'വിലക്കില്ലാത്ത ബഹ്‌റൈനിലേക്ക് വിമാനമില്ല';  പ്രത്യേക സര്‍വ്വീസുകള്‍ വേണമെന്ന ആവശ്യവുമായി പ്രവാസികള്‍

By Web Team  |  First Published Aug 5, 2020, 10:18 PM IST

എയര്‍ ബബിള്‍ സംവിധാനത്തിലൂടെ യു.എ.ഇ, ഒമാന്‍,അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതു പോലെ ബഹ്‌റൈനിലേക്കും യാത്രയ്ക്ക് അവസരമൊരുക്കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.


മനാമ: ബഹ്റൈനിലേക്ക് യാത്രാവിലക്കില്ലാതിരുന്നിട്ടും വിമാനങ്ങള്‍ അനുവദിക്കാത്തതിനാല്‍ തിരികെ മടങ്ങാനാകാതെ മലയാളികളുള്‍പ്പെടെയുള്ള ആയിരങ്ങള്‍. ഇന്ത്യയില്‍ നിന്ന് വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിക്കാതെ വന്നതോടെ ജോലി നഷ്ടമാകുമെന്ന ആശങ്കയിലാണ് ഇവര്‍. കൊവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ് മടക്കയാത്രയിലെ അനിശ്ചിതത്വം.

മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയ പല പ്രവാസികളുടെയും വിസാ കാലാവധി അവസാനിക്കാറായിരിക്കുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പല കമ്പനികളും ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുമ്പോള്‍ ഇനിയും ബഹ്റൈനില്‍ തിരികെയെത്തി ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ വരുമാനമാര്‍ഗം സ്ഥിരമായി നിലയ്ക്കുമോ എന്ന ആശങ്കയില്‍ തുടരുകയാണ് പ്രവാസികള്‍. 

Latest Videos

undefined

നിലവില്‍ വിസയുളളവര്‍ക്ക് ബഹ്റൈനില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല. മറ്റ് രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ ബഹ്‌റൈനില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഇതുവരെ സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. എയര്‍ ബബിള്‍ സംവിധാനത്തിലൂടെ യു.എ.ഇ, ഒമാന്‍,അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതു പോലെ ബഹ്‌റൈനിലേക്കും യാത്രയ്ക്ക് അവസരമൊരുക്കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുളള ധാരണയില്‍ നടത്തുന്ന പ്രത്യേക സര്‍വീസാണ് എയര്‍ ബബിള്‍. ബഹ്റൈനിലേക്ക് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ വിവിധ പ്രവാസി സംഘടനകള്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എയര്‍ ബബിള്‍ നിലവില്‍ വന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കാനാകും. ദുബായിലേക്കുളള നിരക്ക് കുറഞ്ഞത് ഇതിന് ഉദാഹരണമാണ്. കൊവിഡ് പ്രതിസന്ധിയില്‍ വരുമാനം നിലച്ച പ്രവാസികള്‍ക്ക് ഗുണകരമാകും വിധം എയര്‍ബബിള്‍ സംവിധാനം യാഥാര്‍ത്ഥ്യമാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

പുതിയ ജോലി കിട്ടിയ ശേഷം നാട്ടില്‍ പോയി തിരിച്ച് വരാനാകാതെ ബുദ്ധിമുട്ടുകയാണ് തിരുവനന്തപുരം സ്വദേശിയായ അജ്മല്‍. തിരിച്ച് പോക്ക് വൈകിയാല്‍ ജോലി നഷ്ടുമെന്ന ആശങ്കയിലാണ്. മറ്റ് രാജ്യങ്ങളിലേക്ക് എയര്‍ബബിള്‍ വഴി വിമാന യാത്ര സൗകര്യമൊരുക്കിയ പോലെ ബഹ്റൈനിലേക്കും സര്‍വീസ് തുടങ്ങണമെന്ന് അജ്മല്‍ ആവശ്യപ്പെടുന്നു. 

ബഹ്റൈനില്‍ പഴം-പച്ചക്കറി ഷോപ്പ് നടത്തുന്ന കോഴിക്കോട് ഊരാട്ടുര്‍ സ്വദേശി റഫീഖ് ബന്ധുവിന്റെ കല്യാണത്തിനാണ് നാട്ടിലെത്തിയത്. ബഹ്റൈനിലേക്ക് തിരിച്ച് പോകാന്‍ കഴിയാത്തത് കച്ചവടത്തെ ബാധിച്ചെന്നും ഉടന്‍ സര്‍ക്കാര്‍ ഇതിന് പ്രതിവിധി കാണണമെന്നും ആവശ്യപ്പെടുന്നു. എയര്‍ബബിള്‍ വഴിയോ മറ്റോ ബഹ്റൈനിലേക്ക് വിമാന സര്‍വീസ് തുടങ്ങിയില്ലെങ്കില്‍ നിരവധി കുടുംബങ്ങളെ ഇത് ബാധിക്കുമെന്ന് കുറച്ച് ദിവസത്തേക്കായി മാര്‍ച്ചില്‍ കുട്ടികളോടൊപ്പം നാട്ടിലെത്തിയ കോഴിക്കോട് ചെറുകുളം സ്വദേശി സുനിത അഭിപ്രായപ്പെട്ടു.

ഈജിപ്ത്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരെ ബഹ്റൈനില്‍ യാത്രക്കാര്‍ എത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നും ബഹ്റൈനിലേക്ക് സര്‍വീസ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നാട്ടില്‍ അകപ്പെട്ട നിരവധി പേരുടെ വിസ ഇതിനകം അവസാനിച്ചിട്ടുണ്ട്. നാട്ടില്‍ നിന്നുകൊണ്ട് വിസ പുതുക്കല്‍ എളുപ്പമല്ല. അതുകൊണ്ട് തന്നെ ഇനിയും വിമാന സര്‍വ്വീസുകള്‍ അനുവദിച്ചില്ലെങ്കില്‍ പ്രവാസികളുടെ ദുരിതം വര്‍ധിക്കും.

click me!