ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ യുഎഇ; പരീക്ഷണം മൂന്നാം ഘട്ടത്തില്‍

By Web Team  |  First Published Jun 25, 2020, 2:42 PM IST

ലോകത്ത് ആദ്യമായാണ് ഒരു കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളിലേക്ക് കടക്കുന്നതെന്നും യുഎഇ അധികൃതര്‍ അവകാശപ്പെടുന്നു.


അബുദാബി: കൊവിഡിനെതിരായ വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തിലോ ലഭ്യമാക്കാനാവുമെന്ന് യുഎഇ. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ആരംഭിച്ചതായും ബുധനാഴ്ച യുഎഇ അധികൃതര്‍ അറിയിച്ചു. ചൈനയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് യുഎഇയുടെ പരീക്ഷണം.

ലോകത്ത് ആദ്യമായാണ് ഒരു കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളിലേക്ക് കടക്കുന്നതെന്നും യുഎഇ അധികൃതര്‍ അവകാശപ്പെടുന്നു. ചൈനീസ് കമ്പനിയായ സിനോഫാം, അബുദാബി ആസ്ഥാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ ഗ്രൂപ്പ് 42 (ജി42) എന്നിവ തമ്മില്‍ അടുത്തിടെ ഒപ്പുവെച്ച ധാരണപ്രകാരമാണിത്. അബുദാബി ഹെല്‍ത്ത് അതോരിറ്റിയുടെ മേല്‍നോട്ടത്തില്‍ ജി42 ആയിരിക്കും യുഎഇയിലെ ക്ലിനിക്കല്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്.

Latest Videos

undefined

വാക്സിന്റെ ഒന്നും രണ്ടും പരീക്ഷണ ഘട്ടങ്ങള്‍ വിപരീത ഫലങ്ങളൊന്നുമില്ലാതെ വിജയികരമായി പൂര്‍ത്തിയായിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹുസൈനി പറഞ്ഞു. ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളും ചൈനയിലാണ് നടന്നത്. വാക്സിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് മൂന്ന് ഘട്ടങ്ങളിലുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. രോഗപ്രതിരോധ ശേഷി കൃത്യമായി വിലയിരുത്തി വാക്സിന്‍ഫലപ്രദമാണെന്ന് ഉറപ്പാക്കുകയാണെന്നും അവര്‍ പറഞ്ഞു.

യുഎഇയിലെ വിവിധ ആശുപത്രികളില്‍ നിന്ന് സ്വയം സന്നദ്ധരാവുന്ന വ്യക്തികളിലായിരിക്കും പരീക്ഷണങ്ങള്‍ നടക്കുകയെന്ന് അബുദാബി മീഡിയ ഓഫീസ് ബുധനാഴ്ച ട്വീറ്റ് ചെയ്തു. ലോകമെമ്പാടും കൊവിഡ് വ്യാപനം ചെറുക്കാനുള്ള വാക്സിന്‍ കണ്ടെത്തുന്നതിനായുള്ള ഗവേഷണത്തിന് യുഎഇ ലോകത്തെത്തന്നെ നയിക്കുകയാണെന്ന് അല്‍ ഹുസൈനി പറഞ്ഞു.

click me!