ദുബൈയിൽ ട്രെയിനി ഓഡിറ്ററായ ഷാവേസ് ഖാനാണ് ആദരവ് ഏറ്റുവാങ്ങിയത്. ഉത്തർ പ്രദേശ് മീററ്റിലെ ഫലൗഡ സ്വദേശിയാണ്.
ദുബൈ: യുഎഇയിൽ കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇന്ത്യക്കാരുടെയടക്കം അഞ്ച് പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യക്കാരനായ പ്രവാസിക്ക് ദുബൈ പോലീസിന്റെ ആദരവ്. ദുബൈയിൽ ട്രെയിനി ഓഡിറ്ററായ 28കാരൻ ഷാവേസ് ഖാനാണ് ആദരവ് ഏറ്റുവാങ്ങിയത്. മുങ്ങിക്കൊണ്ടിരുന്ന എസ് യു വിയിൽ നിന്ന് സ്വന്തം ജീവൻ പണയം വെച്ച് അഞ്ച് പേരുടെ ജീവൻ രക്ഷിച്ച് മാതൃകയായ ഷാവേസ് ഖാനെ മെഡലും 1000ദിർഹം കാഷ് അവാർഡും നൽകിയാണ് ആദരിച്ചത്. ദുബൈ പോലീസ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ കമ്മ്യൂണിറ്റി ഹാപ്പിനസ് ആക്ടിങ് ഡയറക്ടർ കേണൽ അലി ഖൽഫാൻ അൽ മൻസൂരിയാണ് അവാർഡ് സമ്മാനിച്ചത്.
ഇത്തരമൊരു അംഗീകാരം വിശ്വസിക്കാനാകുന്നില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് ഷാവേസ് ഖാൻ പറഞ്ഞു. അങ്ങനെയൊരു സന്ദർഭത്തിൽ ഏതൊരാളും ചെയ്യുന്ന കാര്യം മാത്രമാണ് താനും ചെയ്തത്. പക്ഷേ ദുബൈ പോലീസിൽ നിന്ന് കാൾ വന്നപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അവിടെ നിൽക്കുന്നതും മെഡൽ വാങ്ങിയതും എല്ലാം ഒരു സ്വപ്നം പോലെയായിരുന്നെന്നും ഷാവേസ് പറഞ്ഞു. ഉത്തർ പ്രദേശിലെ മീററ്റിലെ ചെറിയ പട്ടണമായ ഫലൗഡ സ്വദേശിയാണ് ഷാവേസ് ഖാൻ. ദുബൈ പോലീസിൽ നിന്നുമുള്ള ആദരവിന്റെ വാർത്ത ആദ്യം വിളിച്ചുപറഞ്ഞത് വീട്ടിലേക്കായിരുന്നു. അവിടെ എല്ലാവരും വളരെ സന്തോഷത്തിലാണ്. `അന്നത്തെ ദിവസം നീ ഞങ്ങളെ ഏറെ ഭയപ്പെടുത്തി, എന്നാൽ ഇന്ന് അഭിമാനമാണ് നിന്നെയോർത്ത്' - ആദരവിന്റെ വാർത്തയറിഞ്ഞപ്പോൾ അമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ഷാവേസ് ഖാനെ ആദരവിന് അർഹനാക്കിയ സംഭവം നടന്നത് കഴിഞ്ഞ വർഷം ഏപ്രിൽ 16ന് ആയിരുന്നു. അന്ന് ദുബൈയുടെ പല ഭാഗങ്ങളിലും കനത്ത മഴയായിരുന്നു. അസ്ർ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് കൊക്കക്കോള അരീനയ്ക്ക് സമീപം ഒരു മഞ്ഞ എസ് യുവി വെള്ളത്തിൽ മുങ്ങിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. കൂടുതലൊന്നും ചിന്തിക്കാതെ ഷാവേസ് 20 അടി താഴ്ചയിലേക്ക് എടുത്ത് ചാടുകയായിരുന്നു. സമീപമുണ്ടായിരുന്ന ഒരു തൊഴിലാളിയുടെ കൈയിൽ നിന്ന് ചുറ്റിക വാങ്ങി കാറിന്റെ ഗ്ലാസ് ഇടിച്ചു തകർത്തു. പേടിച്ചരണ്ട് ശ്വാസം കിട്ടാതെ കാറിന്റെ ചില്ലുകളിൽ ഇടിച്ചിരുന്ന അവരുടെ മുഖം ഇന്നും എന്റെ ഓർമയിലുണ്ട്. കൂടുതൽ ചിന്തിച്ചു നിൽക്കാൻ സമയമില്ലായിരുന്നു, കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ വേണ്ടതൊക്കെയും ചെയ്തു. തകർന്ന ഗ്ലാസ് ചില്ലിൽ നിന്ന് മുറിവേറ്റിട്ടും വീഴ്ചയിലുണ്ടായ വേദനയെ വകവെക്കാതെയും അഞ്ച് പേരെയും രക്ഷപ്പെടുത്തി. രണ്ട് ഇന്ത്യക്കാർ, രണ്ട് അറബ് പുരുഷന്മാർ, ഒരു ഫിലിപ്പീൻസ് വനിത എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. കൈകളിലും കാലിലും ഉണ്ടായ ആഴത്തിലുള്ള മുറിവുകൾ മൂലം ഷാവേസിന് കുറച്ച് കാലത്തേക്ക് തന്റെ ഇഷ്ട വിനോദമായ ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിലൊന്നും തനിക്ക് വിഷമമില്ലെന്നും അംഗീകാരത്തിന് വേണ്ടിയാരുന്നില്ല അന്ന് അങ്ങനെ പ്രവർത്തിച്ചതെന്നും ഇപ്പോൾ ഈ ആദരവ് ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും ഷാവേസ് പറയുന്നു. ഷാവേസിന്റെ ധീരമായ രക്ഷാ പ്രവർത്തനത്തിന്റെ വീഡിയോ വൈറലായിരുന്നു.
read more: കുവൈത്തിൽ മയക്കുമരുന്ന് കേസിൽ തടവിലാക്കപ്പെട്ട അമേരിക്കക്കാരെ മോചിപ്പിച്ചു