കുടുസ്സുമുറിയില്‍ ദുരിത ജീവിതം നയിച്ച് ഒന്‍പത് പ്രവാസി മലയാളികള്‍; നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

By Web Team  |  First Published Jun 18, 2020, 1:28 PM IST

മസ്‍കത്തിൽ നിന്ന് 120 കിലോമീറ്റർ അകലെ ഇസ്‌കിയിലെ  'ആഫിയ' എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഒരു ഹോട്ടൽ ആന്റ് കോഫി ഷോപ്പിലെ ജീവനക്കാരാണ് ആഹാരത്തിനു പോലും വകയില്ലാതെ ഇപ്പോള്‍ ബുദ്ധിമുട്ടുന്നത്. 


മസ്‍കത്ത്: നാടണയാൻ കഴിയുമോയെന്ന ആശങ്കയിൽ ഒമാനിലെ ഇസ്‌കിയിലെ കുടുസ്സു മുറിയിൽ ഒൻപത് മലയാളികൾ കുടുങ്ങിക്കിടക്കുന്നു. കൊടും ദാരിദ്ര്യത്തിൽ കഴിയുന്ന ഇവരുടെ പക്കൽ ഒരു റിയാലുപോലുമില്ലാത്ത അവസ്ഥയാണ്. മടക്ക യാത്രയ്ക്കുവേണ്ടി ഇന്ത്യൻ എംബസിയുടെയോ സാമൂഹിക സംഘടനകളുടെയോ സഹായത്തിനായി കാത്തിരിക്കുകയാണ് ഈ പ്രവാസികൾ.

മസ്‍കത്തിൽ നിന്ന് 120 കിലോമീറ്റർ അകലെ ഇസ്‌കിയിലെ  'ആഫിയ' എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഒരു ഹോട്ടൽ ആന്റ് കോഫി ഷോപ്പിലെ ജീവനക്കാരാണ് ആഹാരത്തിനു പോലും വകയില്ലാതെ ഇപ്പോള്‍ ബുദ്ധിമുട്ടുന്നത്. മാർച്ചില്‍ ഒമാനിൽ കോവിഡ് വ്യാപനം ആരംഭിച്ചതോടെ അടഞ്ഞുപോയ കോഫി ഷോപ്പ് ഇതുവരെ തുറക്കാൻ സാധിച്ചിട്ടില്ല. നിസ്‍വ- മസ്‍കത്ത് ഹൈവേയിൽ കൂടിയുള്ള യാത്രക്കാരെ ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നുള്ള വരുമാനം പൂർണമായും  നിലച്ചു.

Latest Videos

undefined

സാമൂഹിക പ്രവർത്തകരുടെയും സുമനസ്സുകളുടെയും സഹായത്താൽ ഇതുവരെ ഒരോദിവസവും  തള്ളിനീക്കുകയായിരുന്നെന്നും  ഇനിയും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഷോപ്പ് ഉടമയായ കണ്ണൂർ സ്വദേശി നസ്‌ലിൻ മുഹമ്മദ് പറഞ്ഞു. വാടകയ്ക്കും  ആഹാരത്തിനുമുള്ള പണത്തിന് പുറമെ മരുന്നും ചികിത്സയും ആവശ്യമായവരും സംഘത്തിലുണ്ട്. 

കോഫി ഷോപ്പിലെ മുതിർന്ന ജീവനക്കാരനായ മലപ്പുറം സ്വദേശി നാരായണന്‍ ആസ്‌മ രോഗിയാണ്. മരുന്നിന്റെ ദൗർലഭ്യം കാരണം രോഗം മൂർഛിക്കുമെന്ന ആശങ്കയിലാണ് അദ്ദേഹം. എത്രയും വേഗത്തിൽ വീട്ടിൽ മടങ്ങിയെത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.  സംഘത്തിലെ മിക്കവരുടെയും തൊഴിൽ വിസയുടെ കാലാവധിയും അവസാനിച്ചു. കുടുസ്സുമുറിയിലെ ദുരിതപൂർണമായ ജീവിതത്തിനിടയിലും നാട്ടിലേക്ക് മടങ്ങുവാൻ കഴിയുമോയെന്നതാണ് ഇവരുടെ പ്രധാന ആവശ്യം.

കൊവിഡ് രോഗ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒരു മുറിയ്ക്കുള്ളിൽ തിങ്ങി ഞെരുങ്ങി താമസിക്കുന്നത് തന്നെ അപകടകരവുമാണ്.  സമാനമായ ധാരാളം ആവശ്യങ്ങളും പരാതികളുമാണ് ഒമാന്റെ ഉൾപ്രദേശങ്ങളിൽ താമസിച്ചു വരുന്ന പ്രവാസികൾ ഉയര്‍ത്തുന്നത്. അധികൃതർ എത്രയും  വേഗത്തിൽ പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നാണ് എല്ലാം നഷ്ടപ്പെട്ട് കഴിയുന്ന ഈ പ്രവാസികളുടെ ആവശ്യം.

click me!