ജിദ്ദയിലെ പ്രധാന റോഡിലൂടെ ഓടിപ്പോകുന്ന ഒട്ടകപ്പക്ഷിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
ജിദ്ദ: സൗദി അറേബ്യയിലെ തിരക്കേറിയ റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ച ഒട്ടകപ്പക്ഷിയെ ട്രാഫിക് പോലീസ് പിടികൂടി. ജിദ്ദയിലെ പ്രധാന റോഡിലൂടെ ഓടിപ്പോകുന്ന ഒട്ടകപ്പക്ഷിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടാണ് ഒട്ടകപ്പക്ഷി റോഡിലെത്തിയത്. ഇതിനെ സുരക്ഷിതമായി പിടികൂടി റിസർവ് കേന്ദ്രത്തിൽ തിരികെയെത്തിച്ചതായി സൗദി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം വടക്കു കിഴക്കൻ ജിദ്ദയിലെ റിസർവിൽ നിന്ന് ഓടിപ്പോയ ഒട്ടകപ്പക്ഷിയെ ഹറമൈൻ റോഡിൽ കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെയാണ് അധികൃതർ വിജയകരമായി പിടികൂടിയത്. വേഗതയ്ക്ക് പേരുകേട്ടതാണ് ഒട്ടകപ്പക്ഷി. ഇത് വാഹനങ്ങൾക്കിടയിലൂടെ ഓടിയെങ്കിലും തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിവായത്. റോഡിലെ ട്രാഫിക് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് അപകടങ്ങൾ ഒഴിവായതെന്നും റോഡിൽ വാഹനങ്ങൾ നിയന്ത്രിച്ചതും വാഹനങ്ങളിൽ തട്ടാതെ ഒട്ടകപ്പക്ഷിയെ മാറ്റാനും ഇതിലൂടെ കഴിഞ്ഞെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കനത്ത ഗതാഗത കുരുക്കിനിടെയിലും വാഹനങ്ങളിൽ തട്ടാതെ ഒട്ടകപ്പക്ഷിയെ സുരക്ഷിതമായി മാറ്റാൻ സാധിച്ചു. ഒട്ടകപ്പക്ഷിയെ പിടികൂടാനും സുരക്ഷിതമായി തിരികെയെത്തിക്കാനും പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സംഭവത്തിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്നും പ്രതികരണങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.