അന്താരാഷ്ട്ര യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ നിര്‍ദേശ പ്രകാരമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു.
ദുബായ്: യാത്രക്കാര്‍ക്ക് സൗജന്യ കൊവിഡ് ചികിത്സ വാഗ്ദാനം ചെയ്ത് എമിറേറ്റ്സ്. 14 ദിവസം വരെയുള്ള ക്വാറന്റീന്‍ ചെലവും വഹിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. എമിറേറ്റ്സ് യാത്രക്കാര്‍ക്ക് വിദേശത്ത് വെച്ച് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടാല്‍ 1,50,000 യൂറോ (1.3 കോടിയോളം ഇന്ത്യന്‍ രൂപ) വരെയുള്ള ചികിത്സാ ചെലവും പ്രതിദിനം 100 യൂറോ (8500ലധികം ഇന്ത്യന്‍ രൂപ) വരെയുള്ള ക്വാറന്റീന്‍ ചെവലും വഹിക്കുമെന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം. യാത്ര ചെയ്യുന്ന തീയ്യതി മുതല്‍ 30 ദിവസം വരെ ഈ ആനുകൂല്യം ലഭിക്കും.
ഉപഭോക്താക്കള്‍ ഇതിനായി പ്രത്യേക പണം നല്‍കുകയോ രജിസ്റ്റര്‍ ചെയ്യുകയോ വേണ്ട. എമിറേറ്റ്സ് വിമാനങ്ങളിലെ എല്ലാ ക്ലാസുകളിലെയും യാത്രക്കാര്‍ക്ക് പരിരക്ഷ ലഭ്യമാകും. ഒക്ടോബര്‍ 31ന് മുമ്പ് എമിറേറ്റ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര തീയ്യതി മുതല്‍ 31 ദിവസത്തേക്കാണ് ഈ ആനുകൂല്യം. ഈ സമയപരിധിക്കുള്ളില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടാല്‍ പ്രത്യേക ഹോട്ട്‍ലൈന്‍ നമ്പര്‍ വഴി എമിറേറ്റ്സുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. പ്രത്യേക രജിസ്ട്രേഷനും ആവശ്യമില്ല.
അന്താരാഷ്ട്ര യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ നിര്‍ദേശ പ്രകാരമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. ആദ്യമായാണ് ഒരു വിമാനക്കമ്പനി ഇത്തരത്തില്‍ ലോകമെമ്പാടും കൊവിഡ് ചികിത്സയ്ക്കും ക്വാറന്റീനുമുള്ള സഹായം വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതും അവര്‍ പുതിയ പദ്ധതിയെ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.