നിർത്തിയിട്ട ഇന്നോവയിൽ ഉഗ്രവിഷമുള്ള മൂർഖൻ, ഫിനോയിൽ പ്രയോഗം പണിയായി; ഒടുവിൽ കൃത്രിമ ശ്വാസം നൽകി രക്ഷപ്പെടുത്തി

By Web Team  |  First Published Nov 16, 2023, 12:27 AM IST

നിര്‍ത്തിയിട്ട ഇന്നോവ കാറിനുള്ളിലാണ് ഒരു മൂർഖൻ പാമ്പ് കയറിക്കൂടിയത്. കാറിനുള്ളിൽ പാമ്പിനെ കണ്ടതോടെ വാഹനത്തിന്‍റെ ഉടമ പരിഭ്രാന്തനായി. ഇയാള്‍ വിവരമറിയിച്ചതോടെ പ്രദേശവാസികള്‍ സ്ഥലത്ത് തടിച്ചുകൂടി.


റായ്‌ചൂര്‍: ഹൃദയാഘാതം സംഭവിക്കുന്നവരെയും അബോധാവസ്ഥയിലാകുന്ന മനുഷ്യരെയെല്ലാം സിപിആറും കൃത്രിമ ശ്വാസവുമൊക്കെ കൊടുത്ത് രക്ഷിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കൃത്രിമ ശ്വാസം കൊടുത്ത് രക്ഷപ്പെടുത്തിയാലോ ? അമ്പരക്കേണ്ട, സംഭവം കർണ്ണാടകയിലാണ്. നാട്ടുകാരുടെ ഫിനോയിൽ പ്രയോഗത്തിൽ ബോധം പോയ മൂർഖനെയാണ് ഡോക്ടർ കൃത്രിമ ശ്വാസം കൊടുത്ത് ജീവൻ തിരിച്ച് പിടിച്ചത്.

കര്‍ണാടകയിലെ റായ്‌ചൂര്‍ ജില്ലയിലെ ലിംഗസുഗൂർ താലൂക്കിലെ ഹട്ടി ചിന്നഗനിയുടെ പ്രാന്തപ്രദേശത്തായുള്ള പമനകല്ലൂരിന് സമീപമാണ് സംഭവം. പമനകല്ലൂര്‍ ക്രോസിന് സമീപം നിര്‍ത്തിയിട്ട ഇന്നോവ കാറിനുള്ളിലാണ് ഒരു മൂർഖൻ പാമ്പ് കയറിക്കൂടിയത്. കാറിനുള്ളിൽ പാമ്പിനെ കണ്ടതോടെ വാഹനത്തിന്‍റെ ഉടമ പരിഭ്രാന്തനായി. ഇയാള്‍ വിവരമറിയിച്ചതോടെ പ്രദേശവാസികള്‍ സ്ഥലത്ത് തടിച്ചുകൂടി. നാട്ടുകാർ പാമ്പിനെ കാറിനുള്ളിൽ നിന്നും പുറത്തെത്തിക്കാന്‍  പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും ഒരു ഫലവുമുണ്ടായില്ല.

Latest Videos

undefined

ഒടുവില്‍ പാമ്പിനെ പുറത്തെത്തിക്കാന്‍ കാറിനകത്ത് നാട്ടുകാരിലൊരാള്‍ ഫിനോയില്‍ തളിച്ചു. ഫിനോയിൽ തലിച്ചതോടെ പാമ്പ് അബോധാവസ്ഥയിലായി. ഇതിനിടെ വിവരമറിഞ്ഞ്  സ്ഥലത്തെത്തിയ ഹാട്ടി ഗോൾഡ് മൈനിങ് കമ്പനി ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. രബീന്ദ്രനാഥ്  പാമ്പിനെ കാറിന് പുറത്തേക്കെടുത്തു. എന്നാല്‍ ഈ സമയം പാമ്പിന് ചലനമുണ്ടായിരുന്നില്ല. പാമ്പ് ചത്തെന്നാണ് എല്ലാവരും കരുതിയത്. ചെറിയ അനക്കം കണ്ട് ഡോക്ടർ  ഒരു പൈപ്പ് സംഘടിപ്പിട്ട് പാമ്പിന്‍റെ വായയില്‍ തിരുകി കൃത്രിമ ശ്വാസം നല്‍കിയെങ്കിലും ഇതും ഫലം കണ്ടില്ല.

തുടര്‍ന്ന് പാമ്പിനെ ഉടന്‍ തന്നെ ഓക്സിജൻ സൌകര്യമുള്ള അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ശേഷം മറ്റ് ഡോക്‌ടർമാരുടെ സഹായത്തോടെ കൃത്രിമ ഓക്സിജൻ നൽകി മൂർഖൻ പാമ്പിന്‍റെ ജീവന്‍ രക്ഷിക്കുകയായിരുന്നു. ചലനശേഷി തിരിച്ചുകിട്ടിയ പാമ്പിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജലദുർഗ വനത്തിലേക്ക് തുറന്നുവിട്ടു. എന്തായാലും ഉഗ്രവിഷമുള്ള പാമ്പിന്‍റെ ജീവൻ രക്ഷിച്ച ഡോക്ടർക്ക് കൈയ്യടിക്കുകയാണ് നാട്ടുകാർ.

Read More : ഭാര്യ വീട്ടിലില്ലാത്ത നേരത്ത് 4 മക്കൾക്ക് അച്ഛൻ വിഷം കൊടുത്തു, 3 പേർക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ

click me!