ഇഖാമ കാലാവധി അവസാനിച്ച വിദേശ തൊഴിലാളികളുടെ ലെവി അനിവാര്യമായ കാരണങ്ങളുണ്ടെങ്കിൽ ഒരുമാസം കൂടി ഒഴിവാക്കും
റിയാദ്: കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ സ്വകാര്യ മേഖലയ്ക്ക് ആശ്വാസ പാക്കേജിന്റെ ഭാഗമായി സൗദി സർക്കാർ പ്രഖ്യാപിച്ച ഇളവുകളിൽ ചിലത് നീട്ടി നൽകാൻ തീരുമാനിച്ചു. മാർച്ച് മുതൽ അനുവദിച്ച ഇളവുകൾ മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിലാണ് കൂടുതൽ കാലത്തേക്ക് നീട്ടിനൽകാൻ സൗദി ഉന്നത സഭ തീരുമാനമെടുത്തത്.
കൊവിഡ് പ്രതിസന്ധി ആരംഭിച്ച സാഹചര്യത്തിൽ 142 ഇനങ്ങളിലായി 214 ശതകോടി റിയാലിന്റെ ഇളവാണ് സൗദി സർക്കാർ രാജ്യത്തെ സ്വകാര്യ മേഖലക്ക് ആശ്വാസമായി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ ഏതാനും ഇളവുകളാണ് മൂന്ന് മാസത്തിന് ശേഷവും തുടരാൻ ഉന്നത സഭ തീരുമാനിച്ചിരിക്കുന്നത്.
undefined
സ്വകാര്യ മേഖലയെ മൊത്തത്തിലും നിക്ഷേപകരെ പ്രത്യേകിച്ചും കോവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇളവ് നീട്ടുന്നത്.
സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാർക്ക് വേതന സംരക്ഷണ സംവിധാനമായ ‘സാനിദ്’ ആനുകൂല്യം ലഭിക്കൽ, റിക്രൂട്ടിങ്ങ് നടപടികളിന്മേലുള്ള സാമ്പത്തിക പിഴ ഒഴിവാക്കൽ, സ്വകാര്യസ്ഥാപനങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള സർക്കാർ സേവനങ്ങൾ നിർത്തിവെക്കുന്നത് ഒഴിവാക്കൽ, സ്വദേശികളെ നിയമിച്ചാൽ കാലതാമസം വരുത്താതെ ഉടനെ തന്നെ സ്വദേശിവത്കരണ പദ്ധതിയായ ‘നിതാഖത്തി’ൽ ഉൾപ്പെടുത്തി നിയമപ്രാബല്യം നൽകൽ, വേതനസുരക്ഷാ നിയമം പാലിക്കാത്തതിനെതിരെയുള്ള ശിക്ഷാനടപടി ഒഴിവാക്കൽ, കസ്റ്റംസ് തീരുവ അടയ്ക്കലിനുള്ള സാവകാശം ഒരു മാസം വരെയാക്കി നീട്ടി നൽകൽ, മൂല്യ വർധിത നികുതി അടയ്ക്കുന്നതിന് സാവകാശം അനുവദിക്കൽ, ഇഖാമ കാലാവധി അവസാനിച്ച വിദേശ തൊഴിലാളികളുടെ ലെവി അനിവാര്യമായ അനിവാര്യമായ കാരണങ്ങളുണ്ടെങ്കിൽ ഒരു മാസത്തേക്ക് കൂടി ഒഴിവാക്കൽ തുടങ്ങിയ ഇളവുകളാണ് വീണ്ടും അനുവദിച്ചിരിക്കുന്നത്.