വീട്ടമ്മ നായയോട് പുറത്ത് വരാൻ പറയുന്നുണ്ടെങ്കിലും കൂട്ടാക്കാതെ ഫ്രിഡ്ജിൽ തന്നെ ഇരിക്കുന്നതും വീഡിയോയിൽ കാണാം.
വേനൽ ചൂട് കടുത്തതോടെ മനുഷ്യർ മാത്രമല്ല, പക്ഷി മൃഗാദികളും ചൂട് സഹിക്കവയ്യാതെ പൊറുതിമുട്ടിയിരിക്കുകയാണ്. വളർത്ത് മൃഗങ്ങളും ചൂടിൽ ഇത്തിരി തണുപ്പ് കിട്ടുന്നിടം തേടി ഓടുകയാണ്. മരച്ചോട്ടിലും വാഹനങ്ങള്‍ക്ക് ചുവട്ടിലും കട്ടിലിനടിയിലും ഒക്കെ തണുപ്പ് തേടി ഓടുന്ന നായ്ക്കളും പൂച്ചകളുമൊക്കെ പലരുടെയും വീടുകളിലുണ്ടാവും. എന്നാൽ ചൂട് സഹിക്ക വയ്യാതെ വീട്ടിലെ ഫ്രിഡ്ജ് തുറന്ന് അതിനുള്ളിൽ കയറി ഇരുന്നാലോ. ഒരു നായകുട്ടിയാണ് ഫ്രിഡ്ജിൽ കയറി ഇരുന്ന് ചൂടിൽ നിന്ന് രക്ഷ നേടിയ വിരുതൻ. ഫ്രിഡിജിൽ കയറിയിരുന്ന ഹസ്കി ഇനത്തിൽപ്പെട്ട നായയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറായിരിക്കുകയാണ്.
ഫ്രിഡ്ജിലെ ഒരു റാക്കിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്ന നായയെയാണ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ കാണാനാകുന്നത്. വീട്ടമ്മ നായയോട് പുറത്ത് വരാൻ പറയുന്നുണ്ടെങ്കിലും കൂട്ടാക്കാതെ ഫ്രിഡ്ജിൽ തന്നെ ഇരിക്കുന്നതും വീഡിയോയിൽ കാണാം. സ്നേഹത്തോടെ പലതവണ പുറത്തേക്ക് വരാൻ പറയുന്നതും നായയെ വീട്ടമ്മ പിടിച്ച് പുറത്തേക്ക് എടുക്കാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ ഹസ്കി ഇതൊന്നും ഗൌനിച്ചില്ല. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നായ ഫ്രിഡ്ജിൽ നിന്നും പുറത്ത് വരുന്നത്.
ഫ്രിഡ്ജിൽ നിന്നുമിറങ്ങിയ നായക്ക് പിന്നീട് ഐസ്ക്രീം നൽകുന്നതും വീഡിയോയിൽ കാണാം. 1.6 മില്യൺ വ്യൂസ് ആണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ഇതൊരു തമാശ വിഡിയോ അല്ലെന്നും ഇപ്പോഴത്തെ ചൂടിൽ ഹസ്കികൾക്ക് നാട്ടിൽ ജീവിക്കാൻ കഴിയില്ലെന്നുമാണ് വീഡിയോക്ക് താഴെ ചിലരുടെ കമന്‍റുകൾ. പൊതുവെ തണുപ്പ് രാജ്യങ്ങളിൽ കാണപ്പെടുന്ന ഹസ്കി ഇനത്തിൽപ്പെട്ട നായക്ക് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കാലാവസ്ഥ അനുയോജ്യമല്ല. എങ്കിലും ഇന്ന് ഇന്ത്യയിൽ ഹസ്കിയെ വളർത്തുന്നവർ നിരവധിയാണ്.