യുഎഇയില്‍ ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍

By Web Team  |  First Published Jun 14, 2020, 8:41 AM IST

സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കായി എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. നിര്‍ജലീകരണം ഒഴിവാക്കാനുള്ള പാനീയങ്ങളും തണുത്ത വെള്ളവും നല്‍കണം.


അബുദാബി: യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാനവവിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള ജോലികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വിലക്കുണ്ടാകും. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് നിയന്ത്രണം.

ഉഷ്‍ണകാലത്ത് തൊഴിലാളികളുടെ സംരക്ഷണാര്‍ത്ഥം നടപ്പാക്കുന്ന നിയമം യുഎഇ മാനവവിഭവ ശേഷി-സ്വദേശിവത്കരണ മന്ത്രി നാസിര്‍ ബിന്‍ ഥാനി അല്‍ ഹംലിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ അത്യാവശ്യ ജോലികള്‍ക്ക് ഇളവ് ലഭിക്കും. സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കായി എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. നിര്‍ജലീകരണം ഒഴിവാക്കാനുള്ള പാനീയങ്ങളും തണുത്ത വെള്ളവും നല്‍കണം. കൊവിഡ് ജാഗ്രതയുടെ ഭാഗമായുള്ള മുന്‍കരുതലുകള്‍ക്കും പ്രഥമ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും പുറമെയാണിത്. ഒരു ദിവസത്തെ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുതെന്നാണ് നിര്‍ദ്ദേശം. കൂടുതല്‍ സമയം ജോലി ചെയ്താല്‍ ഇത് ഓവര്‍ ടൈം ആയി കണക്കാക്കി പ്രത്യേക വേതനം നല്‍കണം.

Latest Videos

ഉച്ച വിശ്രമ ഇടവേളയില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതെ വിശ്രമിക്കാന്‍ അനുയോജ്യമായ സ്ഥലസൗകര്യം എല്ലാ തൊഴിലുടമകളും സജ്ജമാക്കണം. തൊഴിലാളികള്‍ക്ക് എട്ട് മണിക്കൂറിലധികും ജോലി ചെയ്യേണ്ടി വന്നാല്‍ പിന്നീടുള്ള ഓരോ മണിക്കൂറും നിയമപ്രകാരം അധിക ജോലിയായി കണക്കാക്കും. നിയമലംഘനത്തിന് ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതം പിഴയീടാക്കും. പരമാവധി 50,000 ദിര്‍ഹം വരെ ഇങ്ങനെ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

click me!