സൗദിയില്‍ ജോലിക്കിടെ വാട്ടര്‍ പൈപ്പ് ലൈനിനുള്ളില്‍ കുടുങ്ങി ആറ് തൊഴിലാളികള്‍ മരിച്ചു

By Web Team  |  First Published Jun 11, 2020, 8:13 PM IST

സിവില്‍ ഡിഫന്‍സ് അധികൃതര്‍ നടത്തിയ തെരച്ചിലില്‍ പൈപ്പിനകത്ത് 360 മീറ്റര്‍ ദൂരെ ബോധരഹിതരായി കിടക്കുന്ന നിലയില്‍ ആറു പേരെയും കണ്ടെത്തി.


റിയാദ്: പൈപ്പ് ലൈന്‍ പണിക്കിടെ അതിനുള്ളില്‍ കുടുങ്ങി ആറ് തൊഴിലാളികള്‍ സൗദി അറേബ്യയില്‍ മരിച്ചു. റിയാദ് നഗരത്തിന്റെ തെക്ക് ഭാഗമായ അസീസിയ ഡിസ്ട്രിക്ടിലാണ് സംഭവം. ജലപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പൈപ്പിനകത്താണ് ദുരന്തം സംഭവിച്ചത്.

 400 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വ്യാസവുമുള്ള പൈപ്പിനകത്ത് ആറു തൊഴിലാളികളെ കാണാതായതായി ബുധനാഴ്ച രാത്രി ഒമ്പതരക്കാണ് സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിച്ചതെന്ന് റിയാദ് പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്‍ഹിമാദി പറഞ്ഞു. പദ്ധതി നടപ്പാക്കുന്ന കമ്പനിക്കു കീഴിലെ തൊഴിലാളികളെയാണ് കാണാതായത്. പൈപ്പിനകത്ത് ജോലിയിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് പുറത്തുകടക്കാന്‍ കഴിയാതെയാവുകയായിരുന്നു. പുറത്തുള്ള സഹപ്രവര്‍ത്തകരുമായി ബന്ധപ്പെടാനും ഇവര്‍ക്ക്  സാധിച്ചില്ല.

Latest Videos

undefined

സിവില്‍ ഡിഫന്‍സ് അധികൃതര്‍ നടത്തിയ തെരച്ചിലില്‍ പൈപ്പിനകത്ത് 360 മീറ്റര്‍ ദൂരെ ബോധരഹിതരായി കിടക്കുന്ന നിലയില്‍ ആറു പേരെയും കണ്ടെത്തി. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പൈപ്പില്‍ ദ്വാരങ്ങളുണ്ടാക്കി ആറു പേരെയും പുറത്തെടുത്തു. സംഭവസ്ഥലത്തുണ്ടായിരുന്ന മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആറു പേരുടേയും മരണം സ്ഥിരീകരിച്ചു. അപകട കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. 

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

 

click me!