സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ എന്റെ പേര് പോലും പറയാതെ 'സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍' എന്ന ലേബലില്‍ എന്റെ പേര് ചര്‍ച്ചക്കെടുത്തു.
കൊച്ചി: എറണാകുളത്തെ ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തന്റെ പേര് പറയാതെ 'സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍' എന്ന് മാത്രം മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ഏറെ വേദനിപ്പിച്ചുവെന്ന് റോണ്‍ ബാസ്റ്റിയന്‍. ഞാന്‍ പ്രസിദ്ധനായ ഒരു വ്യക്തിയല്ല, പക്ഷേ കള്ളനോ കൊലപാതകിയോ ആണെങ്കില്‍ പോലും ഒരാള്‍ക്കൊരു പേരുണ്ടാവുമെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.
സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ എന്റെ പേര് പോലും പറയാതെ 'സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍' എന്ന ലേബലില്‍ എന്റെ പേര് ചര്‍ച്ചക്കെടുത്തു. ഞാന്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമം പോലും എന്‍റെ പേര് പറയാന്‍ തയ്യാറായില്ല.
വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ശ്രീ സെബാസ്റ്റ്യന്‍ പോള്‍ എടുക്കുന്ന പല നിലപാടുകളോടും വിയോജിപ്പുള്ള ആളാണ് ഞാന്‍. ഒരു ഘട്ടത്തില്‍ ഞാന്‍ അത് പരസ്യമാക്കിയിട്ടുമുണ്ടെന്ന് റോണിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
undefined
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
മാധ്യമസുഹൃത്തുക്കളോട് ഒരഭ്യർത്ഥന
എൻറെ ഈ പോസ്റ്റ് കൊണ്ട് പ്രസ്ഥാനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരുന്നത്. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻറെ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് പാർട്ടിയും മുന്നണിയും ചേർന്നാണ്. അതിൽ മറ്റാർക്കും ഇടപെടാൻ കഴിയില്ല. തിരിച്ചറിവായ കാലം മുതൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ടും സഹകരിച്ചും നിൽക്കുന്ന ഒരാളായതുകൊണ്ട് അക്കാര്യത്തിൽ പ്രസ്ഥാനം എടുക്കുന്ന ഏതു തീരുമാനവും എനിക്ക് സ്വീകാര്യമാണ്. പക്ഷേ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ എൻറെ പേര് പോലും പറയാതെ 'സെബാസ്റ്റ്യൻ പോളിൻറെ മകൻ' എന്ന ലേബലിൽ എൻറെ പേര് ചർച്ചക്കെടുത്തു. ഞാൻ സ്ഥിരമായി ലേഖനങ്ങൾ എഴുതുന്ന ഒരു ഓൺലൈൻ മാധ്യമം പോലും എൻറെ പേര് പറയാൻ തയ്യാറായില്ല. ഞാൻ പ്രസിദ്ധനായ ഒരു വ്യക്തിയല്ല. പക്ഷേ കള്ളനോ കൊലപാതകിയോ ആണെങ്കിൽ പോലും ഒരാൾക്കൊരു പേരുണ്ടാവും. ഒരു തൊഴിലുണ്ടാകും. എന്ന് മാത്രമല്ല, വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ശ്രീ സെബാസ്റ്റ്യൻ പോൾ എടുക്കുന്ന പല നിലപാടുകളോടും വിയോജിപ്പുള്ള ആളാണ് ഞാൻ. ഒരു ഘട്ടത്തിൽ ഞാൻ അത് പരസ്യമാക്കിയിട്ടുമുണ്ട്. ഞാൻ ഇടതുപക്ഷത്തിൻറെ ഭാഗമായത് കുടുംബപശ്ചാത്തലം കൊണ്ടല്ല. മഹാരാജാസ് കോളേജിൽ പ്രീ ഡിഗ്രി വിദ്യാർത്ഥി ആയി ചേരുമ്പോൾ എനിക്ക് രാഷ്ട്രീയത്തെക്കുറിച്ചു വ്യക്തമായൊരു കാഴ്ച്ചപ്പാട് ഉണ്ടായിരുന്നില്ല. പിന്നീട് പ്രസ്ഥാനത്തിൻറെ ഭാഗമായി മാറുകയും അവിടെ പഠിച്ച അഞ്ചുവർഷവും യൂണിയൻ അംഗമായി തെരഞ്ഞെടുക്കപ്പെടുകയും അവസാനവർഷം യൂണിയൻ ചെയർമാനും എം.ജി യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാനായും പ്രവർത്തിക്കാൻ അവസരം കിട്ടി. എറണാകുളം സർക്കാർ ലോ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐ ഏരിയ പ്രസിഡണ്ട്, സെക്രട്ടറി, ജില്ലാജോയിൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ശേഷം സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്ത അഞ്ചുവർഷക്കാലം ദില്ലിയിലെ പുരോഗമന സാംസ്കാരിക സംഘടനയായ ജനസംസ്കൃതിയുടെ കൊണാട്ട് പ്ലെസ് ബ്രാഞ്ച് സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവും ആയിരുന്നു. 2012-ൽ നാട്ടിൽ തിരിച്ചെത്തിയ ശേഷം ഡിവൈഎഫ് ഐ കലൂർ മേഖലാ ജോയിൻറ് സെക്രട്ടറിയും എറണാകുളം ബ്ലോക്ക് കമ്മറ്റി അംഗവുമായി പ്രവർത്തിച്ചു. സർക്കാർ അഭിഭാഷകനായതിനു ശേഷം സ്വാഭാവികമായും പ്രത്യക്ഷരാഷ്‌ട്രീയപ്രവർത്തനത്തിന്റെ ഭാഗമല്ലെങ്കിലും 2016 മുതൽ 2019 വരെ ഡിവൈഎഫ് ഐ ജില്ലാകമ്മിറ്റി ഓഫിസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭഗത് സിങ് സ്റ്റഡി സെൻറർ പ്രസിഡണ്ട് ആയി പ്രവർത്തിച്ചു. ഡിവൈഎഫ്ഐ മുഖമാസികയായ യുവധാരയിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്. അഭിമുഖങ്ങൾ ചെയ്യാറുണ്ട്. ഇത്രയും പറഞ്ഞത് എൻറെ നേട്ടങ്ങൾ കൊട്ടിഘോഷിക്കാനല്ല. ശ്രീ സെബാസ്റ്റ്യൻ പോളിൻറെ മകൻ എന്ന മേൽവിലാസം ഉപയോഗിച്ച് ഒരു സ്ഥാനവും ഞാൻ നേടിയിട്ടില്ല എന്ന് വ്യക്തമാക്കാനാണ്. മുകളിൽ പറഞ്ഞതെല്ലാം എൻറെ പ്രസ്ഥാനം എന്നെ വിശ്വസിച്ചു ഏൽപിച്ച ഉത്തരവാദിത്തങ്ങൾ മാത്രം ആണ്. എല്ലാക്കാലത്തും എൻറെ വ്യക്തിപരമായ പ്രശ്നങ്ങളിൽ പോലും എന്നോടൊപ്പം നിന്നിട്ടുള്ളത് പ്രസ്ഥാനം തന്നെയാണ്.