ന്യൂസിലന്‍ഡില്‍ ഫോണില്‍ ഹിന്ദി സംസാരിച്ച യുവാവിനോട് പൊട്ടിത്തെറിച്ച പതിനാറുകാരിയെ ട്രെയിന്‍ നിര്‍ത്തി ഇറക്കിവിട്ടു

By Web Team  |  First Published Aug 12, 2019, 1:11 PM IST

ഇവിടെ നിങ്ങളുടെ ഭാഷ സംസാരിക്കാനാണെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി യുവാവിനോട് തട്ടിക്കയറുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ടിക്കറ്റ് എക്സാമിനര്‍ പെണ്‍കുട്ടിയോട് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.


വെല്ലിങ്ടണ്‍: ഹിന്ദി സംസാരിച്ചതിന്‍റെ പേരില്‍ ട്രെയിനിലെ സഹയാത്രികനോട് അപമര്യാദയായി പെരുമാറിയ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ട് ടിടിഇ. ന്യൂസിലന്‍ഡിലെ വെല്ലിങ്ടണിലാണ് സംഭവം. സഹയാത്രികന്‍ മൊബൈല്‍ ഫോണില്‍ ഹിന്ദി സംസാരിച്ചതോടെയാണ് പതിനാറുകാരിയായ പെണ്‍കുട്ടി പൊട്ടിത്തെറിച്ചത്. 

ഇവിടെ നിങ്ങളുടെ ഭാഷ സംസാരിക്കാനാണെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി യുവാവിനോട് തട്ടിക്കയറുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ടിക്കറ്റ് എക്സാമിനര്‍ പെണ്‍കുട്ടിയോട് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സഹയാത്രികരോട് മാന്യമായി പെരുമാറാന്‍ സാധിക്കുന്നില്ലെങ്കില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങണമെന്ന് പറഞ്ഞ ടിടിഇയോടും പെണ്‍കുട്ടി തട്ടിക്കയറി. ഇതോടെ ട്രെയിനില്‍ നിന്ന് ഇറങ്ങണമെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു ജെ ജെ ഫിലിപ്സ് എന്ന ടിടിഇ.

Latest Videos

പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ഇറങ്ങാനോ ക്ഷമാപണം നടത്താനോ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഏകദേശം ഇരുപത് മിനിട്ടോളമാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. ടിടിഇ നിലപാടില്‍ നിന്ന് മാറില്ലെന്ന് വ്യക്തമായതോടെ പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ഇറങ്ങുകയായിരുന്നു. രൂക്ഷമായ ഭാഷയില്‍ പെണ്‍കുട്ടി യുവിനെ അസഭ്യം പറഞ്ഞതോടെയാണ് ശക്തമായ നിലപാട് സ്വീകരിച്ചതെന്ന് ടിടിഇ പിന്നീട് വ്യക്തമാക്കി. വെല്ലിങ്ടണില്‍ നിന്ന് അപ്പര്‍ഹട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ട്രെയിന്‍. 

click me!