ബഹ്റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഹോം ക്വാറന്റീനില്ല

By K T Noushad  |  First Published Aug 20, 2020, 10:13 AM IST

ബഹ്റൈനില്‍ ഇതുവരെ പത്ത് ദിവസത്തെ നീരീക്ഷണത്തില്‍ കഴിഞ്ഞ യാത്രക്കാരില്‍ 0.2 ശത്മാനം പേര്‍ക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേശീയ ആരോഗ്യ കര്‍മ്മ സമിതിയുടെ പുതിയ തീരുമാനം.


മനാമ: ബഹ്റൈനില്‍ എത്തുന്ന യാത്രക്കാരെല്ലാം പത്ത് ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന നിബന്ധന എടുത്തുമാറ്റി. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ നടത്തുന്ന പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഹോം ക്വാറന്റീന്‍ ആവശ്യമില്ല. പത്ത് ദിവസം കഴിഞ്ഞാല്‍ വീണ്ടും ടെസ്റ്റ് നടത്തും. സന്ദര്‍ശക വിസയിലെത്തി പത്ത് ദിവസത്തിനുളളില്‍ ബഹ്റൈനില്‍ നിന്ന് തിരിച്ച് പോകുന്നവര്‍ക്ക് രണ്ടാമത്തെ ടെസ്റ്റ് ആവശ്യമില്ല.

ബഹ്റൈനില്‍ ഇതുവരെ പത്ത് ദിവസത്തെ നീരീക്ഷണത്തില്‍ കഴിഞ്ഞ യാത്രക്കാരില്‍ 0.2 ശത്മാനം പേര്‍ക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേശീയ ആരോഗ്യ കര്‍മ്മ സമിതിയുടെ പുതിയ തീരുമാനം. ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് 16 വരെ ബഹ്റൈനിലെത്തിയ യാത്രക്കാരില്‍ നടത്തിയ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇനി മുതല്‍ നിരീക്ഷണം വേണ്ടെന്ന് തീരുമാനിച്ചത്. ചില രാജ്യങ്ങളിലെ പോലെ യാത്രക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരണമെന്ന നിബന്ധന ബഹ്റൈന്‍ വെച്ചിട്ടില്ല. യാത്രക്കാരെ എയര്‍പോട്ടിലും 10 ദിവസം കഴിഞ്ഞാല്‍ നിശ്ചിത കേന്ദ്രങ്ങളിലും ടെസ്റ്റ് ചെയ്യും.

Latest Videos

undefined

രണ്ട് കൊവിഡ് ടെസ്റ്റുകള്‍ക്കായി 30 ബഹ്റൈന്‍ ദീനാര്‍ വീതം 60 ദീനാര്‍ ( പത്തായിരം രൂപയോളം) യാത്രക്കാര്‍ നല്‍കണമെന്ന നിബന്ധന ജൂലൈ 20 മുതല്‍ ബഹ്റൈന്‍ നടപ്പിലാക്കി. 'ബി അവൈര്‍ ബ്ഹറൈന്‍' എന്ന ആപ്ലിക്കേഷന്‍ യാത്രക്കാര്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കണം. ടെസ്റ്റ് ഫലം നെഗറ്റീവ് ആണെന്ന വിവരം ലഭിക്കുന്നതുവരെ സ്വയം നീരീക്ഷണത്തില്‍ കഴിയുമെന്ന നിര്‍ബന്ധിത സത്യവാങ്മൂലം ബഹ്റൈനില്‍ എത്തുന്ന എല്ലാ യാത്രക്കാരും ഒപ്പു വെക്കണം.

സാധാരണ നിലയില്‍ തൊട്ടടുത്ത ദിവസം തന്നെ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് കൊവിഡ് ടെസ്റ്റിന്റെ ഫലം അറിയും. പോസിറ്റീവ് ആകുന്നവരെ ആരോഗ്യ മന്ത്രാലയം നേരിട്ട് ബന്ധപ്പെടും. ഈ തീരുമാനങ്ങള്‍ നിരന്തരം അവലോകനം ചെയ്യുമെന്നും ആവശ്യമെങ്കില്‍ മാത്രം ഭേദഗതി വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ബഹ്‌റൈന്‍ ജനസംഖ്യയുടെ 60 ശതമാനത്തോളം ടെസ്റ്റുകള്‍ ഇതുവരെ പൂര്‍ത്തിയാക്കിയതായി ആരോഗ്യ മന്ത്രി ഫായിഖ ബിന്‍ത് സഈദ് അറിയിച്ചു.

click me!