കമ്മിറ്റി പിരിച്ചുവിടുന്നതിനുള്ള കാരണങ്ങളോ മറ്റോ വ്യക്തമാക്കിയിട്ടില്ല. ഗ്ലോബൽ കമ്മിറ്റിയിലും ഒമാനിൽ നിന്നും അംഗങ്ങളുണ്ടായിരുന്നു.
മസ്കറ്റ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി / ഇൻകാസ്) ഗ്ലോബൽ കമ്മിറ്റി പിരിച്ചുവിട്ടു. ഒമാനിൽ നിന്നുള്ള ശങ്കരപ്പിള്ള കുമ്പളത്ത് ചെയർമാനായിട്ടുള്ള കമ്മിറ്റിയാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ പിരിച്ചുവിട്ടത്. ഇത് സംബന്ധിച്ച് ഗ്ലോബൽ പ്രസിഡന്റിനും കെ.പി.സി.സി ജനറൽ സെക്രട്ടറിക്കും ഒ.ഐ.സി.സി/ഇൻകാസ് ചുമതലയുള്ള കെ.പി.സി.സി ഭാരവാഹികൾക്കും ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾക്കും നാഷനൽ പ്രസിഡന്റുമാർക്കും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
കമ്മിറ്റി പിരിച്ചുവിടുന്നതിനുള്ള കാരണങ്ങളോ മറ്റോ വ്യക്തമാക്കിയിട്ടില്ല. ഗ്ലോബൽ കമ്മിറ്റിയിലും ഒമാനിൽ നിന്നും അംഗങ്ങളുണ്ടായിരുന്നു. ജി.സി.സി രാഷ്ട്രങ്ങൾക്ക് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ.പി.സി.സിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഒ.ഐ.സി.സി / ഇൻകാസ് കമ്മിറ്റികളെ നിയന്ത്രിച്ചിരുന്നത് ഗ്ലോബൽ കമ്മിറ്റിയായിരുന്നു.
നേരത്തെ ഗ്ലോബൽ തലത്തിൽ ഭാരവാഹി മാറ്റം ഉണ്ടാവുകയും ഇതിന് തുടർച്ചയായി ഒമാനിൽ അടക്കം പുതിയ കമ്മിറ്റി വരുകയും ചെയ്തിരുന്നു. ഇതിനിടെ ഗ്ലോബൽ ചെയർമാനായി ശങ്കരപ്പിളത്ത് കുമ്പളത്ത് തുടരവെ തന്നെ പ്രസിഡന്റ് പദവിയിലേക്ക് യു.എസ്.എയിൽ നിന്നുള്ള ജെയിംസ് കൂടലിനെ മാസങ്ങൾക്ക് മുമ്പ് തിരഞ്ഞെടുത്തിരുന്നു.
നിലവിൽ ഒ.ഐ.സി.സിയുടെ ചുമതലയുള്ള കെ.പി.സി.സി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബൽ കമ്മിറ്റി പുനഃസംഘടിപ്പിക്കുവാനും നിലവിലുള്ള ഒ.ഐ.സി.സി/ഇൻകാസ് സംഘടനാ സംവിധാനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിനും സംഘടന ഇല്ലാത്ത രാജ്യങ്ങളിൽ പ്രവർത്തനം സജ്ജമാക്കാനും ജെയിംസ് കൂടലിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വയനാട്ടിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഒ ഐ സി സി/ഇൻകാസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സന്നദ്ധ സഹായ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ചുമതലയും ജെയിംസ് കൂടലിന് കെ.പി.സി.സി നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം