അനുമതിപത്രമുള്ളവര്‍ക്കു മാത്രമാണ് പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശനം. എന്നാല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല.
മക്ക: ഹജ്ജ് പൂര്‍ത്തിയാകുന്നതുവരെ മിനായിലും അറഫയിലും മുസ്ദലിഫയിലും പ്രവേശിക്കുന്നതിന് വിലക്ക്. അനുമതിപത്രം ഉള്ളവര്‍ക്ക് മാത്രം പുണ്യ സ്ഥലങ്ങളില്‍ പ്രവേശനമെന്ന് ഹജ്ജ് സുരക്ഷാ വിഭാഗം അറിയിച്ചു.
ഹജ്ജ് പൂര്‍ത്തിയാകുന്നതുവരെ മിനായിലും അറഫയിലും മുസ്ദലിഫയിലും പ്രവേശിക്കുന്നതിന് മാത്രമാണ് വിലക്കുള്ളതെന്ന് ഹജ്ജ് സുരക്ഷാ വിഭാഗം മേധാവി ബ്രിഗേഡിയര്‍ താരിഖ് അല്‍ ഗുബാന്‍ വ്യക്തമാക്കി. അനുമതിപത്രമുള്ളവര്‍ക്കു മാത്രമാണ് പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശനം. എന്നാല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹജ്ജിനു മുന്‍പായി വിശുദ്ധ കഅബാലയത്തിന്റെ കിസ്വ ഉയര്‍ത്തിക്കെട്ടുന്ന ചടങ്ങു പൂര്‍ത്തിയായി.
അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ ഹറം ദിവസേന പത്തു തവണ അണുവിമുക്തമാക്കുന്നതായി ഹറം കാര്യ വകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു. തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും സൗദി ഭരണകൂടം സ്വീകരിച്ചതായും ഹറം കാര്യ വകുപ്പ് മേധാവി പറഞ്ഞു. വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമാക്കി അറഫാ ദിനത്തിലും പെരുനാള്‍ ദിനത്തിലും മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്ക് അടച്ചിടും.