സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ പ്രതിയുടെ വിരലടയാളം നടന്റെ ഫ്ലാറ്റിൽ നിന്ന് ലഭിച്ച സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് പോലീസ് കുറ്റപത്രം. 1000 പേജുള്ള കുറ്റപത്രത്തിൽ മറ്റ് തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു.
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ കുത്തേറ്റ കേസിൽ നടന്റെ മുംബൈയിലെ ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച വിരലടയാള സാമ്പിളുകൾ പ്രതിയായ ഷരീഫുൾ ഇസ്ലാമിന്റേതുമായി പൊരുത്തപ്പെടുന്നില്ലെന്ന് മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന സിഐഡിയുടെ ഫിംഗർപ്രിന്റ് ബ്യൂറോയിലേക്ക് ഏകദേശം 20 സാമ്പിളുകൾ അയച്ചു അതിൽ 19 എണ്ണം പ്രതിയുടേതുമായി പൊരുത്തപ്പെടുന്നില്ല. പൊലീസ് കുറ്റപത്രത്തിലെ വിശദാംശങ്ങൾ പ്രകാരം, ബാത്ത്റൂം വാതിൽ, കിടപ്പുമുറിയുടെ സ്ലൈഡിംഗ് ഡോര്‍, അലമാര വാതിൽ എന്നിവയിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതിയുടെ വിരലടയാളവുമായി പൊരുത്തപ്പെടുന്നില്ല.
പ്രതിയുടെ വിരല്‍ അടയാളവുമായി പൊരുത്തപ്പെടുന്ന ഒരേയൊരു വിരലടയാളം കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ലഭിച്ച വിരലടയാളമാണ്. നിരവധി ആളുകൾ വസ്തുക്കൾ ഉപയോഗിക്കുകയും സ്പർശിക്കുകയും ചെയ്യുന്നതിനാൽ വിരലടയാളങ്ങൾ പൊരുത്തപ്പെടാനുള്ള സാധ്യത 1000-ത്തിൽ ഒന്ന് മാത്രമാണെന്ന് മുംബൈ പോലീസ് വൃത്തങ്ങൾ പറഞ്ഞു, അതുകൊണ്ടാണ് വിരലടയാള പൊരുത്തം വലിയ തെളിവായി എടുക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.
ബംഗ്ലാദേശിൽ നിന്നുള്ള പ്രതി അയൽരാജ്യത്തുള്ള തന്റെ കുടുംബത്തിന് ഒരു ബന്ധു വഴി നിയമവിരുദ്ധമായി പണം അയച്ചിരുന്നതായും മുംബൈ പോലീസിന്റെ കുറ്റപത്രത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
സെയ്ഫ് അലി ഖാൻ കുത്തേറ്റ കേസിൽ മുംബൈ പോലീസ് കഴിഞ്ഞ ആഴ്ചയാണ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 1000 പേജുള്ള കുറ്റപത്രത്തിൽ പ്രതിയായ ഷരീഫുൾ ഇസ്ലാമിനെതിരെ നിരവധി തെളിവുകളുണ്ടെന്നാണ് പൊലീസ് വാദം.
മുഖം തിരിച്ചറിയൽ പരിശോധനാ ഫലങ്ങൾ, വിരലടയാള റിപ്പോർട്ടുകൾ, തിരിച്ചറിയൽ പരേഡ് റിപ്പോർട്ട്, ഫോറൻസിക് ലാബിന്റെ കണ്ടെത്തലുകൾ എന്നിവ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.
ജനുവരി 16 ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ചാണ് നടന്‍ സെയ്ഫ് അലി ഖാനെ അതിക്രമിച്ച് കയറിയ പ്രതി കുത്തിയത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്.സെയ്ഫിന്‍റെ ഇളയമകന്‍റെ മുറിയിൽ തന്റെ വനിതാ ജീവനക്കാരി ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് നടൻ ആക്രമിക്കെതിരെ നീങ്ങിയത്.
സെയ്ഫ് അലി ഖാന്‍ വ്യവസായിയുടെ മൂക്ക് അടിച്ച് പൊട്ടിച്ച കേസ്: മലൈക അറോറയ്‌ക്ക് വാറണ്ട്
'എനിക്കെതിരെ എടുത്തത് വ്യാജകേസ്': ജാമ്യപേക്ഷ നല്‍കി സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി