പ്രവാസികള്‍ ശ്രദ്ധിക്കുക! നിയന്ത്രണങ്ങളില്‍ ഇളവുണ്ടെങ്കിലും ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷ

By Web Team  |  First Published Jun 28, 2020, 11:08 AM IST

ഒരുതവണ നിയമം ലംഘിച്ചവര്‍ രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ ഇരട്ടി തുക പിഴയടയ്ക്കേണ്ടി വരും. മൂന്നാം തവണയും പിടിക്കപ്പെട്ടാല്‍ ആറ് മാസം വരെ ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. 


അബുദാബി: യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പിഴ ശിക്ഷകള്‍ ഇപ്പോഴും നിലവിലുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന് ശേഷം ജനങ്ങള്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മാസ്‍ക് ധരിക്കാതിരിക്കല്‍, പൊതു-സ്വകാര്യ ചടങ്ങുകള്‍ക്കായി സംഘം ചേരുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഒരുതവണ നിയമം ലംഘിച്ചവര്‍ രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ ഇരട്ടി തുക പിഴയടയ്ക്കേണ്ടി വരും. മൂന്നാം തവണയും പിടിക്കപ്പെട്ടാല്‍ ആറ് മാസം വരെ ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. ജനങ്ങള്‍ കൂട്ടം കൂടുന്നതും ബന്ധു സന്ദര്‍ശനങ്ങളും ഒഴിവാക്കുകയും പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോഴും  മാസ്‍ക് ധരിക്കുകയും വേണം. മേയ് 19ന് അധികൃതര്‍ പുറത്തിറക്കിയ പട്ടിക പ്രകാരം വിവിധ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷകള്‍ ഇങ്ങനെയാണ്.

  • ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ സംഘടിപ്പിക്കലും അതിലേക്ക് ആളുകളെ ക്ഷണിക്കലും - 10,000 ദിര്‍ഹം
  • പരിപാടികളില്‍ അതിഥിയായി പങ്കെടുക്കല്‍ - 5000 ദിര്‍ഹം
  • വാഹനങ്ങളില്‍ മൂന്നിലധികം യാത്രക്കാര്‍ - 3000 ദിര്‍ഹം 
  • നിയമം ലംഘിച്ച് സ്വകാര്യ ട്യൂഷന്‍ - 30,000 ദിര്‍ഹം (ട്യൂഷന്‍ അധ്യാപകരെ ഏര്‍പ്പെടുത്തുന്നവര്‍ക്ക് 20,000 ദിര്‍ഹം)
  • സാമൂഹിക അകലം പാലിക്കാതിരിക്കല്‍ - ഓരോ വ്യക്തിക്കും 3000 ദിര്‍ഹം, സ്ഥാപനത്തിന് 5000 ദിര്‍ഹം
  • ജോലി സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാതിരിക്കുക - സ്ഥാപനത്തിന് 5000 ദിര്‍ഹം, ഓരോ ജീവനക്കാരനും 500 ദിര്‍ഹം വീതം
  • ഹോം ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിക്കുക - 50,000 ദിര്‍ഹം
  • കൊവിഡ് പോസിറ്റീവായവര്‍ സ്മാര്‍ട്ട് ആപ് ഡൌണ്‍ലോഡ് ചെയ്യാതിരിക്കുകയും ഫോണ്‍ ഒപ്പം സൂക്ഷിക്കാതിരിക്കുകയും ചെയ്യുക - 10,000 ദിര്‍ഹം
  • അധികൃതര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ട്രാക്കിങ് ഉപകരണങ്ങളിലോ ആപിലോ കൃത്രിമം കാണിക്കുക - 20,000 ദിര്‍ഹം
  • കൊവിഡ് പരിശോധനയ്ക്ക് വിസമ്മതിക്കുക - 5000 ദിര്‍ഹം

Latest Videos

click me!