ദുബായില്‍ ലൈബ്രറികള്‍ തുറന്നു; ജിംനേഷ്യങ്ങളിലെ നിയന്ത്രണം നീക്കി

By Web Team  |  First Published Jun 19, 2020, 9:54 AM IST

ദുബായില്‍ വ്യാഴാഴ്ച മുതലാണ് കൂടുതല്‍ മേഖലകളില്‍ ഇളവ് അനുവദിച്ചത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും, പൊതുസ്ഥലങ്ങളിലും ഷോപ്പിങ് മാളുകളിലും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് എടുത്തുകളഞ്ഞു.


ദുബായ്: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന് പിന്നാലെ ദുബായിലെ ലൈബ്രറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. അല്‍ റാസിലേത് ഒഴികെ എമിറേറ്റിലെ എല്ലാ ലൈബ്രറികളും വ്യാഴാഴ്ച പ്രവര്‍ത്തനം തുടങ്ങുന്നതായി ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോരിറ്റി അറിയിച്ചു. അതേസമയം ഫിറ്റ്നസ് സെന്ററുകളിലും ജിംനേഷ്യങ്ങളിലും സാധാരണ പ്രവര്‍ത്തനം അനുവദിച്ചതായി ദുബായ് സ്‍പോര്‍ട്സ് കൗണ്‍സിലും അറിയിച്ചു. നേരത്തെ 50 ശതമാനം ആളുകള്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.

ദുബായില്‍ വ്യാഴാഴ്ച മുതലാണ് കൂടുതല്‍ മേഖലകളില്‍ ഇളവ് അനുവദിച്ചത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും, പൊതുസ്ഥലങ്ങളിലും ഷോപ്പിങ് മാളുകളിലും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് എടുത്തുകളഞ്ഞു. പാര്‍ക്കുകളിലെയും ബീച്ചുകളിലെയും കുട്ടികളുടെ കളിസ്ഥലങ്ങളും തുറന്നിട്ടുണ്ട്. ലൈബ്രറികള്‍ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കുമെന്നാണ് ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോരിറ്റി അറിയിച്ചത്. ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.

Latest Videos

ജിംനേഷ്യങ്ങളും ഹെല്‍ത്ത്ക്ലബ്ബുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതിന് പുറമെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കായിക വിനോദങ്ങളില്‍ പങ്കെടുക്കാനും സ്പോര്‍ട്സ് കൗണ്‍സില്‍ വ്യാഴാഴ്ച അനുമതി നല്‍കി. മാസ്കുകളും കൈയുറകളും ധരിക്കുകയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

click me!