ഓണപ്പരിപാടിയില്‍ എത്തിയ അമ്മാമ്മ ടിക് ടോക് സ്കിറ്റ് ലൈവായി അഭിനയിച്ച് കാണിച്ച് കയ്യടി നേടി. ഇതോടെ സൂപ്പര്‍ സ്റ്റാറായ അമ്മാമ്മയ്ക്ക് ഉദ്ഘാടനത്തിനെത്തിയ മുഖ്യാതിഥിയായ ദത്തോ വേദിയിലെത്തി പാരിതോഷികവും നല്‍കി.
ക്വാലാലംപൂര്‍: നാട്ടിലായാലും വിദേശത്തായാലും അമ്മാമ്മയുടെ ചിരിക്കും സംസാരത്തിനുമെല്ലാം ആരാധകര്‍ ഏറെയാണ്. ചിരിച്ചും ചിരിപ്പിച്ചും ടിക് ടോകില്‍ താരമായ എറണാകുളം സ്വദേശികളായ അമ്മാമ്മയെയും കൊച്ചുമകനെയും ലൈക്കുകള്‍ക്ക് പുറമെ ഇപ്പോള്‍ മറ്റൊരു സന്തോഷം കൂടി തേടിയെത്തി. മലേഷ്യയിലേക്ക് ഒരു യാത്ര, അതും സൗജന്യമായി. എറണാകുളത്തെ ഒരു ട്രാവല്‍ കമ്പനിയാണ് അമ്മാമ്മയ്ക്കും കൊച്ചുമകനും സൗജന്യമായി പറക്കാനുള്ള അവസരം നല്‍കിയത്.
ടിക് ടോകില്‍ അഭിനയിച്ച് തകര്‍ത്തവരില്‍ സുപരിചിതരാണ് ഈ അമ്മാമ്മയും കൊച്ചുമകനും. മേരി ജോസഫ് എന്ന മുത്തശ്ശിയും ജിന്‍സണ്‍ എന്ന കൊച്ചുമകനുമാണ് ഒരു വീഡിയോ കൊണ്ട് വൈറലായ താരങ്ങള്‍. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജിന്‍സണ്‍ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ടിക് ടോകില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇവരെ ശ്രദ്ധേയരാക്കിയത്. പിന്നീട് അമ്മാമ്മ കൊച്ചുമകന്‍ കൂട്ടുകെട്ട് പല സമകാലിക വിഷയങ്ങളെയും വിമര്‍ശിച്ചും നര്‍മ്മം കലര്‍ത്തി അഭിനയിച്ചും ടിക് ടോക് പ്രേമികളുടെയും സാമൂഹിക മാധ്യമങ്ങളുടെയും ഹൃദയം കീഴടക്കി.
undefined
മലേഷ്യയിലെ ജോഹോര്‍ മലയാളി കൂട്ടായ്മയുടെ സംഘാടക സമിതിയുമായി മുന്‍ പരിചയമുള്ള ജിന്‍സണ്‍ വിദേശയാത്രയുടെ കാര്യമറിയിച്ചപ്പോള്‍ അവിടെ ഓണപ്പരിപാടിയിലേക്ക് ക്ഷണം ലഭിച്ചു. പാസ്പോര്‍ട്ടില്ലാതെ അമ്മാമ്മയെ മലേഷ്യയിലെത്തിക്കുന്നതില്‍ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ അമ്മാമ്മയുടെ ആരാധകരായ പാസ്പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഒരു ദിവസം കൊണ്ട് പാസ്പോര്‍ട്ടും ശരിയാക്കി കൊടുത്തു. ഇതോടെ പെട്ടിയും തയ്യാറാക്കി അമ്മാമ്മ മലേഷ്യയിലേക്ക് യാത്ര തിരിച്ചു.
ഓണപ്പരിപാടിയില്‍ എത്തിയ അമ്മാമ്മ ടിക് ടോക് സ്കിറ്റ് ലൈവായി അവതരിപ്പിച്ച് കയ്യടി നേടി. ഇതോടെ സൂപ്പര്‍ സ്റ്റാറായ അമ്മാമ്മയ്ക്ക് ഉദ്ഘാടനത്തിനെത്തിയ മുഖ്യാതിഥിയായ ദത്തോ വേദിയിലെത്തി പാരിതോഷികവും നല്‍കി. ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ തീന്‍മേശയില്‍ വെച്ച ഭീമന്‍ പൊരിച്ച മീനിനെ കൗതുകത്തോടെ നോക്കുന്ന അമ്മാമ്മയുടെ ചിത്രവും സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു.
ജോഹോറിലെ ഓണപ്പരിപാടിക്ക് ശേഷം തിരികെ ക്വാലാലംപൂരിലെത്തിയ ഇവര്‍ക്ക് അവിടെയുള്ള മലയാളികള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. പ്രവാസി വരുന്നുകളില്‍ പങ്കെടുത്ത ഇവര്‍ക്ക് ഒരുപാട് സമ്മാനങ്ങളും ലഭിച്ചു. 16 ലക്ഷം ആളുകളാണ് അമ്മാമ്മയുടെ ആദ്യ വിമാനയാത്ര യൂട്യൂബിലൂടെ കണ്ടത്. ആദ്യ വിമാനയാത്ര ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കിയില്ലെന്നാണ് അമ്മാമ്മ പറയുന്നത്.
പ്രായമൊക്കെ വെറും അക്കമാണെന്ന് തെളിയിച്ചിരിക്കുകയാണ് 86 -കാരിയായ ഈ അമ്മാമ്മ. നാലുദിവസത്തെ മലേഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെയെത്തിയ അമ്മാമ്മയ്ക്കും കൊച്ചുമകനും വിമാനത്താവളത്തിലും സ്വീകരണം ലഭിച്ചു. ഒപ്പം സെല്‍ഫിയെടുക്കാന്‍ നിരവധി ആളുകള്‍ എത്തിയതിലുള്ള സന്തോഷവും അമ്മാമ്മ പങ്കുവെച്ചു. പിന്നീട് വീട്ടിലെത്തി കിട്ടിയ സമ്മാനങ്ങള്‍ കൊച്ചുമക്കള്‍ക്ക് വീതിച്ച് നല്‍കിയ അമ്മാമ്മയുടെ വീഡിയോ കൂടി കണ്ടതോടെ ആരാധകര്‍ക്കും ഇരട്ടി സന്തോഷം.