അപ്രതീക്ഷിതമായാണ് തുഷാറിനെ തേടി ഫോണ്‍ കോളെത്തിയത്. ഈ സമയം അദ്ദേഹം വീട്ടിലായിരുന്നു.
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 265-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. അബുദാബിയില്‍ താമസിക്കുന്ന തുഷാര്‍ ദേഷ്കറാണ് സമ്മാനം നേടിയ ഭാഗ്യശാലി.
ഇദ്ദേഹ ജൂലൈ 31ന് വാങ്ങിയ 334240 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ബിഗ് ടിക്കറ്റ് സമ്മാനവിവരം അറിയിക്കുന്നതിനായി പ്രതിനിധികള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് തുഷാറിനെ വിളിച്ചിരുന്നു. ലൈവ് നറുക്കെടുപ്പ് കണ്ടില്ലെന്നും താന്‍ ഇപ്പോള്‍ വീട്ടിലാണെന്നും പറഞ്ഞ തുഷാറിന് വിജയിയായെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം അടക്കാനായില്ല.
മറ്റ് മൂന്നു സുഹൃത്തുക്കളുമായി ചേര്‍ന്നാണ് തുഷാര്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. അതിനാല്‍ തന്നെ സമ്മാനത്തുക ഇവര്‍ 4 പേര്‍ പങ്കിടും. ഒരു വര്‍ഷമായി താന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണെന്നും ഗ്രാന്‍ഡ് പ്രൈസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തുഷാര്‍ പറഞ്ഞു. കടങ്ങള്‍ വീട്ടാനും കുടുംബത്തിന്‍റെ ഭാവിക്കുമായി പണം വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.