യാദൃച്ഛികമായി മാർച്ച് 30ന് നർസമാപേട്ട് സർക്കാർ ആശുപത്രിയിൽ ഇരുവരും ആൺകുട്ടികൾക്ക് ജന്മം നൽകി. നർസാംപേട്ട് നിയമസഭാംഗം പെഡ്ഡി സുദർശൻ റെഡ്ഡി ആശുപത്രിയിലെത്തി 'കെസിആർ കിറ്റ്' സമ്മാനിച്ചു.
ഹൈദരാബാദ്: ജനിച്ചത് ഒരേദിവസം, വിവാഹം കഴിഞ്ഞതും ഒരേ ദിവസം, ഒടുവിൽ ഒരേ ആശുപത്രിയിൽ ഒരേ ദിവസം ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഇരട്ടകൾ. തെലങ്കാനയിലെ വാറങ്കലിൽ നിന്നുള്ള ഇരട്ടകളാണ് വാർത്തകളിൽ ഇടം നേടിയത്. ഇവർക്ക് മുഖ്യമന്ത്രി കെസിആർ സമ്മാനവും അയച്ചു. രമയും ലളിതയുമാണ് ഒരേദിവസം പ്രസവിച്ചത്. ദുഗ്ഗോണ്ടി തിമ്മാംപേട്ട ഗ്രാമത്തിലെ ബോന്തു സരയ്യയുടെയും കൊമാരമ്മയുടെയും മക്കളാണ് ലളിതയും രമയും. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം. കോലൻപള്ളി ഗ്രാമത്തിലെ നാഗരാജുവുമായാണ് ലളിതയുടെ വിവാഹം കഴിഞ്ഞത്.
തിമ്മംപേട്ടയിലെ ഗോലൻ കുമാറുമായി രമയുടെ വിവാഹം. യാദൃച്ഛികമായി മാർച്ച് 30ന് നർസമാപേട്ട് സർക്കാർ ആശുപത്രിയിൽ ഇരുവരും ആൺകുട്ടികൾക്ക് ജന്മം നൽകി. നർസാംപേട്ട് നിയമസഭാംഗം പെഡ്ഡി സുദർശൻ റെഡ്ഡി ആശുപത്രിയിലെത്തി 'കെസിആർ കിറ്റ്' സമ്മാനിച്ചു. പ്രസവവേദന അനുഭവപ്പെട്ട രണ്ട് സ്ത്രീകളെ അഞ്ച് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതികളെ പരിശോധിച്ച ശേഷം സാധാരണ പ്രസവത്തിനായി കാത്തിരിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രണ്ടുപേർക്കും ഡോക്ടർമാർ സിസേറിയൻ നിർദേശിക്കുകയായിരുന്നു. മാർച്ച് 30നായിരുന്നു ഇരുവരുടെയും പ്രസവം.