44,291 ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ 450 കൊവിഡ് രോഗികളെ കണ്ടെത്തിയതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അബുദാബി: യുഎഇയില്‍ ഇന്നലെ 450 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ 702 പേര്‍ക്കാണ് രോഗം ഭേദമായത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ ഇന്നലെ മരണപ്പെടുകയും ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതുവരെ 46,133 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 34,405 പേരും രോഗ മുക്തരായി. ഇതുവരെ 307 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 44,291 ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ 450 കൊവിഡ് രോഗികളെ കണ്ടെത്തിയതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു.
യുഎഇയില്‍ കഴിഞ്ഞ മൂന്ന് മാസമായി തുടര്‍ന്നുവന്നിരുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങളും ഇന്നലെ പൂര്‍ത്തിയായി. ഇതോടെ ജനങ്ങളുടെ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ബുധനാഴ്ചയോടെ നീക്കി. പൊതുജനങ്ങള്‍ക്ക് ഇന്നുമുതല്‍ ഏത് സമയത്തും പുറത്തിറങ്ങുകയും സഞ്ചരിക്കുകയും ചെയ്യാം. അതേസമയം അബുദാബിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ തുടരും.