ഇതുപോലെ രണ്ടുപേര്‍ മതി കെഎസ്ആര്‍ടിസി എന്ന വന്മരം പിടിച്ചു നിർത്താൻ; വൈറലായി കുറിപ്പ്

By Web Team  |  First Published Oct 4, 2022, 4:14 PM IST

കണ്ണൂരിൽ നിന്നു കാഞ്ഞങ്ങാടെക്ക് പോകുന്ന KL15.1386 ഫാസ്റ്റ് പാസഞ്ചർ കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായ അനുഭവമാണ് യാത്രക്കാരന്‍ വിവരിക്കുന്നത്. 


പയ്യന്നൂര്‍: കെഎസ്ആര്‍ടിസി നിരന്തരം വാര്‍ത്തകളില്‍ നിറയുകയാണ്. അതില്‍ പ്രധാന വാര്‍ത്തയാകുന്നത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച വാര്‍ത്തകളാണ്. കാട്ടാക്കടയിൽ ബസ് കണ്‍സഷന്‍ ചോദിച്ചെത്തിയ അച്ഛനെയും മകളെയും ആക്രമിച്ച കേസും, തിരുവനന്തപുരം ചിറയിൻകീഴിൽ ബസ്സിൽ കയറ്റിയ യാത്രക്കാരെ വനിതാ കണ്ടക്ടർ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടതും അടക്കം വാര്‍ത്തകളില്‍ നിറഞ്ഞത് അടുത്ത കാലത്താണ്.

എന്നാല്‍ എല്ലായിടത്തും ഇത് തന്നെയല്ല അനുഭവം എന്നാണ് വൈറലാകുന്ന ഒരു ഫേസ്ബുക്ക് കുറിപ്പ് പറയുന്നത്. മിഥിലാജ് എഴുതിയ കുറിപ്പ് പയ്യന്നൂരിലെ കെഎസ്ആര്‍ടിസി യൂണിയന്‍ പേജില്‍ പങ്കുവച്ചതാണ് വൈറലാകുന്നത്.  കണ്ണൂരിൽ നിന്നു കാഞ്ഞങ്ങാടെക്ക് പോകുന്ന KL15.1386 ഫാസ്റ്റ് പാസഞ്ചർ കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായ അനുഭവമാണ് യാത്രക്കാരന്‍ വിവരിക്കുന്നത്. 

Latest Videos

undefined

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്

ചെറു പുഞ്ചിരിയോടെ സർ എന്നു വിളിച്ചാണ് അദ്ദേഹം കണ്ണൂരിൽ നിന്നു കാഞ്ഞങ്ങാടെക്ക് പോകുന്ന KL15.1386 ഫാസ്റ്റ് പാസഞ്ചർ കെഎസ്ആര്‍ടിസി ബസ്സിൽ നിന്ന് എനിക്ക് ചെറുവത്തൂരിലേക്ക് 68 രൂപയുടെ ടിക്കറ്റ് മുറിച്ചു തന്നത്. ബസ്സിൽ കയറുന്നതിനു മുന്നേ തന്നെ കണ്ണൂർ ബസ് സ്റ്റാന്റിൽ നിന്ന് കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് എന്നു വിളിച്ചു അദ്ദേഹം ബസിൽ ആളെ കയറ്റുന്നുമുണ്ടായിരുന്നു. കെഎസ്ആര്‍ടിസി കണ്ടക്റ്റര്‍മാരില്‍ ഒറ്റപ്പെട്ട സംഭവമാണ് അത്..

കഥ ഇനിയാണ് ആരംഭിക്കുന്നത്.

ബസ് തളിപ്പറമ്പ കഴിഞ്ഞു കുറച്ചു ദൂരം കൂടി മുന്നിട്ടപ്പോൾ ആരോ മുന്നിലെ ഡോർ സീറ്റിന്‍റെ ബാക്ക് സീറ്റിന്‍റെ അടുത്തു നിന്നു തല താഴോട്ട് പിടിച്ചു കൈ ചുരുട്ടി പിടിച്ചു ശക്തിയായി ബസിന്‍റെ വിന്‍ഡോ മുകളിലായി ശക്തിയിൽ അടിക്കുന്നത് കണ്ടു. ഏകദേശം അമ്പതിനു മുകളിൽ പ്രായം വരുന്ന(പടന്നകടപ്പുറം സ്വദേശി) ഒരു മനുഷ്യൻ. യാത്രക്കാർ ചുറ്റും കൂടി. അയാളുടെ വായിൽ നിന്ന് നുരയും രക്തവും വരുന്നുണ്ടായിരുന്നു.

യാത്രക്കാർ പരിഭ്രാന്തരായി. പക്ഷെ സിനിമകളിൽ മാത്രം അല്ലെങ്കിൽ കേട്ടു മാത്രം പരിചയമുള്ള ആ സീൻ ഇനിയാണ് ആരംഭിക്കുന്നത്. ആ കണ്ടക്റ്റർ ചേട്ടൻ ഡ്രൈവറുടെ അടുത്തേക്ക് ഓടി പോയി വിവരം പറഞ്ഞു. പിന്നീട് കണ്ടതു ആനവണ്ടി എന്നു പറഞ്ഞു പുച്ഛിച്ച പലർക്കുമുള്ള ചെവിട് നോക്കിയുള്ള അടി ആയിരുന്നു. ഓരോ ഗിയറും മാറി മാറി ആക്സിലേറ്ററിൽ നിന്നു കാൽ മാറ്റാതെ വെറും 7 മിനുട്ട് കൊണ്ടു പരിയാരം മെഡിക്കൽ കോളേജിന്റെ കവാടത്തിലേക്ക്.

റോഡിലെ വേഗതയിൽ പല വണ്ടിക്കാരും ആ ഡ്രൈവറെ തെറി വിളിച്ചിട്ട് പോലും ലക്ഷ്യ ബോധവും ജോലിയോടുള്ള ഉത്തരവാദിത്വവും കൊണ്ടു അയാൾ അത് കാര്യമാക്കിയില്ല. അവിടെ വന്ന രോഗികളും നാട്ടുകാരും നോക്കി നിൽക്കെ തന്റെ ഡ്രൈവിങ് മികവ് കൊണ്ടു ഒരു കയറ്റമുണ്ട് മെയിൻ എൻട്രന്‍സിലേക്ക്.

എല്ല യാത്രക്കാരുടെയും ഭീതി നിറഞ്ഞ ആ 7മിനുട്ട്. അപസ്മാര ചുഴലിയിൽ പിടയുന്ന ആ ജീവനും കൂടെയുള്ള യാത്രക്കാരെയും സുരക്ഷിതമായി തീരത്തെത്തിച്ചിട്ടു ക്ളൈമാക്സിൽ ആ രണ്ടു പേരുടെയും മുഖത്തു വിടർന്ന ഒരു ചിരിയുണ്ട്... യ മോനെ.

അങ്ങനെ അദ്ദേഹത്തെ ഹോസ്പിറ്റലിൽ ആക്കി തിരിച്ചു ആ ബസിൽ കയറി ഇരുന്ന ഓരോ യാത്രക്കാരനും ഉള്ളിന്റെയുള്ളിൽ ആനവണ്ടി ജീവനക്കാരോടുള്ള ഒരു ശതമാനം പരിഹാസമെങ്കിലും സ്നേഹം കൊണ്ടും പരിചരണം കൊണ്ടും ആ രണ്ടു പേർ മാറ്റി എഴുതിയിട്ടുണ്ടാകും. തിരിച്ചു ചെറുവത്തൂരിൽ എത്തുന്നതിനു മുന്നേ മൊബൈലിൽ എഫ്ബി വീഡിയോസ് നോക്കുമ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആ മോശപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരുടെ വിഡിയോ കണ്ടു ഞാൻ ഒന്ന് ചിരിച്ചു പോയി.

അവസാനം ഇറങ്ങുന്നതിനു മുന്നേ ഞാൻ കണ്ടക്റ്ററുടെ പേര് ചോദിച്ചു നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു എന്റെ പേര്‍ ശിനോദ്‌ കാങ്കോൽ. ഡ്രൈവർ സക്കീർ തളിപ്പറമ്പ്. 1000 കോടി കളക്ഷൻ കിട്ടിയില്ലെങ്കിലും മനുഷ്യരെ അറിയുന്ന ജോലിയുടെ മഹത്വം അറിയുന്ന ഒരു രണ്ടു പേര് മതി. ഇന്നും ആ കെഎസ്ആര്‍ടിസി എന്ന വന്മരം പിടിച്ചു നിർത്താൻ.

800 രൂപയും ചെലവും തരൂ, കെഎസ്ആർടിസി ഞങ്ങളോടിക്കാം, കളക്ഷൻ ഉണ്ടാക്കുന്നത് കാണിക്കാം; വൈറൽ കുറിപ്പ്

കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം ലഭിച്ചു

click me!