രാജീവ് ചന്ദ്രശേഖർ എം.പിയാണ് മൊറോക്കോയിലെ ഇന്ത്യക്കാരുടെ വിഷയം കേന്ദ്ര വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയിൽ എത്തിക്കുന്നത്. തുടർന്നാണ് യാത്രയ്ക്കുള്ള വിഴി തുറന്നത്.
കൊച്ചി: കൊവിഡ് ലോക് ഡൗണിനെ തുടർന്ന് മൊറോക്കോയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നു. മലയാളികളടക്കം 95 ഓളം പേരാണ് ജൂൺ ആദ്യവാരം പ്രത്യേക വിമാനത്തിൽ ദില്ലിയിലെത്തുക. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെയും വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുടെയും ഇടപെടലാണ് മൊറോക്കോയിൽ കുടുങ്ങിയവർക്ക് തുണയായയത്.
ലോകമാകെ പിടിമുറുക്കിയ കൊവിഡ് രോഗം മൊറോക്കോയിൽ അധികമൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിലും മാർച്ച് 20 മുതൽ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലും ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വിമാനത്താവളങ്ങളെല്ലാം അടച്ചതോടെ ജോലിയ്ക്കും വിനോദ സഞ്ചാരത്തിനുമെല്ലാമായി എത്തിയ നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളെല്ലാം നേരത്തെ തന്നെ പൗരൻമാരെ തിരിച്ചു കൊണ്ടുപോയിരുന്നു. രാജീവ് ചന്ദ്രശേഖർ എം.പിയാണ് മൊറോക്കോയിലെ ഇന്ത്യക്കാരുടെ വിഷയം കേന്ദ്ര വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയിൽ എത്തിക്കുന്നത്. തുടർന്നാണ് യാത്രയ്ക്കുള്ള വിഴി തുറന്നത്. എത്യോപ്യൻ എയർലൈൻസിന്റെ പ്രത്യേക വിമാനത്തിലാണ് യാത്ര ഒരുക്കിയിട്ടുള്ളത്. ഏകേദശം ഒന്നര ലക്ഷം രൂപയാണ് ഓരാൾ ടിക്കറ്റിനായി നൽകേണ്ടത്. ജൂൺ അഞ്ചിന് ശേഷമാകും മൊറോക്കോയിൽ നിന്ന് ഇന്ത്യക്കാരുടെ സംഘം യാത്ര തിരിക്കുക.