ദുരന്തവാര്‍ത്തയറിഞ്ഞ ഓരോരുത്തരുടെയും ഉള്ളിലെ കണ്ണീര്‍ക്കണമായി മാറുകയാണ് കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പൊലിഞ്ഞ രണ്ടു വയസ്സുകാരി ആയിഷ ദുആ.
ദുബായ്: കുഞ്ഞു മകളുടെ കളിചിരികള്‍ കണ്ട് കൊതിതീരാതെ ഏറെ വിഷമത്തോടെ അവളെ നാട്ടിലേക്ക് യാത്രയാക്കുന്നതിന് മുമ്പ് ദുബായിലുള്ള പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുര്‍തസ ഫൈസല്‍ പകര്‍ത്തിയ ചിത്രമാണിത്. തന്റെ നെഞ്ചോട് പറ്റിച്ചേര്‍ന്നിരിക്കുന്ന കുഞ്ഞ് ഇനി എക്കാലവും നെഞ്ചിലെ തീരാ നോവാകുമെന്ന് ഫൈസല്‍ അറിഞ്ഞിരുന്നില്ല. പ്രിയതമയെയും മകളെയും നാട്ടിലേക്കുള്ള വിമാനത്തില്‍ കയറ്റിവിട്ട ഫൈസല്‍ പിന്നെയറിഞ്ഞത് പറന്നിറങ്ങിയ ദുരന്തവും അതില്‍ പൊലിഞ്ഞ കുഞ്ഞുപുഞ്ചിരിയും...
ദുരന്തവാര്‍ത്തയറിഞ്ഞ ഓരോരുത്തരുടെയും ഉള്ളിലെ കണ്ണീര്‍ക്കണമായി മാറുകയാണ് കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പൊലിഞ്ഞ ആയിഷ ദുആ. ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഫൈസല്‍ ഭാര്യ സുമയ്യ തസ്‌നീമി(27)യെയും മകള്‍ ആയിഷ ദുആയെയും മാര്‍ച്ച് ഒന്നിനാണ് സന്ദര്‍ശക വിസയില്‍ ദുബായിലേക്ക് കൊണ്ടുവന്നത്. ദുബായ് റാഷിദിയയിലെ വില്ലയില്‍ പിന്നീടുള്ള ദിവസങ്ങളില്‍ മാതാപിതാക്കളുടെ ലാളനയേറ്റ് ആയിഷ കഴിഞ്ഞു, അവളുടെ കളിചിരികളെ താലോലിച്ച് അവരും. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം ഇരുവരുടെയും മടക്കയാത്ര നീണ്ടു.
ഒടുവില്‍ ഭാര്യയെയും കുഞ്ഞിനെയും വിഷമത്തോടെയാണെങ്കിലും ഫൈസല്‍ നാട്ടിലേക്ക് യാത്രയാക്കി. വിമാനം കരിപ്പൂരിലിറങ്ങേണ്ട സമയം ആയപ്പോള്‍ ഫോണ്‍ വിളിച്ച ഫൈസലിനെ തേടിയെത്തിയത് ദുരന്തവാര്‍ത്തയായിരുന്നു. നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടെങ്കിലും പേടിക്കാനില്ല എന്നായിരുന്നു ആദ്യം അറിയാന്‍ കഴിഞ്ഞത്. പിന്നീട് വൈകിയാണ് അപകടത്തില്‍ മകള്‍ നഷ്ടമായ വിവരം ലഭിക്കുന്നത്. പരിക്കേറ്റ സുമയ്യ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. യാത്ര പറഞ്ഞിറങ്ങിയ മകളുടെ അവസാന യാത്രയ്ക്ക് സാക്ഷിയാകാന്‍ ഫൈസല്‍ ഇനി നാട്ടിലേക്ക്. നിമിഷങ്ങള്‍ കൊണ്ട് ഒരുപാട് സ്വപ്‌നങ്ങളെ, പ്രതീക്ഷകളെ തകര്‍ത്ത ദുരന്തത്തില്‍ നൊമ്പരമാകുകയാണ് ആയിഷ ദുആ.