ഗുസ്തിയിൽ ഭാരം നിയന്ത്രിക്കേണ്ടത് താരത്തിന്റെയും പരിശീലകരുടെയും ചുമതലയാണ്. സ്വന്തം സപ്പോർട്ട് സ്റ്റാഫിനൊപ്പമാണ് ഗുസ്തി താരങ്ങൾ എത്തിയത്. രണ്ട് മാസം മുൻപ് മാത്രമാണ് ഐഒഎ മെഡിക്കൽ സംഘത്തെ നിയോഗിച്ചതെന്നും പി ടി ഉഷ പറയുന്നു.
പാരീസ്: വിനേഷ് ഫോഗട്ട് അയോഗ്യതയില്‍ ഐഒഎ മെഡിക്കൽ സംഘത്തിനെതിരായ വിമർശനങ്ങളില്‍ അപലപിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. വിനേഷ് ഫോഗട്ടിന്റെ ഭാരം കൂടിയത് ഐഒഎ മെഡിക്കൽ സംഘത്തിന്റെ പിഴവല്ലെന്ന് പി ടി ഉഷ പ്രതികരിച്ചു. വസ്തുതകൾ അറിഞ്ഞിട്ട് വേണം വിമർശിക്കാൻ എന്നാണ് വിവാദത്തോടുള്ള പി ടി ഉഷയുടെ പ്രതികരണം. ഗുസ്തിയിൽ ഭാരം നിയന്ത്രിക്കേണ്ടത് താരത്തിന്റെയും പരിശീലകരുടെയും ചുമതലയാണ്. സ്വന്തം സപ്പോർട്ട് സ്റ്റാഫിനൊപ്പമാണ് ഗുസ്തി താരങ്ങൾ എത്തിയത്. രണ്ട് മാസം മുൻപ് മാത്രമാണ് ഐഒഎ മെഡിക്കൽ സംഘത്തെ നിയോഗിച്ചതെന്നും പി ടി ഉഷ കൂട്ടിച്ചേര്‍ത്തു.
ശരീരഭാരത്തില്‍ വെറും 100 ഗ്രാം കൂടിയെന്ന കാരണത്താലാണ് വിനേഷ് ഫോഗട്ട് അയോഗ്യതയാക്കപ്പെട്ടത്. വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമാകുമെന്ന വാര്‍ത്തയ്ക്ക് പിന്നിലെ വലിയ ചർച്ചകള്‍ക്കാണ് സോഷ്യല്‍ ലോകത്ത് ഉണ്ടായത്. ഇന്ത്യന്‍ ഗുസ്തി ടീമിനൊപ്പമുള്ള കോച്ചും മറ്റ് കോച്ചിംഗ് സ്റ്റാഫുകളും വിനേഷ് ഫോഗട്ടിന്റെ ഭാരം മത്സര വിഭാഗത്തിന് അനുസരിച്ച് നിലനിർത്താന്‍ എന്തുചെയ്തെന്ന് വ്യക്തമാക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയില്‍ ഉയര്‍ന്നിരുന്നു. ദേശീയ ഗുസ്തി ഫെഡറേഷനെയും ബ്രിജ് ഭൂഷനെയും തെരുവില്‍ വെല്ലുവിളിച്ച തന്റേടമായത് കൊണ്ടാണ് ഈ സംശയം ഉയരാന്‍ കാരണം. രാജ്യത്തിന് ഒരു സ്വർണ മെഡല്‍ നഷ്ടമായ വാര്‍ത്തയ്ക്ക് താഴെ സമൂഹ മാധ്യമങ്ങളില്‍ സ്മൈലി റിയാക്ഷന്‍ ഇട്ടവരെയും വിമര്‍ശിച്ച് ട്രോളുകളും സജീവമാണ്.