പ്രവാസികളുടെ കൊവിഡ് പരിശോധന; കേന്ദ്രവുമായി ചര്‍ച്ച തുടരുന്നു, വിശദാംശങ്ങളറിയിച്ച് മുഖ്യമന്ത്രി

By Web Team  |  First Published Jun 23, 2020, 7:15 PM IST

യുഎഇയാണ് റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ് നടത്തുന്നത്. ഖത്തറില്‍ ഒരു പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കുന്നവരെ മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ.


തിരുവനന്തപുരം: പ്രവാസികളുടെ കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലുള്ള മാര്‍ഗങ്ങള്‍ തേടുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ജൂണ്‍ 15 മുതല്‍ 22 വരെയുള്ള വിവരങ്ങള്‍ വിശകലനം ചെയ്താല്‍ ആകെ രോഗികളില്‍ 95 ശതമാനവും പുറത്ത് നിന്ന് കേരളത്തില്‍ വന്നവരാണ്. കൊവിഡ് വ്യാപനത്തിന്‍റെ തോത് സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടുകയാണ്. അതിന്‍റെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ ടെസ്റ്റ് നടത്തി രോഗബാധിതരെയും രോഗം ഇല്ലാത്തവരെയും വേര്‍തിരിച്ച് കാണണമെന്ന ആവശ്യം ഉയര്‍ത്തിയത്. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ സംസ്ഥാനം കത്തുകള്‍ അയച്ചിരുന്നു. വിദേശമന്ത്രാലയത്തിനും തുടര്‍ച്ചയായി കത്തെഴുതി.

Latest Videos

undefined

ഇതിന്‍റെ ഭാഗമായി വിദേശരാജ്യങ്ങളില്‍ വിമാനയാത്രക്കാരെ കൊവിഡ് പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് വിദേശമന്ത്രാലയം വിവിധ രാജ്യങ്ങളിലെ മിഷനുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങള്‍ വിദേശമന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. യുഎഇയാണ് റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ് നടത്തുന്നത്. ഖത്തറില്‍ ഒരു പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കുന്നവരെ മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ. കുവൈത്തില്‍ രണ്ട് ടെര്‍മിനലുകളില്‍ മാത്രമാണ് ഇപ്പോള്‍ ടെസ്റ്റ് നടത്തുന്നത്. അവിടുത്തെ എയര്‍ലൈന്‍ കന്പനികളുടെ ആവശ്യാനുസരണം മാത്രമെ കൂടുതല്‍ ടെര്‍മിനലുകളില്‍ മാത്രമെ വ്യാപിപ്പിക്കാനാകൂ എന്നാണ് വിദേശമന്ത്രാലയം അറിയിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് ഒന്നിന് ഏകദേശം 1000 രൂപയാണ് ചെലവ് വരുക. ഒമാനില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ മാത്രമാണ് ഉള്ളത്. സ്വകാര്യ ആശുപത്രികളെ എംബസി സമീപിച്ചിട്ടുണ്ട്. ജൂണ്‍ 25ന് ഇത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. സൗദിയിലും റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ബഹ്റൈനിലും ഇതിന് ബുദ്ധിമുട്ടുണ്ടെന്നാണ് അറിയിപ്പ് ലഭിച്ചത്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ജൂണ്‍ 25 ന് ചാര്‍ട്ടേഡ് വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും വരുമ്പോള്‍ യാത്രക്കാര്‍ കൊവിഡ് പരിശോധന നടത്തണമെന്നാണ് നിലവില്‍ പറഞ്ഞിട്ടുള്ളത്. പ്രവാസികള്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ ഇത് എങ്ങനെ കൈകാര്യം ചെയ്യാമെന്നത് കേന്ദ്രവുമായി ചര്‍ച്ച ചെയ്യുകയാണ്. ഉടനെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദമാക്കി.

click me!