കൊല്ലപ്പെട്ടയാളും പ്രതികളില്‍ ഒരാളും പ്രണയിച്ചിരുന്നത് ഒരു പെണ്‍കുട്ടിയെ ആയിരുന്നു.
പ്രയാഗ്‌രാജ്: 35 കാരനായ ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടുപേര്‍ പിടിയില്‍. ഉത്തര്‍ പ്രദേശിലെ ഇസോട്ടോയിലാണ് ദാരുണമായ കൊലപാതകം നടന്നത്. ദേവി ശങ്കര്‍ എന്ന ദളിത് യുവാവാണ് എട്ടുപേരുടെ ക്രൂരതയ്ക്ക് ഇരയായത്. പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ശനിയാഴ്ച രാത്രിയാണ് ദേവി ശങ്കര്‍ കൊല്ലപ്പെടുന്നത്. യുവാവിന്‍റെ മൃതശരീരം കത്തിക്കാനുള്ള ശ്രമവും പ്രതികള്‍ നടത്തിയിരുന്നു. പ്രയാഗ്‌രാജിലെ കര്‍ച്ചാന പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വിവേക് ചന്ദ്ര യാദവ് പറഞ്ഞു. ദിലീപ് സിങ്ങ്, അവധേഷ് സിങ്ങ്, വിമലേഷ് ഗുപ്ത, മോഹിത് സിങ്ങ്, സഞ്ജയ് സിങ്ങ്, മനോജ് സിങ്ങ്, ശേഖര്‍ സിങ്ങ്, അജയ് സിങ്ങ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിലൊരാളായ അവധേഷും കൊല്ലപ്പെട്ട ദേവിശങ്കറും ഒരു പെണ്‍കുട്ടിയെയാണ് പ്രണയിച്ചിരുന്നത്. ദിലീപും ദേവീശങ്കറും ചേര്‍ന്ന് ശനിയാഴ്ച്ച മദ്യം വാങ്ങിച്ചു. കൊലനടന്ന പ്രദേശത്ത് ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി. ഈ സമയത്ത് മറ്റു പ്രതികള്‍ അവിടേക്ക് എത്തി. അവരും മദ്യപിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് ഇരുവരും പ്രണയിക്കുന്ന പെണ്‍കുട്ടിയെ പറ്റി സംസാരം ഉണ്ടാവുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ദേവീശങ്കറിന്‍റെ തലയില്‍ ഇഷ്ടികവെച്ച് അടിച്ച ശേഷം ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതശരീരം കത്തിക്കാനും ശ്രമിച്ചു. പാതി കത്തിയ നിലയിലാണ് പൊലീസ് ശരീരം കണ്ടടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം