12 മീറ്റർ നീളമുള്ള ചെറുവള്ളത്തിൽ കടലിൽ മീന്‍ പിടിക്കാനിറങ്ങിയതായിരുന്നു യുവാവ്. വള്ളം മറിഞ്ഞതോടെ സമീപത്തെ ദ്വീപിലേക്ക് നീന്തിക്കയറാനുള്ള ശ്രമവും പാളിയതോടെയാണ് യുവാവ് മറിഞ്ഞ ബോട്ടിൽ പിടിച്ച് കിടന്നത്.
ഓക്ലാന്‍റ്: ഒറ്റയ്ക്ക് മീന്‍ പിടിക്കാനിറങ്ങി കടലിൽ കുടുങ്ങിയ യുവാവിനെ തുണയായത് കയ്യിലെ വാച്ച്. ന്യൂസിലാന്‍ഡിന് സമീപത്ത് നിന്നാണ് മത്സ്യ ബന്ധന തൊഴിലാളികൾ അവശനിലയിൽ തലകീഴായി മറിഞ്ഞ ചെറുവള്ളത്തിൽ അള്ളിപ്പിടിച്ച് കിടക്കുന്ന യുവാവിനെ കണ്ടെത്തിയത്. സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. 12 മീറ്റർ നീളമുള്ള ചെറുവള്ളത്തിൽ കടലിൽ മീന്‍ പിടിക്കാനിറങ്ങിയതായിരുന്നു യുവാവ്. ചൊവ്വാഴ്ചയാണ് മീന്‍ പിടിക്കാന്‍ പുറപ്പെട്ടത്.
എന്നാൽ ഏറെ ദൂരം മുന്നോട്ട് പോയതിന് പിന്നാലെ യുവാവിന്റെ ചെറുവള്ളം തിരയിൽ പെട്ട് മറിഞ്ഞു. ഒരു വിധത്തിൽ ബോട്ടിന് മുകളിൽ പിടിച്ച് കടന്ന യുവാവ് 55 കിലോമീറ്റർ അകലെയുള്ള ആൽഡർമാന്‍ ദ്വീപിലേക്ക് നീന്തിക്കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തിരമാലകൾ ശക്തമായതാണ് ദ്വീപിലേക്ക് എത്താന്‍ യുവാവിന് വെല്ലുവിളിയായത്.
undefined
മറ്റ് മാർഗമില്ലാതെ വീണ്ടും ബോട്ടിൽ പിടിച്ച് കിടന്ന യുവാവ് കൊടും തണുപ്പും ചൂടും സഹിച്ച് 24 മണിക്കൂറ് നേരമാണ് കടലിൽ കഴിഞ്ഞത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മത്സ്യ ബന്ധന തൊഴിലാളികൾ യുവാവിന്റെ രക്ഷയ്ക്കെത്തിയത്. യുവാവിന്റെ വാച്ചിൽ പ്രകാശം തട്ടി പ്രതിഫലിച്ചതാണ് മത്സ്യബന്ധത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. യുവാവിനെ കൊറമാണ്ഡൽ ഉപദ്വീപിലേക്കെത്തിച്ച് ചികിത്സ ലഭ്യമാക്കി. ഇയാളുടയോ ഇയാൾ മീൻ പിടിക്കാന്‍ പുറപ്പെട്ട ചെറു ബോട്ടിന്റെ വിവരങ്ങളോ ഇനിയും പുറത്ത് വന്നിട്ടില്ല.
തക്ക സമയത്ത് യുവാവിനെ രക്ഷിച്ച മത്സ്യബന്ധന തൊഴിലാളികളെ അധികൃതർ അഭിനന്ദിച്ചും. ഇനിയും വൈകിയിരുന്നെങ്കിൽ യുവാവിന്റെ ജീവന്‍ അപകടത്തിലാവുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും അധികൃതർ വിശദമാക്കി. ക്ഷീണവും തണുത്ത് മരവിക്കുന്ന അവസ്ഥയിലാണ് യുവാവിനെ കടലിൽ മത്സ്യബന്ധന തൊഴിലാളികൾ കണ്ടെത്തിയത്. ഉടന്‍ തന്നെ തീരദേശ സേനയുമായി ബന്ധപ്പെട്ട് ചികിത്സാ സൌകര്യം ഒരുക്കിയാണ് യുവാവിനെ ഇവർ കരയിലെത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം