ആഗോളതല ഫൈനൽ മത്സരത്തിൽ മൂന്നു വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ കാഷ് അവാർഡും സാക്ഷ്യപത്രവും മലയാളം മിഷൻ നൽകും.
റിയാദ്: മലയാളത്തിന്‍റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർഥം മലയാളം മിഷൻ നടത്തുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്‍റെ സൗദിഅറേബ്യ ചാപ്റ്റർ തല മത്സര വിജയികളെ പ്രഖ്യാപിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ അഫ്‌സാന ഷായും (ബുറൈദ), ജൂനിയർ വിഭാഗത്തിൽ ശ്രാവൺ സുധീറും (ദമ്മാം), സീനിയർ വിഭാഗത്തിൽ നാദിയ നൗഫലും (ജിദ്ദ) ഒന്നാം സ്ഥാനം നേടി. സബ് ജൂനിയർ വിഭാഗത്തിൽ സൗപർണിക അനിൽ (ദമ്മാം), ആഞ്‌ജലീന മരിയ ജോഷി (റിയാദ്), ജൂനിയർ വിഭാഗത്തിൽ ഇഹ്‌സാൻ ഹമദ് മൂപ്പൻ (ദമ്മാം), അൽന എലിസബത്ത് ജോഷി (റിയാദ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേഹാ പുഷ്പരാജാണ് (റിയാദ്) നേടിയത്. മലയാളം മിഷൻ സൗദി ചാപ്റ്ററിന് കീഴിലുള്ള റിയാദ്, ദമ്മാം, ജിദ്ദ, അൽഖസീം, തബൂക്ക്, നജ്‌റാൻ, അബഹ, ജിസാൻ എന്നീ മേഖലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 40ഓളം വിദ്യാർഥികളാണ് ചാപ്റ്റർ തല മത്സരത്തിൽ പങ്കെടുത്തത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായുള്ള മത്സരത്തിൽ യഥാക്രമം ചങ്ങമ്പുഴയുടെയും ബാലാമണിയമ്മയുടെയും ഇടശ്ശേരിയുടയും കവിതകളാണ് മത്സരാർഥികൾ ചൊല്ലിയത്.
പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. പി. മുരളീധരൻ, എഴുത്തുകാരായ സബീന എം. സാലി, ടോണി എം. ആൻറണി, പി. ശിവപ്രസാദ് എന്നിവർ വിധികർത്താക്കളായിരുന്നു. മലയാളം മിഷൻ സൗദി ചാപ്റ്റർ ചെയർമാൻ താഹ കൊല്ലേത്ത് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കാവ്യാലാപന മത്സരത്തിെൻറ നിബന്ധനകളും നിർദേശങ്ങളും മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ വിശദീകരിച്ചു.
ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം, കൺവീനർ ഷിബു തിരുവനന്തപുരം, വൈസ് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ എന്നിവർ സംസാരിച്ചു. വിദഗ്‌ധ സമിതി വൈസ് ചെയർമാൻ ഡോ. രമേശ് മൂച്ചിക്കൽ, അംഗങ്ങളായ സീബ കൂവോട്, വി.കെ. ഷഹീബ എന്നിവർ മത്സര പരിപാടികൾ നിയന്ത്രിച്ചു. വിദഗ്‌ധ സമിതി ചെയർപേഴ്‌സൺ ഷാഹിദ ഷാനവാസ്, റഫീഖ് പത്തനാപുരം, നിഖില സമീർ, പ്രിയ വിനോദ്, സാജിദ മുഹമ്മദ് അലി, സുരേഷ് ലാൽ, നിഷ നൗഫൽ, ഷാനവാസ് കളത്തിൽ, പി.കെ. ജുനൈസ്, ഉബൈസ് മുസ്തഫ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. മാതൃഭാഷയുടെ ജീവിതപരിസരങ്ങളിൽ നിന്നും അകന്ന് പ്രവാസലോകത്ത് വിദേശഭാഷകളിലൂടെ പഠനം നടത്തുന്ന വിദ്യാർഥികളുടെ മികച്ച പ്രകടനം കാവ്യാലാപന മത്സരത്തിെൻറ മൂല്യനിർണയത്തിൽ വെല്ലുവിളി ഉയർത്തിയതായും വിധികർത്താക്കൾ പറഞ്ഞു.
Read Also - 'ആടുജീവിത'ത്തിലെ ക്രൂരനായ 'അർബാബ്' കഥാപാത്രം, നടന് സൗദി അറേബ്യയിൽ വിലക്ക്? പ്രതികരണവുമായി താലിബ് അല്‍ ബലൂഷി
സൗദി ചാപ്റ്റർ തല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മൂന്നു മത്സര വിഭാഗങ്ങളിലേയും വിജയികൾക്ക് സൗദി ചാപ്റ്റർ കമ്മിറ്റി സാക്ഷ്യപത്രവും സമ്മാനവും നൽകുകയും ആഗോളതല ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുമെന്ന് ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫനും വിദഗ്‌ധ സമിതി ചെയർപേഴ്‌സൺ ഷാഹിദ ഷാനവാസും അറിയിച്ചു. ‘സുഗതാഞ്ജലി’ ആഗോളതല മത്സരം മലയാളം മിഷൻ കേന്ദ്ര ഓഫീസിെൻറ നേതൃത്വത്തിൽ നവംബറിൽ നടത്തും. ആഗോളതല ഫൈനൽ മത്സരത്തിൽ മൂന്നു വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ കാഷ് അവാർഡും സാക്ഷ്യപത്രവും മലയാളം മിഷൻ നൽകും. മലയാളത്തിലെ പ്രമുഖ കവികളടങ്ങുന്ന സമിതിയായിരിക്കും ഫൈനൽ മത്സരത്തിെൻറ വിധിനിർണയിക്കുന്നത്.
(ഫോട്ടോ: അഫ്‌സാന ഷാ, സൗപർണിക അനിൽ, ആഞ്‌ജലീന മരിയ ജോഷി, ശ്രാവൺ സുധീർ, എഹ്സാൻ ഹമദ് മൂപ്പൻ, അൽന എലിസബത്ത് ജോഷി, നാദിയ നൗഫൽ, നേഹ പുഷ്പരാജ്)