നാട്ടിലേക്കുള്ള വിമാനങ്ങളില്‍ പ്രവാസികളുടെ തിരക്കൊഴിയുന്നു; ആളില്ലാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കി

By Web Team  |  First Published Jul 4, 2020, 11:48 PM IST

വന്ദേ ഭാരത് ദൗത്യത്തിന്റെ  നാലാം ഘട്ടത്തിൽ ആദ്യം 16 സര്‍വീസുകളായിരുന്നു ഒമാനില്‍ നിന്ന് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് 11 സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇതോടെ ഒമാനില്‍ നിന്ന് നാലാം ഘട്ടത്തില്‍ 27 വിമാനങ്ങള്‍ പ്രവാസികളെ നാട്ടിലെത്തിക്കും. 


മസ്‍കത്ത്: വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് 27 വിമാനങ്ങള്‍ സര്‍വീസ് നടത്തും. അതേസമയം നാട്ടിലേക്കുള്ള വിമാനങ്ങളില്‍ തിരക്കൊഴിയുന്നുവെന്നാണ് ഒമാനിലെ സാമൂഹ്യ പ്രവർത്തകർ പറയുന്നത്. ആളില്ലാത്തതിനാല്‍  ഒമാനിൽ നിന്നുമുള്ള ചാർട്ടേർഡ്  വിമാനങ്ങൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.

വന്ദേ ഭാരത് ദൗത്യത്തിന്റെ  നാലാം ഘട്ടത്തിൽ ആദ്യം 16 സര്‍വീസുകളായിരുന്നു ഒമാനില്‍ നിന്ന് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് 11 സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇതോടെ ഒമാനില്‍ നിന്ന് നാലാം ഘട്ടത്തില്‍ 27 വിമാനങ്ങള്‍ പ്രവാസികളെ നാട്ടിലെത്തിക്കും. കേരരളത്തിലേക്കുള്ള 12 സർവീസുകൾക്ക് പുറമെ ചെന്നൈ, മംഗളൂരു, ഹൈദരാബാദ്‌, മുംബൈ, ഡൽഹി, ലക്‌നൗ, ശ്രീനഗർ, അഹമ്മദാബാദ്‌ എന്നിവടങ്ങളിലേക്കും  മസ്‍കത്തിൽ നിന്നും സർവീസുകൾ ഉണ്ടായിരിക്കും.

Latest Videos

undefined

അതേസമയം ഒമാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതോടെ ചാർട്ടേർഡ് വിമാനങ്ങളില്‍ തിരക്കൊഴിയുന്നുവെന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രവാസികളുടെ  മടങ്ങിപ്പോക്ക് വളരെ കുറഞ്ഞതായിട്ടാണ് കാണുന്നതെന്ന് ഡബ്ലിയൂ.എം.സി ചാർട്ടേർഡ് ഫ്ലൈറ്റ് കോർഡിനേറ്റർ സാബു കുര്യൻ പറഞ്ഞു. ധാരാളം തൊഴിലാളികൾ അനൂകൂല്യങ്ങൾ ലഭിക്കാതെ ഒമാനിൽ കുടുങ്ങി കിടക്കുന്നുണ്ട്. അവർ അത് ലഭിക്കാതെ മടക്ക യാത്രക്ക് തയ്യാറാകുന്നില്ല. ഇതിന് പുറമെ വന്ദേ ഭാരത് സർവീസുകളുടെ എണ്ണം കൂടിയത് കൊണ്ടും കൂടുതൽ പണം ചാർട്ടേർഡ് വിമാനങ്ങൾക്കു നൽകി മടങ്ങിപ്പോകാന്‍ പ്രവാസികൾ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സലാലയിൽ നിന്നും മസ്‍കത്തില്‍ നിന്നും  കോഴിക്കോട്ടേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന രണ്ട്  ചാർട്ടേർഡ്  വിമാനങ്ങള്‍, യാത്രക്കാർ ഇല്ലാത്തതിനാൽ റദ്ദാക്കുകയും  ചെയ്തിട്ടുണ്ട്. സാമൂഹ്യ സംഘടനകൾ  പ്രഖ്യാപിച്ചിരുന്ന പല ചാർട്ടേർഡ് വിമാന സർവീസുകളിൽ നിന്നും  പലരും പിൻവാങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ജൂലായ് ഒന്നിന് ആരംഭിച്ച  വന്ദേ ഭാരത്  ദൗത്യത്തിന്റെ നാലാം ഘട്ടത്തില്‍  അയ്യായിരത്തോളം പ്രവാസികൾ  നാട്ടിലെത്തുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

click me!