ഷാര്‍ജയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് 5432 പേര്‍ക്ക് പിഴ

By Web Team  |  First Published Oct 11, 2020, 10:50 PM IST

കാറുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നതാണ് ഏറ്റവുമധികം പിടിക്കപ്പെട്ടിട്ടുള്ള നിയമലംഘനം. ഒരു കുടുംബത്തിലുള്ളവരല്ലെങ്കില്‍ പരമാവധി മൂന്ന് പേര്‍ക്ക് വരെയാണ് ഒരു വാഹനത്തില്‍ സഞ്ചരിക്കാനാവുക. 


ഷാര്‍ജ: കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്ത 5432 പേരില്‍ നിന്ന് ഒരു മാസത്തിനിടെ പിഴ ഈടാക്കിയതായി ഷാര്‍ജ പൊലീസ് അറിയിച്ചു. നിയന്ത്രണങ്ങള്‍ പാലിക്കാത്തവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പട്രോളിങ് കൂടുതല്‍ ശക്തമാക്കിയതായും ഷാര്‍ജ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സെറി അല്‍ ശംസി പറഞ്ഞു.

കാറുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നതാണ് ഏറ്റവുമധികം പിടിക്കപ്പെട്ടിട്ടുള്ള നിയമലംഘനം. ഒരു കുടുംബത്തിലുള്ളവരല്ലെങ്കില്‍ പരമാവധി മൂന്ന് പേര്‍ക്ക് വരെയാണ് ഒരു വാഹനത്തില്‍ സഞ്ചരിക്കാനാവുക. അനുവദനീയമായതിലധികം പേര്‍ കാറില്‍ യാത്ര ചെയ്‍തതിന് 950 പേരില്‍ നിന്ന് പിഴ ഈടാക്കി. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‍ക് ഉപയോഗിക്കാത്തതിന് 569 പേരാണ് പിടിയിലായത്. ഹൈടെക് മോണിട്ടറിങ് സംവിധാനത്തിലൂടെയാണ് ഇവരെ കണ്ടെത്തി ശിക്ഷച്ചത്. ഇതില്‍ പലര്‍ക്കും പനിയുടെ ലക്ഷണങ്ങളുമുണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 751 പേര്‍ക്കെതിരെ നടപടിയെടുത്തു.

Latest Videos

ഷോപ്പിങ് മാളുകള്‍ പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‍ക് ഉപയോഗിക്കാത്തതിനോ സാമൂഹിക അകലം പാലിക്കാത്തതിനോ 1542 പേര്‍ക്ക് പിഴ ശിക്ഷ ലഭിച്ചു. പൊതുഗതാഗത സംവിധാനങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തതിനും 912 പേര്‍ക്ക് ശിക്ഷ കിട്ടി. നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊലീസ് കൂടുതല്‍ ശക്തമായ പരിശോധനകള്‍ തുടരുകയാണെന്നും ഷാര്‍ജ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് പറഞ്ഞു.

click me!