ഖത്തറില്‍ സ്വദേശികളിലും പ്രവാസികളിലും കൊവിഡ് വ്യാപിക്കുന്നത് ആശങ്കാജനകമെന്ന് അധികൃതര്‍

By Web Team  |  First Published Aug 14, 2020, 1:02 PM IST

കൊവിഡ് വ്യാപനം ഒരു ഘട്ടത്തില്‍ കുറഞ്ഞതിന് ശേഷം വീണ്ടും കൂടിയത് പെരുന്നാള്‍ അവധിയും സുരക്ഷാ നടപടികള്‍ പാലിക്കാത്തതും കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തിയതും സാമൂഹിക സംഗമങ്ങളും കാരണമാണ്. രോഗവ്യാപനം കൂടിയതിനാല്‍ നാലാം ഘട്ടത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കുന്നത് നീട്ടി വെയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.


ദോഹ: ഖത്തറിലെ സ്വദേശികളിലും പ്രവാസികള്‍ക്കിടയിലും കൊവിഡ് വ്യാപനം കുടുന്നത് ആശങ്കാജനകമാണെന്ന് ഹമദ് മെഡിക്കള്‍ കോര്‍പ്പറേഷന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അബ്‍ദുല്‍ ലത്തീഫ് അല്‍ ഖാല്‍. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നാഷണല്‍ സ്ട്രാറ്റജിക് ഗ്രൂപ്പ് തലവന്‍ കൂടിയായ അദ്ദേഹം ആശങ്ക പങ്കുവെച്ചത്.

ചെറിയ പെരുന്നാളിന് ശേഷമുണ്ടായ രോഗവ്യാപനത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ് ഇക്കഴിഞ്ഞ ബലി പെരുന്നാളിന് ശേഷമുണ്ടായ രോഗ വ്യാപനമെന്ന് ഡോ. അബ്ദുല്‍ ലത്തീഫ് പറഞ്ഞു. കൊവിഡ് വ്യാപനം ഒരു ഘട്ടത്തില്‍ കുറഞ്ഞതിന് ശേഷം വീണ്ടും കൂടിയത് പെരുന്നാള്‍ അവധിയും സുരക്ഷാ നടപടികള്‍ പാലിക്കാത്തതും കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തിയതും സാമൂഹിക സംഗമങ്ങളും കാരണമാണ്. രോഗവ്യാപനം കൂടിയതിനാല്‍ നാലാം ഘട്ടത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കുന്നത് നീട്ടി വെയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ മാത്രമേ കൊവിഡ് വാക്സിന്‍ ലഭ്യമാവുകയുള്ളൂ. ഫലപ്രദവും സുരക്ഷിതവുമായ വാക്സിന്‍ ലഭ്യമാവുന്നതുവരെ എല്ലാവരും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്റ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ഹമദ് അല്‍ റുമൈഹി അടക്കമുള്ളവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

click me!