു.


അബുദാബി: യുഎഇയില്‍ കഴിഞ്ഞ മൂന്ന് മാസമായി തുടര്‍ന്നുവന്നിരുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഇതോടെ ജനങ്ങളുടെ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ബുധനാഴ്ചയോടെ നീക്കി. പൊതുജനങ്ങള്‍ക്ക് ഇന്നുമുതല്‍ ഏത് സമയത്തും പുറത്തിറങ്ങുകയും സഞ്ചരിക്കുകയും ചെയ്യാം. അതേസമയം അബുദാബിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ തുടരും.

നേരത്തെ ദുബായില്‍ രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണിവരെയും മറ്റ് എമിറേറ്റുകളില്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറ് വരെയും പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. രാജ്യത്തെ  പൊതു സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും അണുവിമുക്തമാക്കുന്ന നടപടികള്‍ പൂര്‍ത്തിയായതായും എല്ലാ പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ തുടര്‍ന്നും അണുവിമുക്തമാക്കുമെന്നും നാഷണല്‍ ക്രൈസിസി ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റി (എന്‍.സി.ഇ.എം.എ) വക്താവ് ഡോ. സൈഫ് അല്‍ ദാഹെരി പറഞ്ഞു.

Latest Videos

undefined

യാത്രാ വിലക്കുകള്‍ നീക്കിയെങ്കിലും അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള പ്രത്യേക നിയന്ത്രണം തുടരുമെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. എമിറേറ്റിനുള്ളില്‍ സ്വതന്ത്രമായി സഞ്ചരിക്കാം. അബുദാബിയില്‍ നിന്ന് പുറത്തുപോകാനും പ്രത്യേക അനുമതി വേണ്ട. എന്നാല്‍ എമിറേറ്റില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം തുടരും. നേരത്തെ ഇളവ് അനുവദിച്ചിരുവന്ന വിഭാഗങ്ങള്‍ക്ക് മാത്രമായിരിക്കും തുടര്‍ന്നും ഇളവ് ലഭിക്കുക.

യുഎഇയില്‍ ഉടനീളം 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഷോപ്പിങ് മാളുകളിലും റസ്റ്റോറന്റുകളിലും പ്രവേശിക്കാനും ഇന്നുമുതല്‍ അനുമതിയുണ്ട്. കാറുകളില്‍ പരമാവധി മൂന്ന് പേര്‍ മാത്രമെന്ന നിബന്ധന തുടരും. ഇതിന് ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഇളവുണ്ട്. കാറില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ എല്ലാവരും മാസ്‍ക് ധരിക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മാസ്കുകളും കൈയുറകളും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൊവിഡ് ബാധ നിയന്ത്രിക്കുന്നതിനായി മാര്‍ച്ച് 26 മുതല്‍ 29 വരെയാണ് ആദ്യം യുഎഇയില്‍ മൂന്ന് ദിവസത്തെ ശുചീകരണ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. രാത്രി എട്ടു മുതല്‍ രാവിലെ ആറ് വരെയായിരുന്നു ആദ്യം സഞ്ചാര വിലക്ക്. പിന്നീട് പല ഘട്ടങ്ങളിലായി ഇത് ദീര്‍ഘിപ്പിക്കുകയും സമയക്രമങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തു. റമദാനോടനുബന്ധിച്ച് ഏപ്രില്‍ 23 മുതലാണ് രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെ കര്‍ഫ്യൂ സമയമാക്കിയത്. 

click me!