പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയിലേക്ക് മടങ്ങാനുള്ള സമയപരിധി നീട്ടി

By Web Team  |  First Published Jul 26, 2020, 5:30 PM IST

യുഎഇ സര്‍ക്കാറിന്റെ അനുമതി ലഭിച്ച പ്രവാസികള്‍ക്ക് മടങ്ങിവരുന്നതിനായി ഇപ്പോഴുള്ള യാത്രാ സംവിധാനം തുടരുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും നീരജ് അഗര്‍വാള്‍ പറഞ്ഞു. 


ദുബായ്: ഇന്ത്യയിലുള്ള പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാനുള്ള സമയപരിധി നീട്ടി.  ഇന്ത്യയും-യുഎഇ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

ഇന്ത്യ-യുഎഇ ധാരണ പ്രകാരം ജൂലൈ 12 മുതലല്‍ 15 ദിവസത്തേക്കാണ് പ്രവാസികളെ തിരികെ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. ഇതനുസരിച്ച് വന്ദേ ഭാരത് മിഷന്‍ സര്‍വീസുകള്‍ക്കായി യുഎഇയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കൊണ്ടുവരാന്‍ അനുമതി നല്‍കി. ഇതോടൊപ്പം യുഎഇ ആസ്ഥാനമായുള്ള വിമാനക്കമ്പനികള്‍ക്കും ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികള്‍ക്കും പ്രവാസികളെ കൊണ്ടുപോകാനുള്ള അനുമതി ലഭിച്ചു. നേരത്തെയുണ്ടായിരുന്ന ധാരണ അനുസരിച്ച് പ്രവാസികള്‍ക്ക് മടങ്ങാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ തുടരാമെന്ന ആശ്വാസ വാര്‍ത്ത എത്തുന്നത്. 

Latest Videos

യുഎഇ സര്‍ക്കാറിന്റെ അനുമതി ലഭിച്ച പ്രവാസികള്‍ക്ക് മടങ്ങിവരുന്നതിനായി ഇപ്പോഴുള്ള യാത്രാ സംവിധാനം തുടരുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും നീരജ് അഗര്‍വാള്‍ പറഞ്ഞു. യുഎഇ സര്‍ക്കാറിന്റെ അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ മടങ്ങാനുള്ള അവസരമുള്ളത്. ഇവര്‍ യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയത്തിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവായിരിക്കണം. ഓഗസ്റ്റ് ഒന്നു മുതല്‍ ഐ.സി.എ അംഗീകൃത ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലങ്ങള്‍ മാത്രമേ യുഎഇ അംഗീകരിക്കുകയുള്ളൂ. 

click me!