ദുബൈ എയർപോർട്ട് വഴിയുള്ള യാത്രക്കാരേ; പ്രത്യേക അറിയിപ്പുമായി അധികൃതർ, ഈ ദിവസങ്ങളിൽ കടന്നുപോകുക 52 ലക്ഷം പേർ

By Web Team  |  First Published Dec 12, 2024, 3:17 PM IST

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ ദിവസങ്ങളില്‍ യാത്ര ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്ക് വേണ്ടിയാണ് അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 


ദുബൈ: ശൈത്യകാല അവധിക്കാലം പ്രമാണിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാനൊരുങ്ങുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി അധികൃതര്‍. വമ്പന്‍ തിരക്ക് കണക്കിലെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ 13 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി 52 ലക്ഷത്തിലേറെ യാത്രക്കാര്‍ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. ദുബൈ വഴി മറ്റ് സ്ഥലങ്ങളിലേക്ക് അവധിക്കാലം ചെലവഴിക്കാന്‍ പോകുന്ന യുഎഇ സ്വദേശികള്‍ ശ്രദ്ധിക്കണമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ഡിസംബര്‍ 20 വെള്ളിയാഴ്ച എയര്‍പോര്‍ട്ടിലെ ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് കരുതുന്നത്. 296,000 യാത്രക്കാരാകും ഈ ദിവസം ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുക.

Latest Videos

ഡിസംബര്‍ 20 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍  880,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ആഘോഷ സീസണില്‍ ശരാശരി  274,000 പേര്‍ ദിവസേന ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാറുണ്ട്. വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ യാത്രക്കാര്‍, യാത്രകള്‍ നേരത്തെ തന്നെ തീരുമാനിക്കണമെന്നും യാത്രാ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. 

ചെക്ക് ഇന്‍ 

  • എമിറേറ്റ്സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ഹോം ചെക്ക് ഇന്‍, ഏര്‍ലി ചെക്ക് ഇന്‍, സിറ്റി ചെക്ക് ഇന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.
  • മറ്റ് എയര്‍ലൈനുകളിലെ യാത്രക്കാര്‍ യാത്രക്ക് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം.

undefined

ബാഗേജ് 

  • ലോഹ വസ്തുക്കള്‍, ഇലക്ട്രോണിക്സ് എന്നിവ ഹാന്‍ഡ് ലഗേജില്‍ സൂക്ഷിക്കണമെന്നും ലിക്വിഡ്, ഏറോസോൾസ്, ജെല്‍ എന്നിവ കൊണ്ടുപോകുന്നതിലുള്ള നിയമങ്ങള്‍ പാലിക്കുക.
  • അനുവദനീയമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍, പവര്‍ ബാങ്കുകള്‍, സ്പെയര്‍ ബാറ്ററികള്‍ എന്നിവ ചെക്ക്-ഇന്‍ ലഗേജില്‍ നിരോധിച്ചിട്ടുണ്ട്, ഇവ ഹാന്‍ഡ് ലഗേജില്‍ കൊണ്ടുപോകുക.
  • യാത്രാ രേഖകള്‍, കൊണ്ടുപോകേണ്ട അത്യാവശ്യ സാധനങ്ങള്‍ എന്നിവയുടെ ചെക്ക് ലിസ്റ്റ് തയ്യാറാക്കി വെക്കുക.
  • ബാഗേജ് അലവന്‍സുകള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുകയും എയര്‍ലൈന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. 
  • വന്‍ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളില്‍ യാത്രക്കാരെ മാത്രമെ ടെര്‍മിനലിനുള്ളില്‍ പ്രവേശിപ്പിക്കൂ. 
  • 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്തുക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!